ഗംഭീര്‍ സമ്മാനമായി നല്‍കിയ ബാറ്റുമായി സജന കളിക്കാനിറങ്ങുന്നു; മിതാലിക്കും ഗോസ്വാമിക്കുമൊപ്പം


സജ്ന ആലുങ്ങൽ

4 min read
Read later
Print
Share

'ഞാന്‍ ഇടങ്കയ്യാണൊ വലങ്കയ്യാണൊ എന്നു ചോദിച്ചു. ഞാന്‍ വലങ്കൈ ആണെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഒരു ജോഡി ഗ്ലൗ നഷ്ടപ്പെട്ടെന്ന് പറഞ്ഞു'

ന്ത്യൻ ക്രിക്കറ്റ് ടീമിൽ എന്തുകൊണ്ട് ദളിതർക്കും ആദിവാസികൾക്കും അവസരങ്ങൾ നൽകുന്നില്ലെന്ന ചർച്ച മാധ്യമങ്ങളിൽ പൊടിപൊടിക്കുമ്പോൾ മാനന്തവാടി ചൂട്ടക്കടവിലെ കുറിച്യ തറവാട്ടിൽ സജന സജീവൻ എന്ന ഇരുപത്തിരണ്ടുകാരി ബാറ്റുമെടുത്ത് യാത്ര പുറപ്പെട്ടുകഴിഞ്ഞിരുന്നു. ചലഞ്ചർ ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഗ്രീൻ ടീമിലെ അംഗമാണ് ഈ ആദിവാസി പെൺകുട്ടി. ചാലഞ്ചർ ട്രോഫിയിൽ അത്ഭുതങ്ങൾ കാണിക്കാനായാല്‍ വയനാട്ടുകാരിയായ ഇൗ ഓൾറൗണ്ടർ ഇന്ത്യൻ ടീമിൽ അംഗമാവും. ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ അതൊരു പുതിയ ചരിത്രമാവും.

ചരിത്രവും കണക്കിലെ കഥകളുമൊന്നും പക്ഷേ, സജനയെ ബാധിക്കുന്നേയില്ല. പത്തിനപ്പുറം പഠിച്ചിട്ടില്ലാത്ത സച്ചിൻ ക്രിക്കറ്റിൽ വലിയ ലോകങ്ങൾ വെട്ടിപ്പിടിച്ച് കഥകൾ നാട്ടിലെ ഉഴപ്പന്മാർ പറയുമ്പോൾ ഉള്ളിൽ ചിരി പൊട്ടുന്നയാളാണ് സജന. വീട്ടിൽ കാശില്ലാത്തതുകൊണ്ട് അഞ്ചാം ക്ലാസ് വരെ സ്കൂളിലേ പോയിട്ടില്ല സജന. മറ്റു കുട്ടികൾ ബാഗുമെടുത്ത് സ്കൂകളിൽ പോകുമ്പോൾ സങ്കടത്തോടെ നോക്കിയിരിക്കുമായിരുന്നു അവൾ. അച്ഛൻ വാങ്ങിക്കൊടുത്ത പ്ലാസ്റ്റിക് ബാറ്റ് കൊണ്ട് ക്രിക്കറ്റ് കളിച്ചാണ് ആ സങ്കടം തീർത്തത്.

