തുടര്‍ച്ചയായ അഞ്ചുവിജയം... അതും എതിരാളികളെ നിലംതൊടീക്കാതെ... ഇത്തവണത്തെ ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തില്‍ മെഴ്സിഡസിന് സ്വപ്നസമാനമായ തുടക്കമാണ് ലൂയിസ് ഹാമില്‍ട്ടണും വാള്‍ട്ടേരി ബോത്താസും സമ്മാനിച്ചിരിക്കുന്നത്. സീസണിലെ ആദ്യ അഞ്ചു മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനത്ത് വേറെയാരെയും ഇരിക്കാന്‍ ഇവര്‍ സമ്മതിച്ചിട്ടില്ല. പോഡിയത്തിലെ ഷാംപെയിന്‍ ഇരുവരും മാറിമാറി പൊട്ടിച്ചു രസിക്കുകയാണ്. പോള്‍ പൊസിഷനിലും ആധിപത്യം പുലര്‍ത്തിയ മെഴ്സിഡസ് ഡ്രൈവര്‍മാര്‍ ഇത്തവണ ഒരു തൂത്തുവാരല്‍ നടത്താനൊരുങ്ങുകയാണ്.
ഈ സീസണിലെ ഓസ്ട്രേലിയ, അസര്‍ബെയ്ജാന്‍ ട്രാക്കുകളില്‍ വാള്‍ട്ടേരി ബോത്താസും ബഹ്റൈന്‍, ചൈന, സ്‌പെയിന്‍ എന്നീ ട്രാക്കുകളില്‍ ഹാമില്‍ട്ടനുമാണ് വിജയികളായത്. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും വിട്ടുകൊടുക്കാതെയായിരുന്നു ഇരുവരുടെയും കുതിപ്പ്. ഹാമില്‍ട്ടന്റെ സ്ഥിരം എതിരാളിയായ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ ബഹുദൂരം പിന്നിലാണിപ്പോള്‍.
വെറ്റല്‍ ആധിപ്യത്യം നേടാറുള്ള ട്രാക്കുകളില്‍പ്പോലും മെഴ്സിഡസ് ഡ്രൈവര്‍മാരുടെ അപ്രമാദിത്യമാണ് കണ്ടത്. ബോത്തയുടെ മികവാണ് പ്രധാനമായി പറയേണ്ടത്. കഴിഞ്ഞ സീസണില്‍ രണ്ട് ചാമ്പ്യന്‍ഷിപ്പ് മാത്രം നേടിയ ബോത്താസ് ഇത്തവണ സീസണിലെ ആദ്യ ഗ്രാന്‍പ്രീയായ ഓസ്ട്രേലിയയില്‍തന്നെ വിജയവുമായാണ് തുടങ്ങിയത്. ടീം മേറ്റ് ഹാമില്‍ട്ടന്‍ പോള്‍ പൊസിഷനില്‍നിന്ന് ആരംഭിച്ചെങ്കിലും വിജയം ബോത്താസിന്റേതായിരുന്നു. ഹാമില്‍ട്ടന്‍ രണ്ടാമതെത്തിയപ്പോള്‍ റെഡ്ബുള്ളിന്റെ വെസ്തപ്പന്‍ മൂന്നാമതായി. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യനായ വെറ്റല്‍ നാലാംസ്ഥാനത്തായി.
കഴിഞ്ഞസീസണില്‍ ഏറ്റവും മികച്ച കാറായിരുന്നു ഫെരാരിയുടേത്. എന്നിട്ടും ചാമ്പ്യന്‍ഷിപ്പ് പട്ടത്തിന് അടുത്തെത്താന്‍ വെറ്റലിന് കഴിഞ്ഞില്ല. ഫോം ഔട്ടായ വെറ്റലുമായി ഈ വര്‍ഷംകൂടി ഫെരാരി കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ബഹ്റൈനില്‍ ലൂയിസ് ഹാമില്‍ട്ടനായിരുന്നു ഊഴം. രണ്ടാം സ്ഥാനത്ത് ബോത്താസുമെത്തി. പോഡിയത്തില്‍ കയറാന്‍ യോഗ്യതനേടിയ മൂന്നാമത്തെ ആള്‍ ഫെരാരിയുടെ പുതിയ ഡ്രൈവര്‍ ലെക്ലെറക്കായിരുന്നു.
സോബറിനുവേണ്ടിയായിരുന്നു ലെക്ലെറക് കഴിഞ്ഞ സീസണില്‍ ട്രാക്കിലെത്തിയത്. ഫെരാരിയുടെ കിമി റൈക്കോണന്‍ ആല്‍ഫാ റോമിയോയിലേക്ക് കൂടുമാറിയ ഒഴിവിലാണ് ഫെരാരിയിലെത്തിയത്. ലെക്ലെറകിന്റെ ആദ്യ എഫ് വണ്‍ സീസണായിരുന്നു കഴിഞ്ഞവര്‍ഷം. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ ഫെരാരി ഏറ്റെടുത്തത്.
മൂന്നാമത്തെ ഗ്രാന്‍പ്രീയായ ചൈനയിലെ ട്രാക്കിലും ഹാമില്‍ട്ടന്‍തന്നെ ഒന്നാമതെത്തി, ഇവിടെ ബോത്താസ് രണ്ടാമനായപ്പോള്‍ വെറ്റലിന് സീസണിലെ ആദ്യ പോഡിയം കിട്ടി. മൂന്നാമനായി. അസര്‍ബെയ്ജാനിലും ബോത്താസും ഹാമില്‍ട്ടനും ഒന്നും രണ്ടും സ്ഥാനത്തെത്തിയപ്പോള്‍ വെറ്റല്‍ വീണ്ടും മൂന്നാമനായി. മേയ് 12-ന് ബാഴ്‌സലോണയിലെ കതാലുന്യ ട്രാക്കില്‍നടന്ന വിരസമായ മത്സരത്തില്‍ ഹാമില്‍ട്ടന്‍ എതിരാളികളില്ലാതെ വിജയിയായി. ബോത്താസ് രണ്ടാമതെത്തിയപ്പോള്‍ റെഡ്ബുള്ളിന്റെ വെസ്തപ്പന്‍ മൂന്നാമതെത്തി. കഴിഞ്ഞ സീസണില്‍ വെറ്റലായിരുന്നു ആദ്യ രണ്ടു ഗ്രാന്‍പ്രീകളില്‍ വിജയിച്ചിരുന്നത്.
ഗംഭീരം കാറുകള്‍
ഇത്തവണ ചെറിയൊരു പ്രതിരോധംപോലും എതിരാളികളുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നത് അത്ഭുതമാകുകയാണ്. ഈ സീസണുവേണ്ടി മെഴ്സിഡസ് തയ്യാറാക്കിയ കാറിനെക്കുറിച്ച് ആദ്യംതന്നെ ഡ്രൈവര്‍മാര്‍ ഗംഭീര അഭിപ്രായമാണ് പറഞ്ഞിരുന്നത്. പുതിയ നിയമങ്ങള്‍ക്കനുസരിച്ച് നിര്‍മിച്ച കാര്‍ ഇതുവരെ ലഭിച്ചതില്‍ മികച്ചതെന്നായിരുന്നു ഹാമില്‍ട്ടന്‍ പുറത്തിറക്കല്‍വേളയില്‍ പറഞ്ഞത്. പോയന്റുനിലയിലും മെഴ്സിഡസ് ഡ്രൈവര്‍മാര്‍ അതിദൂരം മുന്നിലാണ്.
പോയിന്റ് നില
ലൂയിസ് ഹാമില്‍ട്ടന്‍ - മെഴ്സിഡസ് - 112
വള്‍ട്ടേരി ബോത്താസ് - മെഴ്സിഡസ് 105
മാക്സ് വെസ്തപ്പന്‍ - റെഡ്ബുള്‍ 66
സെബാസ്റ്റ്യന്‍ വെറ്റല്‍ - ഫെരാരി 64
ചാള്‍സ് ലൈക്ലെറക് - ഫെരാരി 57
Content Highlights: Formula One Lewis Hamilton Mercedes