എമിലിയ റൊമാന ഗ്രാൻപ്രീ കിരീടവുമായി ലൂയിസ് ഹാമിൽട്ടൻ | Photo: MIGUEL MEDINA|AFP
ഇമോള (ഇറ്റലി): 93-ാം ഗ്രാന്‍പ്രീ വിജയത്തോടെ ലൂയിസ് ഹാമില്‍ട്ടന്‍ തിളങ്ങിയ മത്സരത്തില്‍ ഏഴാം കണ്‍സ്ട്രക്ടേഴ്‌സ് കിരീടമെന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി മെഴ്‌സിഡസ്.
കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നടന്ന അമിലിയ റൊമാന ഗ്രാന്‍പ്രീയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കിയത് മെഴ്‌സിഡസാണ്. ഹാമില്‍ട്ടന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ മെഴ്‌സിഡസിന്റെ തന്നെ വാല്‍ട്ടെരി ബൊട്ടാസാണ് രണ്ടാമതെത്തിയത്. സീസണില്‍ 435 പോയന്റുമായി എതിരാളികളേക്കാള്‍ 209 പോയന്റിന്റെ ലീഡുമായാണ് മെഴ്‌സിഡസിന്റെ കിരീട നേട്ടം.
നാല് മത്സരങ്ങള്‍ മാത്രം ശേഷിക്കെ രണ്ടാഴ്ചയ്ക്കപ്പുറം നടക്കുന്ന ടര്‍ക്കിഷ് ഗ്രാന്‍പ്രീയില്‍ ഏഴാം ഫോര്‍മുല വണ്‍ കിരീട നേട്ടം സ്വന്തമാക്കാനുള്ള തയ്യാറടുപ്പിലാണ് ഹാമില്‍ട്ടന്‍. ഇതോടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന മൈക്കല്‍ ഷൂമാക്കറുടെ റെക്കോഡിനൊപ്പമെത്താനും ഹാമില്‍ട്ടനാകും.
2008, 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലായിരുന്നു ഹാമില്‍ട്ടന്റെ കിരീടനേട്ടം. 1994, 95, 2000, 2001, 2002, 2003, 2004 വര്‍ഷങ്ങളിലായിരുന്നു ഷുമാക്കര്‍ കിരീടം സ്വന്തമാക്കിയത്.
കഴിഞ്ഞയാഴ്ച പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായതോടെ ഷൂമാക്കറുടെ 91 ഗ്രാന്‍പ്രീ വിജയങ്ങളെന്ന റെക്കോഡ് ഹാമില്‍ട്ടന്‍ മറികടന്നിരുന്നു.
Content Highlights: F1 Hamilton registers 93rd victory Mercedes clinch record 7th constructors title