ജൂലിയോ ഒലാര്‍ട്ടികോഷ്യയെ കാണുമ്പോള്‍ മനസ്സിലേയ്ക്ക് ഇരമ്പിയെത്തുക മൂന്ന് പതിറ്റാണ്ട് മുന്‍പ് മെക്‌സിക്കോയില്‍ ആഞ്ഞുവീശിയ ഒരു തിരമാലയാണ്. നീലയും വെള്ളയും നിറത്തില്‍ ആലോലമാടിയ ആരാധക തിരമാലയ്ക്ക് നടുവില്‍ അന്ന് ഫുട്‌ബോള്‍ ദൈവം ഡീഗോ മാറഡോണയ്‌ക്കൊപ്പം ലോകകപ്പ് ഉയര്‍ത്തി നിന്നവരില്‍ ഒലാര്‍ട്ടികോഷ്യയും ഉണ്ടായിരുന്നു. റൂഡി വോളറുടെയും റുമനിഗെയുടെയും ജര്‍മനിയെ തുരത്തി അര്‍ജന്റീനയ്ക്ക് ലോകകപ്പ് സമ്മാനിച്ചവരില്‍ ഈ വലതു വിങ് ബാക്കുമുണ്ടായിരുന്നു. കടുത്ത ടാക്ലിങ്ങിന് എഴുപത്തിയേഴാം മിനിറ്റില്‍ മഞ്ഞകാര്‍ഡ് കാണേണ്ടിവന്നെങ്കിലും അവസാനനിമിഷം വരെ വലതു വിങ് ഭദ്രമായി കാത്തു പതിനാറാം നമ്പര്‍ ജെഴ്‌സിക്കാരനായ ഒലാര്‍ട്ടികോഷ്യ. അതിന് മുന്‍പും പിന്‍പും രണ്ട് ലോകകപ്പുകളില്‍ ഒലാര്‍ട്ടികോഷ്യ അര്‍ജന്റീനയ്ക്കുവേണ്ടി നീലക്കുപ്പായത്തില്‍ ലോകകപ്പ് കളിച്ചു. അര്‍ജന്റീന ആരാധകരുടെ തട്ടകമായ കോഴിക്കോട്ട് ആ പഴയ ഓര്‍മകളുമായാണ് ഒലാര്‍ട്ടികോഷ്യ എത്തിയത്. പുനര്‍ജനിക്കുന്ന സേഠ് നാഗ്ജി ട്രോഫി ഫുട്‌ബോളില്‍ മാറ്റുരയ്ക്കുന്ന അര്‍ജന്റീനയുടെ അണ്ടര്‍-23 ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാണ് ഒലാര്‍ട്ടികോഷ്യ.
മാറഡോണ കളിച്ച 1982, 86, 90 ലോകകപ്പുകളിലാണ് ഒലാര്‍ട്ടികോഷ്യയും കളിച്ചത്. ഇന്നും മാറഡോണയെയും പഴയ ലോകകപ്പുകളെയും കുറിച്ചുള്ള ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുകയാണ് ഒലാര്‍ട്ടികോഷ്യയുടെ മനസ്സില്‍.
1958 ല്‍ ബ്യൂണസ് ഏറീസിലെ സലാഡില്ലോയിലായിരുന്നു ജനനം. ജനനം 1975ല്‍ റേസിങ് ക്ലബില്‍ കളിച്ചു തുടങ്ങി. പിന്നീട് റിവര്‍ പ്ലേറ്റ്, ബൊക്ക ജൂനിയേഴ്‌സ്, എഫ്.സി. നാന്റസ്, അര്‍ജന്റിനോസ് ജൂനിയേഴ്‌സ് ഡീപ്പോര്‍ട്ടീവോ മാണ്ട്യു എന്നീ ക്ലബുകളില്‍ കളിച്ചു. 1982 മുതല്‍ 1990 വരെ ദേശീയ ടീമിനുവേണ്ടി 32 മത്സരങ്ങള്‍ കളിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിന്റെ ഇടവേളയില്‍ ഒലാര്‍ട്ടികോഷ്യ മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറന്നു.
1986ല്‍ ലോകകപ്പ് നേടി. തൊട്ടടുത്തതവണ അതേ എതിരാളികള്‍ക്ക് മുന്നില്‍ കീഴടങ്ങി. ഒരിക്കല്‍ സന്തോഷത്തിന്റെ പരകോടിയില്‍. അടുത്തതവണ കൊടിയ നിരാശയും. എങ്ങനെ വിലയിരുത്തുന്നു ഇതിനെ?
മെക്‌സികോയില്‍ ഞാന്‍ ഫൈനല്‍ കളിച്ചു. മാറഡോണയോടൊപ്പം കുപ്പുയര്‍ത്തി. എന്നാല്‍ 1990ല്‍ ഇറ്റലിയില്‍വെച്ച് രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ ഫൈനല്‍ കളിക്കാനായില്ല. അന്ന് ഫൈനലില്‍ ഞങ്ങള്‍ ഒരു ഗോളിനാണ് തോറ്റത്.
മാറഡോണയെപ്പറ്റി?
മാജിക്കല്‍. അദ്ദേഹം ശരിക്കും ഒരു മാന്ത്രികനാണ്. സാങ്കേതികത്തികവില്‍ അതുല്യന്‍. അതുകൊണ്ട് തന്നെയാണ് അസാധ്യമായ കാര്യങ്ങള്‍ സാധ്യമാക്കാന്‍ അദ്ദേഹത്തിനായത്.
മെസ്സിയെക്കുറിച്ച്?
സംശയമെന്താണ്. മെസ്സി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം.
കോഴിക്കോട്ടെ സൗകര്യങ്ങളെക്കുറിച്ച്?
വളരെ മികച്ചത്. ഞാന്‍ തീര്‍ത്തും സംതൃപ്തനാണ്.
പിന്തുണയെപ്പറ്റി?
അത്ഭുതാവഹം. ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല ഇതുപോലൊരു നഗരത്തില്‍ ഞങ്ങള്‍ക്ക് ഇത്രയും പിന്തുണ കിട്ടുമെന്ന്.