ഫോര്‍മുല വണ്ണില്‍ ഹാഫ്‌ടൈം; അടുത്ത ഹാഫിൽ വെറ്റലോ ഹാമിൽട്ടണോ?


By സി.സജിത്‌

4 min read
Read later
Print
Share

202 പോയന്റോടെയാണ് വെറ്റല്‍ ലീഡ് ചെയ്യുന്നത്

ഫോര്‍മുല വണ്‍ മത്‌സരങ്ങള്‍ പകുതിദൂരം പിന്നിട്ടപ്പോള്‍ പ്രതിയോഗികള്‍ തമ്മിലുള്ള അങ്കം മുറുകകയാണ്. സംഭവബഹുലമായിരുന്നു ഈ സീസണിലെ മത്‌സരങ്ങള്‍. ട്രാക്കിലും പുറത്തും ഒരുപോലെ സംഘര്‍ഷഭരിതമായിരുന്നു. കഴിഞ്ഞ സീസണിലെ പോലെ ഒരു ഏകപക്ഷീയ ജയത്തിന് ആര്‍ക്കു കഴിയില്ലെന്ന് പതിനൊന്ന് റേസുകൾ പൂര്‍ത്തിയായപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

പ്രധാന താരങ്ങളായ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനും തമ്മിലുള്ള പോയന്റ് വിത്യാസം പതിനാല് പോയന്റുകളാണ്. 202 പോയന്റോടെയാണ് വെറ്റല്‍ ലീഡ് ചെയ്യുന്നത്. ലൂയിസ് ഹാമില്‍ട്ടന് 188 പോയന്റും മെഴ്‌സിഡസ് താരം വള്‍ട്ടേരി ബോത്ത169 പോയന്റുമായി മൂന്നാം സ്ഥാനത്തുമാണ്. കണ്‍സ്ട്രക്‌ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഴ്‌സിഡസ് തങ്ങളുടെ അപ്രമാദിത്വം തുടരുകയാണ്. 357 പോയന്റാണ് അവര്‍ക്കുള്ളത്. ഫെരാരിയാകട്ടെ 318 പോയന്റുമായി രണ്ടും റെഡ്ബുള്‍ റേസിങ്ങ് 184 പോതന്റുമായി മൂന്നാം സ്ഥാനത്തുമാണ്.

എട്ടാം മത്‌സരം നടന്ന ബക്കുവില്‍ നടന്ന അസര്‍ബൈജാന്‍ ഗ്രാന്‍പ്രിയിലായിരുന്നു ഈ വര്‍ഷത്തെ സംഭവബഹുലമായ മത്‌സരം നടന്നത്. സീസണിലെ താരങ്ങളായ വെറ്റലും ഹാമില്‍ട്ടനും ട്രാക്കിലും പുറത്തും കൊമ്പുകോര്‍ത്തു. ട്രാക്കില്‍ വാഹനം കൊണ്ടും പുറത്ത് നാവുകൊണ്ടുമായിരുന്നു ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഫോര്‍മുല വണ്‍ മത്‌സരങ്ങളുടെ കറുത്തദിവസങ്ങളിലൊന്നായിരുന്നു അത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനപ്പുറം വൈരികളെപ്പോലെ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. പോള്‍പൊസിഷനില്‍ നിന്ന് ഹാമില്‍ട്ടനായിരുന്നു തുടങ്ങിയത്.