അവൾ പിന്നെ ആറു മുതൽ പഠിച്ചുതുടങ്ങി. ഡിഗ്രിയെടുത്തു. പഠിത്തത്തിൽ മുഴുകുമ്പോഴും പ്രിയപ്പെട്ട ക്രിക്കറ്റിനെ അവൾ കൈവിട്ടില്ല. ക്രിക്കറ്റ് പിച്ചിൽ വലിയ സ്വപ്നങ്ങൾ നെയ്തു. ജീവിതത്തിന്റെ പിച്ചിലെ അപ്രതീക്ഷിത ബൗൺസറുകളെയെല്ലാം അനായാസം അതിർത്തിക്കപ്പുറത്തേയ്ക്ക് പായിച്ച് വയനാടിനപ്പുറത്തെ ക്രിക്കറ്റിലെ അതിരുകളില്ലാത്ത ആകാശത്തേയ്ക്ക് അവൾ ചിറകുവിരിച്ചു പറക്കുകയും ചെയ്തു. വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍ നിന്ന് വരുന്നതുകൊണ്ടു തന്നെ കുറിച്യരുടെ പോരാട്ടവീര്യം തന്റെ രക്തത്തിലുമുണ്ടെന്ന് സജന എപ്പോഴും പറയും. ഈ പോരാട്ടവീര്യം കൊണ്ടുതന്നെയാണ് ഇപ്പോൾ ബാറ്റ് കൊണ്ടും പന്തു കൊണ്ടും പുതിയ ചരിത്രമെഴുതാനൊരുങ്ങുന്നതും.

നാട്ടിൻപുറത്തു നിന്നു തുടങ്ങി വേദ കൃഷ്ണമൂര്‍ത്തിയും ജുലന്‍ ഗോസ്വാമിയും മിഥാലി രാജടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ പോകുന്നതുവരെയുള്ള ഈ പോരാട്ടത്തിന്റെ കഥകൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് സജന.

സാധാരണ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോള്‍ പല ഭാഗത്ത് നിന്നും എതിര്‍പ്പുകളുണ്ടാകും. എന്നിട്ടും വയനാട് പോലെ ക്രിക്കറ്റിന് വേരുകളില്ലാത്ത ഒരു നാട്ടില്‍ നിന്ന് ചാലഞ്ചര്‍ ട്രോഫി വരെയെത്തി

എനിക്ക് അങ്ങിനെ എതിര്‍പ്പുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ചെറുപ്പം മുതലേ ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുമായിരുന്നു. സച്ചിന്റെ കളി കണ്ടാണ് ഞാനും ബാറ്റും പന്തുമെടുത്ത് കളിക്കാനിറങ്ങിയത്. അച്ഛന്‍ ഒരു പ്ലാസ്റ്റിക് ബാറ്റും പന്തും വാങ്ങിത്തന്നിരുന്നു. അച്ഛൻ ഓട്ടോ ഡ്രൈവറാണ്. സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലല്ലാത്തതിനാല്‍ അഞ്ചാം ക്ലാസ് വരെ വീട്ടില്‍ നിന്നാണ് പഠിച്ചത്. സ്‌കൂളില്‍ പോയിട്ടില്ല. പിന്നീട് ആറാം ക്ലാസില്‍ പൂക്കോട് റെസിഡന്‍ഷ്യന്‍ സ്‌കൂളായ ജെ.എം.ആര്‍.എസില്‍ ചേര്‍ന്നു. പ്ലസ് വണ്ണിന് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയപ്പോഴാണ് ക്രിക്കറ്റിനെ പ്രൊഫഷണലായി കാണാന്‍ തുടങ്ങിയത്.

എല്‍സമ്മ ടീച്ചറില്ലെങ്കില്‍ ഒന്നുമാകുമായിരുന്നില്ല

മാനന്തവാടി സ്‌കൂളിലെ കായികാധ്യാപിക എല്‍സമ്മ ടീച്ചറാണ് എന്നോട് ക്രിക്കറ്റിനെ പ്രൊഫഷണലായി കാണാന്‍ പറഞ്ഞത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴായിരുന്നു അത്. അണ്ടര്‍-19 കേരള ടീമിലേക്കുള്ള സെലക്ഷനാണ് ആദ്യം പോയത്. ആദ്യ ചാന്‍സില്‍ എന്നെ ടീമിലേക്കെടുത്തില്ല. പക്ഷേ അന്ന് ഞാന്‍ എല്ലാ പന്തും അടിച്ചു വിട്ടിരുന്നു, ഒരു ഹാർഡ് ഹിറ്ററെപ്പോല. അതു കണ്ടിട്ടാവണം കേരളത്തിന്റെ ടിട്വന്റി ടീമിലേക്ക് എന്നെ റിസര്‍വ് താരമായി എടുത്തത്. ചെന്നൈയില്‍ നടന്ന ടൂര്‍ണമെന്റിലേക്കായിരുന്നു അത്. ആ ടൂര്‍ണമെന്റിനിടെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒരു ചേച്ചിക്ക് കളിക്കാന്‍ പറ്റിയില്ല. അതോടെ ഫസ്റ്റ് റിസര്‍വായ എനിക്ക് അവസരം കിട്ടി. 2012-13 വര്‍ഷത്തിലായിരുന്നു അത്. അങ്ങിനെ ഞാന്‍ കേരളത്തിന്റെ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു.

അണ്ടര്‍-23 കേരള ടീമിന്റെ ക്യാപ്റ്റന്‍സിയും ദേശീയ ചാമ്പ്യന്‍ഷിപ്പ് കിരീടവും

ടിട്വന്റിയില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താനുള്ള കഴിവും എന്റെ ഉയരവും തന്നെയാണ് എന്റെ പ്രത്യേകത. ഞാന്‍ അഞ്ചടി ഏഴിഞ്ച് പൊക്കമുണ്ട്. ഓഫ് ബ്രേക്ക് ബൗളര്‍ കൂടിയാണെന്നതും കേരള ടീമിലെത്താന്‍ ഗുണകരമായി. ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് അണ്ടര്‍-23 വനിതാ ക്രിക്കറ്റില്‍ തമിഴ്‌നാടിനെ തകര്‍ത്ത് കേരളം വിജയിച്ചപ്പോള്‍ വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്റെ പേരിലായി. അന്ന് 84 പന്തില്‍ നിന്നാണ് 100 റണ്‍സടിച്ചത്.

മൂന്നു വര്‍ഷം മുമ്പ് ഇന്റര്‍ സ്റ്റേറ്റ് ടിട്വന്റി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മൂന്നാം സ്ഥാനം ലഭിച്ചപ്പോള്‍ ഞാനായിരുന്നു ക്യാപ്റ്റന്‍. ദേശീയ ചാമ്പ്യന്‍ഷിപ്പായിരുന്നു കരിയറിലെ വഴിത്തിരിവ്. പ്രാഥമിക മത്സരത്തില്‍ ആന്ധ്രപ്രദേശിനോട് പരാജയപ്പെട്ടെങ്കിലും പിന്നീട് കേരള ടീം കുതിച്ചു. സൂപ്പര്‍ ലീഗില്‍ മുംബൈ, ബംഗാള്‍, മധ്യപ്രദേശ്, പഞ്ചാബ് ടീമുകളെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്. ഫൈനലില്‍ അഞ്ച് വിക്കറ്റിന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തി കിരീടം നേടി. അന്ന് പുറത്താകാതെ 24 റണ്‍സാണ് അടിച്ചെടുത്തത്. അത് കേരളത്തിന്റെ ഫൈനല്‍ വിജയത്തില്‍ നിര്‍ണായകമായി. അങ്ങിനെ കേരള വനിതാ ടീമിന് ആദ്യമായി ബി.സി.സി.ഐയുടെ കപ്പ് ലഭിച്ചു.

ഗംഭീര്‍ സമ്മാനമായി തന്ന ബാറ്റ്

കൃഷ്ണഗിരിയില്‍ നടന്ന ഡല്‍ഹിയും രാജസ്ഥാനും തമ്മിലുള്ള രഞ്ജി ട്രോഫിക്കിടെയാണ് ഗൗതം ഗംഭീറിനെ കാണാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അത്. അന്ന് എന്റെ ക്രിക്കറ്റിലെ സ്‌കില്‍സ് കണ്ട് ഗംഭീര്‍ ഒരു ബാറ്റ് സമ്മാനമായി തന്നു. അതില്‍ അദ്ദേഹത്തിന്റെ ഒപ്പുമുണ്ടായിരുന്നു.രഞ്ജിയില്‍ രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ക്ക് ശേഷം ഗംഭീര്‍ ട്രെയിനികളോടൊപ്പം പരിശീലനം നടത്തുകയായിരുന്നു. ഞാനും അവരോടൊപ്പം ചേര്‍ന്നു. അതിനുശേഷം എന്നെ അടുത്തേക്ക് വിളിച്ചു. ആ സമയത്ത് എന്തുചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു. ഞാന്‍ ഇടങ്കയ്യാണൊ വലങ്കയ്യാണൊ എന്നു ചോദിച്ചു. ഞാന്‍ വലങ്കൈ ആണെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഒരു ജോഡി ഗ്ലൗ നഷ്ടപ്പെട്ടെന്ന് പറഞ്ഞു. അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ഗ്ലൗ എനിക്ക് തരാന്‍ ഉദ്ദേശിച്ചിരുന്നു എന്ന് എനിക്ക് പിന്നീട് മനസ്സിലായി. പക്ഷേ അദ്ദേഹം ഇടങ്കയ്യനായതുകൊണ്ട് എനിക്ക് അത് പറ്റില്ലായിരുന്നു. അതിന് പകരമാണ് ബാറ്റ് സമ്മാനമായി തന്നത്. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ നിധിയാണിത്.

ലോകകപ്പില്‍ കളിച്ച താരങ്ങളോടൊപ്പം കളിക്കാന്‍ പോകുന്നു

ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കൊപ്പവും അവര്‍ക്കെതിരെയുമാണ് കളിക്കാന്‍ പോകുന്നത്. അതിന്റെ ആവേശത്തിലാണിപ്പോള്‍. ഇന്ത്യ ഗ്രീന്‍ ടീമിലേക്കാണ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. വേദ കൃഷ്ണമൂര്‍ത്തിയാണ് ഞങ്ങളുടെ ക്യാപ്റ്റന്‍. മറ്റു ടീമുകളില്‍ മിഥാലി രാജും ജുലന്‍ ഗോസ്വാമിയടക്കമുള്ളവര്‍ കളിക്കുന്നുണ്ട്. ഈ ചാലഞ്ചര്‍ ട്രോഫിയുടെ അടിസ്ഥാനത്തിലാണ് നവംബറില്‍ വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ടി ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ടീമിലെത്തുക എന്നതാണ് സ്വപ്നം. അതിനുള്ള പരിശ്രമത്തിലാണ്. തിങ്കളാഴ്ച ബെംഗളൂരുവിലാണ് ചാലഞ്ചര്‍ ട്രോഫി തുടങ്ങുക. ഇതിനായി വെള്ളിയാഴ്ച്ച ബെംഗളൂരുവിലേക്ക് പോകും.

ക്രിക്കറ്റിലെ റോള്‍ മോഡല്‍സ്

സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് എപ്പോഴും ഇഷ്ടതാരം. സച്ചിന്റെ കളി കണ്ടാണ് ബാറ്റ് കൈയിലെടുത്തത് തന്നെ. വനിതാ ക്രിക്കറ്റില്‍ മിതാലി ദീദിയും ഹര്‍മന്‍ ദീദിയുമാണ് പ്രിയപ്പെട്ട താരങ്ങള്‍. പിന്നെ അച്ഛന്‍ സജീവനും അമ്മ ശാരദയും എപ്പോഴും പിന്തുണയോടെ കൂടെയുണ്ട്. അനിയന്റെ പേര് തന്നെ സച്ചിന്‍ എന്നാണ്. അവന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിന് പഠിക്കുകയാണ്.

Content Highlights: Sajana Sajeevan Kerala Women Team Captian Interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram