വോളിബോള്‍ കോര്‍ട്ടിനുള്ളിലെത്തിയാല്‍ ഒരു ഡോള്‍ഫിനെപ്പോലെയാകും പ്രഭാകരന്‍. വളഞ്ഞു പുളഞ്ഞ്, ഉയര്‍ന്നു ചാടി എതിരാളിയുടെ കണക്കുകൂട്ടലകുള്‍ തെറ്റിച്ച് എതിര്‍ കോര്‍ട്ടിലേക്ക് സ്മാഷുതിര്‍ക്കാന്‍ വിരുതന്‍. ശക്തമായ സ്മാഷ് അടിക്കാനും തന്ത്രപരമായി നെറ്റിനെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ എതിര്‍ കോര്‍ട്ടിലേക്ക് പന്തെത്തിക്കാനും മിടുക്കന്‍. ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ക്രിക്കറ്റില്‍ വിരാട് കോലിയും കാണിക്കുന്ന ആ അഗ്രസീവ്നെസ്സ് ഓരോ പോയിന്റ് നേടുമ്പോഴും പ്രഭാകരനിലും കാണാം.
നിര തെറ്റി നില്‍ക്കുന്ന പല്ല് കാണിച്ച, വായ തുറന്ന്, മുഷ്ഠി ചുരുട്ടിയുള്ള പ്രഭാകരന്റെ ആഘോഷം തന്നെ കാണികളില്‍ ആവേശം നിറക്കുന്നതാണ്. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് ഒരിക്കല്‍കൂടി വേദിയായപ്പോള്‍ കാണികളുടെ ഹൃദയത്തിലേക്കു കൂടി സ്മാഷുതിര്‍ത്താണ് കാക്ക എന്ന വിളിപ്പേരിലറിയപ്പെടുന്ന പ്രഭാകരന്‍ മടങ്ങുന്നത്.
പുതുച്ചേരിയിലെ അരിയന്‍കുപ്പത്ത് നിന്ന് കബഡി കളിച്ചു തുടങ്ങി ഒടുവില്‍ വോളിബോള്‍ കോര്‍ട്ടിലൂടെ സ്വപ്‌നം കണ്ടതൊക്കെയും സ്വന്തമാക്കിയ താരം. ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നപ്പോഴുള്ള, ഒമ്പതു വര്‍ഷം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേസിനായി കളിച്ചപ്പോഴുള്ള അനുഭവം പ്രഭാകരന്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
കാക്ക എന്ന വിളിപ്പേര് വന്നത്
പുതുച്ചേരിയിലെ അരിയന്‍കുപ്പത്ത് നിന്നാണ് ഞാന്‍ കോര്‍ട്ടിലേക്ക് വരുന്നത്. ചെറുപ്പത്തില്‍ വോളിബോളിനെക്കുറിച്ച് ഒന്നുമറിയല്ലായിരുന്നു. ഇവിടുത്തെ കടല്‍തീരത്ത് കബഡി കളിച്ചാണ് തുടങ്ങിയത്. കബഡിക്കിടയില്‍ അണ്ണന്‍ എന്നെ വിളിക്കുന്ന പേരായിരുന്നു കാക്ക. അതുപിന്നീട് എല്ലാവരും ഏറ്റുവിളിക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ കബഡി വിട്ട് വോളിബോള്‍ കോര്‍ട്ടിലെത്തിയപ്പോഴും ആ പേര് എന്റെ കൂടെപ്പോന്നു.
കോര്‍ട്ടിലെ അഗ്രസീവ്‌നെസ്സ്
ഞാന്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ആഘോഷങ്ങളെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. ഓരോ പോയിന്റ് നേടുമ്പോഴും എന്റെ സന്തോഷമാണ് ഞാന്‍ പുറത്തുകാണിക്കുന്നത്. അഗ്രസീവ്‌നെസ്സ് ഒരിക്കലും അഭിനയിക്കുന്നതല്ല. അതു സ്വാഭാവികമായി വരുന്നതാണ്.