ബോത്താസ്, റെയ്‌ക്കോനന്‍, വെറ്റല്‍ എന്നിങ്ങനെയായിരുന്നു ട്രാക്ക് ലിസ്റ്റ്. ആദ്യ ലാപ്പിലെ മൂന്നാം വളവില്‍ ബോത്താസും റെയ്‌കോനനും തമ്മിലിടിച്ചു. ബോത്തയുടെ ടയര്‍ പഞ്ചറായി. ഈ സാഹചര്യം മുതലെടുത്ത് ലൂയിസ് ഹാമില്‍ട്ടന്റെ തൊട്ടപിന്നില്‍ രണ്ടാമതായി വെറ്റല്‍ എത്തി. പതിമൂന്നാം ലാപ്പിലുണ്ടായ അപകടത്ത തുടര്‍ന്ന് ട്രാക്കിലുണ്ടായ അവശിഷ്ടങ്ങള്‍ നീക്കാന്‍ സേഫ്റ്റികാര്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായത്. സേഫ്റ്റികാര്‍ പതുക്കെയാണ് നീങ്ങുന്നതെന്ന് ഹാമില്‍ട്ടണ്‍ പരാതി പറയുന്നുണ്ടായിരുന്നു. അതിനിടെ രണ്ടുതവണ വെറ്റല്‍ ഹാമില്‍ട്ടന്റെ കാറിന് പിന്നിലിടിച്ചു. ഇതിനെ വളരെ ക്രുദ്ധമായാണ് ഹാമില്‍ട്ടന്‍ റേഡിയോയിലൂടെ പ്രതികരിച്ചത്. തന്നെ പരീക്ഷിക്കുകയാണെന്നായിരുന്നു വെറ്റല്‍ വിചാരിച്ചത്. ഇതില്‍ കുപിതനായ വെറ്റല്‍ ഹാമില്‍ട്ടന്റെ കാറിന്റെ വശങ്ങളിലുരസിയാണ് മറികടന്നത്. ഇതിനെ തുടര്‍ന്ന് അപകടക്‌രമായ ഡ്രൈവിങ്ങിന് പത്ത് സെക്കന്റ് പെനാൽറ്റിയാണ് വെറ്റല്‍ നല്‍കേണ്ടി വന്നത്.

ആദ്യത്തെ ഇടിയില്‍ വെറ്റലിന്റെ ഫ്രണ്ട് വിങ്ങും ഹാമില്‍ട്ടന്റെ ഡിഫ്യൂസറിനും കേടുപറ്റിയിരുന്നു. തുടര്‍ന്നും ഈ ട്രാക്കില്‍ അപകടങ്ങള്‍ ആവര്‍ത്തിച്ചു. ഈ കൂട്ടപ്പൊരിച്ചിലില്‍ പ്രധാനികള്‍ രണ്ടുപേരും താഴേക്കു പോയി. പത്താം ട്രാക്കില്‍ നിന്നും മത്‌സരമാരംഭിച്ച റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ഡോയായിരുന്നു റേസില്‍ ഒന്നാമതെത്തിയത്. വള്‍ട്ടേരി ബോത്ത രണ്ടാമതും വില്ല്യംസിന്റെ ലാന്‍സ് സ്‌ട്രോള്‍ മൂന്നാമതുമായപ്പോള്‍ വെറ്റലും ഹാമില്‍ട്ടനും നാലാമതും അഞ്ചാമതുമായി ഫിനിഷ് ചെയ്തു.

മത്‌സരശേഷം ഹാമില്‍ട്ടനും വെറ്റലും തമ്മില്‍ വാക്‌പോരായിരുന്നു. മത്‌സരത്തിന്റെ അന്തസു കെടുത്തുന്ന പ്രവര്‍ത്തിയാണ് വെറ്റലിന്റേതെന്ന് ഹാമില്‍ട്ടന്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ വരെ കാണുന്ന മത്‌സരമാണിത് അവര്‍ക്ക് നല്ല സന്ദേശം നല്‍കാനും സ്‌പോര്‍ട്മാന്‍ സ്പിരിറ്റ് നഷ്ടപ്പെടാനും ഇത്തരം പ്രവര്‍ത്തികള്‍ക്ക് കഴിയൂവെന്ന് ഹാമില്‍ട്ടന്‍ പറഞ്ഞു. എന്നാല്‍ ഫോര്‍മുല വണ്‍ കുട്ടികളുടെ കളിയല്ലെന്നും മുതിര്‍ന്നവര്‍ക്കുള്ളതാണെന്നുമായിരുന്നു വെറ്റലിന്റെ മറുപടി.

