Photo: twitter.com|ScuderiaFerrari
എഫ് വണ്‍ കാറോട്ട മത്സരത്തിലെ മുന്‍ ലോകചാമ്പ്യന്‍ കിമി റൈക്കോനെണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2021-22 സീസണ്‍ അവസാനിക്കുന്നതോടെ താരം മത്സരരംഗത്തുനിന്നും വിടവാങ്ങും.
20 വര്‍ഷം നീണ്ട കരിയറാണ് റൈക്കോനെണ്‍ അവസാനിപ്പിക്കുന്നത്. 41 കാരനായ ഈ ഫിന്‍ലന്‍ഡ് താരം നിലവില്‍ ആല്‍ഫ റോമിയോ ടീമിന് വേണ്ടിയാണ് മത്സരിക്കുന്നത്. സീസണില്‍ വെറും രണ്ട് പോയന്റ് മാത്രമാണ് താരത്തിന് നേടാനായത്.
2007-ല്‍ ലോകചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയാണ് റൈക്കോനെണ്‍ ആരാധകരുടെ മനം കീഴടക്കിയത്. ഫെറാറിയ്ക്ക് വേണ്ടിയാണ് താരം കിരീടം നേടിയത്.
' ഈ സീസണിന്റെ അവസാനത്തോടെ ഞാന്‍ കരിയര്‍ അവസാനിപ്പിക്കും. ഈ തീരുമാനം ഞാന്‍ നേരത്തേ എടുത്തതാണ്. ഈ തീരുമാനം അത്ര എളുപ്പമായിരുന്നില്ല. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ സമയമായി.'-റൈക്കോനെണ്‍ പറഞ്ഞു.
ഏറ്റവുമധികം ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളില്‍ പങ്കെടുത്ത താരം എന്ന റെക്കോഡിനുടമയാണ് റൈക്കോനെണ്‍. 344 മത്സരങ്ങളില്‍ പങ്കെടുത്ത താരം 21 ഗ്രാന്‍ഡ് പ്രിക്‌സുകളില്‍ വിജയിച്ചു. 18 തവണ പോള്‍ പൊസിഷനില്‍ മത്സരിക്കുകയും 103 തവണ പോഡിയം ഫിനിഷുകള്‍ നേടുകയും ചെയ്ത താരമാണ് റൈക്കോനെണ്‍.
2001-ല്‍ മക്ലാരനിലൂടെയാണ് താരം കാറോട്ട മത്സരത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. അഞ്ചുവര്‍ഷം ടീമിനൊപ്പം മത്സരിച്ച താരം ഒന്‍പത് റേസുകളില്‍ വിജയിച്ചു. പിന്നീടാണ് ഫെറാറിയിലേക്ക് ചേക്കേറിയത്. അതിനുശേഷം ലോട്ടസിലും ആല്‍ഫ റോമിയോയിലും ചേര്‍ന്നു.
Content Highlights: Former World Champion Kimi Raikkonen To Retire At The End Of The Season