മനു ജോസഫുമായുള്ള കെമിസ്ട്രി
റെയില്‍വേസിനായി കളിക്കുമ്പോള്‍ ഞാനും മനു ജോസഫും തമ്മില്‍ കെമിസ്ട്രി വര്‍ക്ക് ചെയ്യാറുണ്ട്. ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ അതു മറ്റൊരു താരമാകാം. തമിഴ്‌നാടിന് വേണ്ടി കളിക്കുമ്പോള്‍ കോര്‍ട്ടിലെ കെമിസ്ട്രി വേറൊരു കളിക്കാരനുമായി ആയിരിക്കാം. അതുകൊണ്ടുതന്നെ ഒരു കളിക്കാരനുമായി സ്ഥിരമായ കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നു എന്നു പറയാന്‍ പറ്റില്ല. എല്ലാവരും ഒരുപോലെയാണ്.
ജി.ഇ ശ്രീധരനെന്ന പരിശീലകന്‍
കബഡിയില്‍ നിന്ന് ഉയരംകൊണ്ട് വോളിബോള്‍ കോര്‍ട്ടിലേക്കത്തെയവനാണ് ഞാന്‍. ഒരു പ്രൊഫഷണല്‍ താരത്തിലേക്കുള്ള വളര്‍ച്ചയില്‍ ശ്രീധരന്‍ സാറിനെ വിസ്മരിക്കാനാവില്ല. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ കുറവുകള്‍ പറഞ്ഞുതന്ന്, തെറ്റുകള്‍ തിരുത്തി മുന്നോട്ടുകൊണ്ടുപോയത് സാറാണ്. എന്നിലുള്ള അറ്റാക്കറെ ആദ്യം കണ്ടെത്തിയതും സാറാണ്.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ അനുഭവം
2014ല്‍ കസാക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ വോളിബോള്‍ കപ്പില്‍ മികച്ച അറ്റാക്കര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം. അന്ന് എട്ടു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഫൈനലില്‍ ദക്ഷിണ കൊറിയയോട് തോറ്റത് ഇപ്പോഴും സങ്കടമുള്ള കാര്യമാണ്. ഇത്തവണ നമ്മള്‍ കപ്പടിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. പിന്നീട് 2015ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി ഞാന്‍ അരങ്ങേറ്റം കുറിച്ചു. ആ ടീം എന്നത് ഫാമിലി പോലെയായിരുന്നു. ആദ്യ ക്യാപ്റ്റന്‍സി എന്നുള്ള സമ്മര്‍ദം കുറക്കാന്‍ അതു സഹായിച്ചു. 16 രാജ്യങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ 11-ാം സ്ഥാനത്താണ് നമ്മളെത്തിയത്.
കോഴിക്കോടിന്റെ പിന്തുണ
വോളിബോളിനെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് കോഴിക്കോട്ടുകാര്‍. ഞാന്‍ ഇവിടെ വരുമ്പോഴെല്ലാം ഇങ്ങനെ പിന്തുണ ലഭിക്കാറുണ്ട്. ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കേരളത്തോട് റെയില്‍വേസ് തോല്‍ക്കാനുള്ള പ്രധാന കാരണം തന്നെ ആരാധകരുടെ പിന്തുണയാണ്. കാണികള്‍ കോഴിക്കോടിന് അത്രയും സപ്പോര്‍ട്ടായിരുന്നു. അതില്‍ ഒരു പങ്ക് എനിക്കും ലഭിച്ചതില്‍ സന്തോഷമുണ്ട്. മറുവശത്ത് ജെറോം വിനീതായിരുന്നെങ്കിലും രണ്ട് തമിഴ്‌നാട്ടുകാര്‍ തമ്മിലുള്ള മത്സരമായി ഫൈനലിനെ കണ്ടിട്ടില്ല. ഏതു ടീമിന് വേണ്ടി കളിക്കുന്നോ അതിനു വേണ്ടി മാക്‌സിമം പ്രകടനം പുറത്തെടുക്കുക എന്നതിലാണ് കാര്യം.
Content Highlights: Kakka Prabagaran Indian Volleyball Player Interview