തുടര്‍ന്നു നടന്ന ഓസ്ട്രിയൻ ഗ്രാന്‍പ്രിയില്‍ എതിരാളികളില്ലാതെ വള്‍ട്ടേരി ബോത്താസ് തന്റെ രണ്ടാം കിരീടം സ്വന്തമാക്കി. പോള്‍ പൊസിഷനില്‍ നിന്ന് തുടങ്ങിയ ബോത്താസ് മത്‌സരത്തിലുടനീളം ലീഡ് നിലനിറുത്തി. വെറ്റലായിരുന്നു രണ്ടാം സ്ഥാനത്ത്. ഡാനിയല്‍ റിക്കാര്‍ഡോ മൂന്നാം സ്ഥാനത്തും എത്തി. ഗിയര്‍ബോക്‌സ് ചേഞ്ചിങ്ങിന് അഞ്ചുഗ്രിഡ് പെനാല്‍ട്ടി ലഭിച്ച ഹാമില്‍ട്ടന്‍ എട്ടാം ഗ്രിഡില്‍ നിന്നാണ് തുടങ്ങിയത്. അദ്ദേഹം നാലാമതായാണ് മത്‌സരത്തില്‍ ഫിനിഷ് ചെയ്തത്.

തുടര്‍ന്നു നടന്ന ബ്രിട്ടീഷ് ഗ്രാന്‍ പ്രി ഹാമില്‍ട്ടന് മറക്കാനാവാത്ത അനുഭവമായിരിക്കും. മത്‌സരത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിയ ഹാമില്‍ട്ടന്റെ അഞ്ചാം ഗ്രാന്‍സ്‌ളാമായിരുന്നു ബ്രിട്ടീഷ് ഗ്രാന്‍ പ്രി. മത്‌സരത്തിന്റെ എല്ലാ വിഭാഗത്തിലും ഒന്നാമതെത്തുമ്പോഴാണ് ഗ്രാന്‍സ്‌ളാമായി അംഗീകരിക്കുന്നത്. അതായത് ക്വാളിഫൈയിങ്ങ് മത്‌സരങ്ങളിലും, പോള്‍ പൊസിഷനിലും ഫാസ്റ്റസ്റ്റ് ലാപ്പും കഴിഞ്ഞ് ഒന്നാമതെത്തുന്നതാണ് ഗ്രാന്‍സ്‌ളാം. 2014 മലേഷ്യന്‍ ഗ്രാന്‍ പ്രി, 2015 ഇറ്റാലിയന്‍ ഗ്രാന്‍ പ്രി, 2017 ചൈനീസ് ഗ്രാന്‍പ്രി, കനേഡിയന്‍ ഗ്രാന്‍ പ്രി എന്നിവയായിരുന്നു ഇതിനു മുമ്പ് പൂര്‍ണമായും ഹാമില്‍ട്ടന്‍ സ്വന്തമാക്കിയത്.

അതുകൂടാതെ ബ്രിട്ടീഷ് ഗ്രാന്‍പ്രിയില്‍ തുടര്‍ച്ചയായി അഞ്ചുതവണ വിജയിച്ച റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. ഇതിന് മുമ്പ് ഈ കടമ്പ കടന്നത് അലൈന്‍ പ്രോസ്റ്റും, ജിംക്‌ളാര്‍ക്കുമായിരുന്നു അഞ്ചുതവണ തുടര്‍ച്ചയായി ബ്രിട്ടീഷ് ഗ്രാന്‍പ്രി നേടിയത്. ഈ വിജയത്തോടെ പോയന്റുനിലയില്‍ ഒന്നാമതു നിന്ന വെറ്റലും ഹാമില്‍ട്ടനുമായുള്ള വ്യത്യാസം വെറും ഒരു പോയന്റായി ചുരുങ്ങി. പോള്‍ പൊസിഷനില്‍ നിന്നു തുടങ്ങിയ ഹാമില്‍ട്ടന്‍ അജയ്യനായി നിന്നപ്പോള്‍ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു വള്‍ട്ടേരി ബോത്താസും കിമി റെയ്‌കോനനും.

എന്നാല്‍ ഫെരാരി യുടെ റെയ്‌കോനനും വെറ്റലിനും അവസാന ലാപ്പുകളില്‍ ടയര്‍ പഞ്ചറായത് ഇരുവരേയും വലച്ചു. റെയ്‌കോനന്‍ അത് പെട്ടെന്ന് തന്നെ പിറ്റ്‌സ്‌റ്റോപ്പിലെത്തിയെങ്കിലും ഒരു ലാപ്പു മുഴുവന്‍ പൊട്ടിയ ടയറുമായി ചുറ്റിയ വെറ്റല്‍ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഈ മത്‌സ്‌രത്തില്‍ ആറു പോയന്റു മാത്രമായിരുന്നു വെറ്റലിന് ലഭിച്ചത്. ഒന്നാം സ്ഥാനത്തെത്തിയ ഹാമില്‍ട്ടന് 25 പോയന്റും ലഭിച്ചതോടെ അദ്ദേഹം പോയന്റ് നിലയില്‍ 176 പോയന്റ് നേടി. വെറ്റലിന്റേത് 177 ആയിരുന്നു. അതോടെ ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രി ഇരുവര്‍ക്കും സമ്മര്‍ദമാണ് സമ്മാനിച്ചത്. എന്നാല്‍ മത്‌സരത്തില്‍ തിരിച്ചുവരവോടെ വെറ്റല്‍ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.

പോള്‍ പൊസിഷനില്‍ നിന്നു തന്നെയായിരുന്നു വെറ്റല്‍ തുടങ്ങിയത്. ലീഡ് നിലനിര്‍ത്തി പോഡിയത്തില്‍ കയറാനും അദ്ദേഹത്തിന് കഴിഞ്ഞു. നാലാം ഗ്രിഡില്‍ നിന്നു തുടങ്ങിയ ഹാമില്‍ട്ടന്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. ഫെരാരിയുടെ കിമി റെയ്‌കോനന്‍ രണ്ടാം സ്ഥാനവും മെഴ്‌സഡസിന്റെ വള്‍ട്ടേരി ബോത്താസ് മൂന്നാം സ്ഥാനവും നേടി. ഈ മത്‌സരത്തോടെ വെറ്റലിന് 202 പോയന്റിലെത്തി. ഹാമില്‍ട്ടന് 188 പോയന്റുമാണുള്ളത്.

ഫെരാരിയുടെ ഇരുഡ്രൈവര്‍മാരും ഒന്നും രണ്ടും സ്ഥാനം നേടിയതോടെ ഫെരാരിയും മെഴ്‌സിഡസും തമ്മിലുള്ള അന്തരം 39 പോയന്റ് കുറഞ്ഞു. ഇനിയുള്ള ഒന്‍പത് മത്‌സരങ്ങള്‍ ഇരുവര്‍ക്കും നിര്‍ണായകമാണ്. കാരണം ഒരു മത്‌സരം മതി ഇരുവരും തമ്മിലുള്ള അന്തരത്തിന് മാറ്റം വരുത്താന്‍. കഴിഞ്ഞ സീസണില്‍ ഈ ഒന്‍പതു മത്‌സരങ്ങളില്‍ പകുതിയും കഴിഞ്ഞ ചാമ്പ്യന്‍ നീക്കോ റോസ്ബര്‍ഗിന്റെ കയ്യിലായിരുന്നു. അമേരിക്ക, മെക്‌സിക്കോ, ബ്രസീല്‍, അബുദാബി എന്നിവിടങ്ങളില്‍ ഹാമില്‍ട്ടന്‍ ഒന്നാമനായിരുന്നു. എന്നാല്‍ ഇവിടെയൊന്നം വെറ്റല്‍ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. ഇത്തവണ വെറ്റലിനുള്ള മുന്നാക്കം ഫെരാരിയുടെ കാറാണ്. ഈ വര്‍ഷത്തെ മികച്ച കാറെന്ന ഖ്യാതി നേടിയതാണിത്. മത്‌സരങ്ങളുടെ തുടക്കത്തില്‍ അത് കാണുകയും ചെയ്തിരുന്നു. എന്തായാലും ഇനിയുള്ള പോരാട്ടങ്ങള്‍ക്ക് വീര്യമേറുമെന്ന് തീര്‍ച്ച.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram