വേഗപ്പോര് തുടങ്ങുന്നു


By സി.സജിത്

2 min read
Read later
Print
Share

ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീയോടെ സീസണിന് തുടക്കം

സ്ട്രേലിയയില്‍ ആരാവും ഷാംപെയിന്‍ പൊട്ടിക്കുക. വേഗത്തിന്റെ പോരാട്ടങ്ങള്‍ ആരംഭിക്കുകയായി. ഫോര്‍മുല വണ്‍ ആദ്യമത്സരത്തിനു മുന്നോടിയായുള്ള യോഗ്യതാ റൗണ്ട് കഴിഞ്ഞപ്പോള്‍ പോള്‍പൊസിഷനിലെത്തി മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഗ്രാന്‍പ്രീ മത്സരം ഞായറാഴ്ച നടക്കും.

യോഗ്യതാറൗണ്ടില്‍ ബദ്ധവൈരികളായ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ 0.268 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് ലൂയിസ് ഹാമില്‍ട്ടന്‍ ഒന്നാമതായി തുടങ്ങുക.

സ്വന്തം ടീമംഗം വള്‍ട്ടേരി ബോത്തയാണ് മൂന്നാംസ്ഥാനത്തെത്തിയത്. ഫെരാരിയുടെ കിമി റെയ്ക്കോണന്‍ നാലാംസ്ഥാനത്തെത്തിയപ്പോള്‍ റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പന്‍ അഞ്ചാമതായി തുടങ്ങും.

ഓസ്ട്രേലിയയിലും മെഴ്സിഡസും ഫെരാരിയുംതന്നെ അപ്രമാദിത്വം നിലനിര്‍ത്തുമെന്നാണ് മത്സരത്തിന് ശേഷം വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. വേഗംകൈവരിക്കുന്ന പ്രകടനത്തില്‍ മെഴ്സിഡസ് ഒരടിമുന്നിലാണ്. ഇത് ലൂയിസ് ഹാമില്‍ട്ടനും ബോത്തയ്ക്കും ആത്മവിശ്വാസം പകരും.

ബോത്തയും ലൂയിസ് ഹാമില്‍ട്ടനും ലാപ്പ് ടൈമിങ്ങില്‍ മുന്നോട്ടുപോയിട്ടുണ്ട്. ഫെരാരിയേയും തള്ളിക്കളയാനാവില്ലെന്ന് മുന്‍ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ മുന്നറിയിപ്പ് നല്‍കുന്നു. റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ഡോ അപകടത്തില്‍ പെട്ട് പിന്‍വാങ്ങി. പത്താമതായാണ് അദ്ദേഹം ഫൈനല്‍ റേസില്‍ തുടങ്ങുക.

അടിമുടി മാറ്റം

ലാപ്പുകളുടെ സമയദൈര്‍ഘ്യം കുറയ്ക്കാനായുള്ള മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. 1988-ന് മുമ്പുള്ള രീതിയില്‍ കാറുകളുടെ നീളവും വീതിയും കൂട്ടി. വീതി 1800 മില്ലീമീറ്ററില്‍ നിന്നും 2000 മില്ലീമീറ്ററാക്കി. ഭാരവും ഇരുപതുകിലോ കൂട്ടി. ഇപ്പോള്‍ 722 കിലോഗ്രാമാക്കി.

ഏയ്റോഡൈനാമിക് രൂപത്തിലും മാറ്റങ്ങളുണ്ട്. മുന്നിലെ വിങ്ങുകള്‍ 1650 മില്ലീമീറ്ററില്‍ നിന്നും 1800 മില്ലിമീറ്ററാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ പ്രധാനമായും വളവുകളിലാണ് ഗുണം ചെയ്യുക. വേഗം കുറയ്ക്കാതെതന്നെ വളവുകളില്‍ വീശിയെടുക്കാന്‍ കഴിയും.

യോഗ്യത റൗണ്ടില്‍തന്നെ മാറ്റം ഫലം ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ ലാപ്പ്ടൈമിലാണ് ഹാമില്‍ട്ടന്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയത്. മെഴ്സിഡസിന്റെ ബോത്തയുടേയും മികച്ച സമയമാണ് ഈ മത്സരത്തില്‍ കണ്ടത്.

ടയറുകളുടെ വീതിയും കൂട്ടിയിട്ടുണ്ട്. പിന്നിലെ ടയറുകള്‍ 325 മില്ലീമീറ്ററില്‍ നിന്ന് 405 മില്ലീമീറ്ററാക്കി. മുന്നിലെ ടയറുകള്‍ 245 മില്ലീമീറ്ററില്‍ നിന്നും 305 മില്ലീമീറ്ററാക്കിയിട്ടുണ്ട്. ടീമുകള്‍ക്ക് അനുവദിക്കുന്ന ഇന്ധനത്തിന്റെ അളവ് നൂറ് കിലോയില്‍നിന്ന് നൂറ്റഞ്ച് കിലോഗ്രാമാക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram