lലവ്ലിന
ലവ്ലിനയുടെ ജന്മനാടായ ആസ്സാമിലെ ഗോലാഘട്ടിലെ കുട്ടികൾക്ക് ഒരു ശീലമുണ്ട്. പാട്ടും ഡാൻസുമൊക്കെ പഠിക്കുന്നതുപോലെ ചെറുപ്പം തൊട്ടേ അവർ ആയോധന കലകളിലേതെങ്കിലുമൊന്ന് പഠിച്ചെടുക്കും. കിക്ക് ബോക്സിങ്ങും ബോക്സിങ്ങുമെല്ലാം അവർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അത്തരത്തിലൊരു ചുറ്റുപാടിൽ നിന്നും വളർന്നുവന്നതുകൊണ്ടുതന്നെ ലവ്ലിന ബോർഗൊഹെയ്നിനും മറിച്ചൊന്നും ചിന്തിക്കാനില്ലായിരുന്നു. ചെറുപ്പം തൊട്ടേ ഇടിക്കൂട്ടിലെ കാഴ്ചകൾ അവൾ ഇഷ്ടപ്പെട്ടുതുടങ്ങി.
ലവ്ലിനയുടെ വീട്ടിലും സ്ഥിതി മറിച്ചായിരുന്നില്ല. താരത്തിന് ഇരട്ടകളായ ചേച്ചിമാരാണുള്ളത്. ഇരുവരും കിക്ക് ബോക്സിങ്ങിലാണ് മികവ് കണ്ടെത്തിയത്. അതോടെ ലവ്ലിനയും കിക്ക് ബോക്സിങ്ങിലേക്ക് തിരിഞ്ഞു. ചേച്ചിമാർ ദേശീയ തലത്തിൽ മെഡലുകൾ വാരിക്കൂട്ടിയതോടെ കുഞ്ഞുലവ്ലിനയുടെ മനസ്സിൽ കിക്ക് ബോക്സിങ്ങിലൂടെ ലോകമറിയുന്ന താരമായി വളരണമെന്ന ആശ മുളപൊട്ടി.
കിക്ക് ബോക്സിങ്ങിന്റെ ബാലപാഠങ്ങൾ ചേച്ചിമാർ പഠിപ്പിച്ചു. പിന്നീട് അവർ പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചപ്പോഴും ലവ്ലിന വിട്ടില്ല. സ്ഥിരമായി പരിശീലനം നടത്തി അവൾ ലക്ഷ്യത്തിനായി പ്രയത്നിച്ചു. ആ സമയത്താണ് അപ്രതീക്ഷിതമായി ലവ്ലിന പഠിച്ച സ്കൂളിൽ ഒരു സെലക്ഷൻ ക്യാമ്പ് നടന്നത്.
ലവ്ലിന പഠിച്ച ബർപാതാർ ഗേൾസ് ഹൈസ്കൂളിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെലക്ഷൻ ട്രയൽസ് നടന്നു. പരിശീലകൻ പദും ബാരോയുടെ നേതൃത്വത്തിലാണ് സെലക്ഷൻ നടന്നത്. സെലക്ഷന് ലവ്ലിനയും പങ്കെടുത്തു. അവിടെ വെച്ചാണ് ലവ്ലിനയുടെ ജീവിതം മാറിമറിഞ്ഞത്.
ലവ്ലിനയുടെ തകർപ്പൻ പഞ്ചുകൾ കണ്ട് ബാരോ അത്ഭുതപ്പെട്ടു. താരത്തിന് ലോകം കീഴടക്കാനാകുമെന്ന് ബാരോ മനസ്സിലാക്കി. ലവ്ലിനയെ സായിലേക്ക് തെരെഞ്ഞെടുത്തു. ഇതോടെ കിക്ക് ബോക്സിങ് ഉപേക്ഷിച്ച് താരം ബോക്സിങ്ങിലേക്ക് മാത്രം ശ്രദ്ധ ചെലുത്തി. പദും ബാരോയുടെ കീഴിലാണ് ലവ്ലിന അറിയപ്പെടുന്ന ബോക്സിങ് താരമായി വളർന്നത്.
ചെറിയ കാലം കൊണ്ടുതന്നെ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിക്കൊണ്ട് ലവ്ലിന ഇന്ത്യയ്ക്ക് അഭിമാനമായി മാറി. ഒപ്പം ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെങ്കലം നേടി. നിലവിൽ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് താരം. അടുത്ത ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടുക എന്നതാണ് ലവ്ലിനയുടെ അടുത്ത ലക്ഷ്യം
Content Highlights: Lovlina Borgohain life story, tokyo 2020, indian boxer