'ആ റേഷന്‍ കാര്‍ഡിലെ പേര് വായിക്കാന്‍ അറിയാമായിരുന്നെങ്കിൽ അച്ഛന്‍ മരിക്കുമായിരുന്നില്ല'


4 min read
Read later
Print
Share

വിജയനുമായി മാതൃഭൂമി സ്പോര്‍ട്സ് മാസിക ടീം നടത്തിയ ഒരു 'പെനാല്‍ട്ടി ഷൂട്ടൗട്ട്' ഇന്റര്‍വ്യൂ...

കെട്ടിയ ബൂട്ടഴിച്ച ശേഷവും വിജയന്‍ വിശ്രമിച്ചിട്ടില്ല. നടന്‍, ബിസിനസ്സുകാരന്‍, ഇടയ്ക്കല്‍പ്പം കാലം രാഷ്ട്രീയക്കാരന്‍.. പല വേഷവും പിന്നെയും കെട്ടി. കളി നിര്‍ത്തിയുമില്ല. വയസ്സ് 50 ആയി എന്നതൊക്കെ ഒരു കണക്കു മാത്രം. ഇപ്പോഴും യുവാക്കളേക്കാള്‍ യുവത്വം, ഉന്നം തെറ്റാത്ത ഷോട്ടുകള്‍, കളിക്കളത്തിലും ജീവിതത്തിലും.

വിജയനുമായി മാതൃഭൂമി സ്പോര്‍ട്സ് മാസിക ടീം നടത്തിയ ഒരു 'പെനാല്‍ട്ടി ഷൂട്ടൗട്ട്' ഇന്റര്‍വ്യൂ...

1. കളിക്കാരനായില്ലെങ്കില്‍ ആരാവുമായിരുന്നു?

ഈ ചോദ്യം ഞാനെന്റെ അമ്മയോടും പലവട്ടം ചോദിച്ചിട്ടുണ്ട്. അമ്മ പറഞ്ഞത് വല്ല ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആകുമായിരുന്നു എന്നാണ്.

2. ഇടയ്ക്ക് രാഷ്ട്രീയത്തിലും പയറ്റിയല്ലോ ഒരു കൈ. നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തെ ഒറ്റ വാക്കില്‍ വിലയിരുത്താമോ?

ഓഫ് മുതലാളി, ബൈ മുതലാളി, ഫോര്‍ മുതലാളി. പണക്കാര്‍ക്കു വേണ്ടി പണക്കാര്‍ നടത്തുന്ന പണക്കാരുടെ ഭരണം.

3. പാടുന്ന മന്ത്രി, ചിത്രം വരക്കുന്ന മന്ത്രി, അഭിനയിക്കുന്ന മന്ത്രി ഒക്കെയുണ്ട്. പന്തു കളിക്കുന്ന ഒരു മന്ത്രി ഉണ്ടാവുമോ?

അഭിനയവും കളിയും രണ്ടും തികഞ്ഞ ഒരാള്‍ ഉണ്ടായിക്കൂടെന്നില്ല.

4. ലീഡറോട് വലിയ വിധേയത്വം ഉണ്ടായിരുന്നല്ലോ. അതെന്താ?

ഇന്നു കാണുന്ന വിജയന്‍ ലീഡറില്ലെങ്കില്‍ ഉണ്ടാവുമായിരുന്നില്ല

5. രാഷ്ട്രീയത്തില്‍ നന്ദി ഒക്കെയുണ്ടോ?

ഇല്ലാതായതാണ് നമ്മുടെ നാടിന്റെ പ്രശ്നം

6. ആരോടെങ്കിലും നന്ദികേട് കാട്ടിയിട്ടുണ്ടോ?

അറിഞ്ഞുകൊണ്ടില്ല. ഇല്ലെന്നു പറയാനും പറ്റില്ല. എന്നെ കളിക്കാരനാക്കിയ കേരളം വിട്ടു പോകേണ്ടി വന്നു. വയറ്റുപിഴപ്പിനു വേണ്ടിയായിരുന്നു അത്.

7. കളിക്കാരുടെ ഒരു സംഘടന ഉണ്ടാവണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

അതാണ് ഇന്ന് ഏറ്റവും ആവശ്യം. അവരുടെ കാര്യം പറയാന്‍ ആരുമില്ല. അവര്‍ക്കു ജോലി, സമ്മാനത്തുക, യാത്രാസൗകര്യം, ജീവിതസുരക്ഷിതത്വം ഒന്നും ചോദിച്ചു വാങ്ങാന്‍ കഴിവില്ല. ഇവിടെ സംഘടന ഇല്ലാത്ത ഏക വിഭാഗം അവരാണ്.

8. ഏറ്റവും ആരാധിച്ചിരുന്ന നേതാവ്?

ഇന്ദിരാ ഗാന്ധി

9. ദളിത് മുന്നേറ്റം, ദളിത് സാഹിത്യം, ദളിത് രാഷ്ട്രീയം എന്നൊക്കെ കേട്ടിട്ടുണ്ടോ. അതില്‍ വിശ്വസിക്കുന്നുണ്ടോ?

അറിയുന്ന കാര്യം വല്ലതും ചോദിക്ക്.

10. അവസരം കിട്ടിയാല്‍ ചെയ്യുമെന്ന് ഉറപ്പുള്ള ഒരു കാര്യം?

മലപ്പുറത്ത് ഒരു ഫുട്ബോള്‍ സ്റ്റേഡിയം പണിയും.

11. സ്നേഹിച്ചവര്‍ക്കെന്തു തിരിച്ചു കൊടുക്കും?

സ്നേഹം തിരിച്ചു കൊടുക്കും. എന്തായാലും വെറുപ്പിക്കില്ല.

12. സ്പോര്‍ട്സ് മന്ത്രിയായാല്‍ ആദ്യം എന്തു ചെയ്യും?

അഞ്ചാം ക്ലാസ്സില്‍ അഞ്ചു കൊല്ലം പഠിച്ചവനാണ് ഞാന്‍. കളിയാണ് എന്നെ രക്ഷിച്ചത്. സ്‌കൂളുകളില്‍ കളിയും കളിക്കളങ്ങളും നിര്‍ബന്ധമാക്കാന്‍ ശ്രമിക്കും. ആള്‍ക്കാര്‍ക്ക് ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്ല ഇന്ന്. ആത്മഹത്യകള്‍ കൂടുന്നു. ആരോഗ്യം കുറയുന്നു. കണ്ണട വെക്കാത്ത കുട്ടികളുണ്ടോ ഇന്ന്. കുട്ടികള്‍ കളിക്കാത്തതു കൊണ്ടാണ്. കളിച്ചു വളരട്ടെ നമ്മുടെ കുട്ടികള്‍

13. സ്മാര്‍ട്ട് സിറ്റി, ഫാഷന്‍ സിറ്റി, എക്സ്പ്രസ് ഹൈവേ -ഏതിനാണ് മുന്‍ഗണന നല്‍കുക?

വിശപ്പാണ് പ്രശ്നം. ഇതേതെങ്കിലും കൊണ്ട് വിശപ്പു മാറുമോ. വിശക്കുന്നവര്‍ക്കെല്ലാം ഊണു കൊടുക്കാന്‍ എന്തു പദ്ധതിയെന്നാണ് ഞാൻ ആലോചിക്കുന്നത്.

14. തീര്‍ക്കാന്‍ വല്ല കണക്കുകളും ബാക്കിയുണ്ടോ?

എന്റെ ജീവിതം കണക്കില്ലാത്ത പുസ്തകമാണ്. കടപ്പാടുകള്‍ ഏറെയുണ്ട്. അതു കൊടുത്തു തീര്‍ക്കാനുള്ളതല്ല. ശത്രുതയുടെ കണക്കുകള്‍ എഴുതിവയ്ക്കാറുമില്ല.

15. പൂര്‍ത്തിയാകാത്ത ഒരു മോഹം?

കളിച്ചു കൊതി തീര്‍ന്നില്ല.

16. ജീവിതത്തെ നേരിടാന്‍ കരുത്തു പകരുന്നത്?

അനുഭവങ്ങള്‍. വിശപ്പും പട്ടിണിയും ഒരിക്കൽ അനുഭവിച്ചവന്‍ പിന്നീടൊരിക്കലും ജീവിതത്തിനു മുന്നില്‍ തോല്‍ക്കില്ല.

17. നന്മയും നേര്‍വഴിയും പഠിപ്പിച്ചതാര്?

എന്നെ ജീവിതം പഠിപ്പിച്ചത് ഫുട്ബോളാണ്. എന്റെ സാഹചര്യങ്ങള്‍ മോശമായിരുന്നു. കളി എന്നെ നല്ലവനും വലിയവനുമാക്കി. അനുഭവമാണ് എന്റെ ഗുരു.

18. ഏറ്റവും വില മതിക്കുന്ന ഗുണം?.

വിശ്വസ്തത, നന്ദി.

19. എന്തു കണ്ടാലാണ് മനസ്സലിയുക?

വിശപ്പ്.

20. ഏറ്റവും വലിയ ഖേദം?

ഞാനൊരു കളിക്കാരനാവണമെന്ന് ഏറ്റവും ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു. അതു കാണാന്‍ അച്ഛനു കഴിയാഞ്ഞത്.

21. അമൂല്യമായ സമ്പാദ്യം?

കുടുംബം.

22. ഏറ്റവും സങ്കടപ്പെട്ട് കരഞ്ഞ ദിവസം?

അച്ഛന്‍ മരിച്ച ദിവസം. എഴുത്തും വായനയും അറിയാമായിരുന്നെങ്കില്‍ അച്ഛന്‍ മരിക്കുമായിരുന്നില്ല. പേരു വായിക്കാനറിയാത്തതു കൊണ്ട് റേഷന്‍ കാര്‍ഡ് മാറിയെടുത്തു. വീട്ടിലെത്തിയപ്പോഴാണ് അത് അറിഞ്ഞത്. റേഷന്‍ കാര്‍ഡ് തിരിച്ചുകൊണ്ടു പോയി കൊടുത്ത് വരുന്ന വഴിക്കാണ് സൈക്കിളില്‍ വണ്ടിയിടിച്ചത്.

23. വേണ്ടത്ര പഠിക്കാനായില്ല എന്ന ഖേദമുണ്ടോ?

ഉണ്ട്. എന്നാല്‍ അതില്‍ അപമാനമൊന്നുമില്ല. സ്‌കൂളില്‍ ഒപ്പം പഠിച്ച, പിന്നീടു വലിയ കോളേജുകളിലൊക്കെ പോയ പലരും ഇപ്പോഴും ഒന്നുമാവാതെ നടക്കുന്നുണ്ട്. പരീക്ഷയിലല്ലാതെ ഞാന്‍ ജീവിതത്തില്‍ തോറ്റിട്ടില്ല.

24. ഇനിയും പഠിച്ചു കൂടേ?

ഞാന്‍ പഠിക്കുകയല്ലേ. എന്റെ ജീവിതം മുഴുവന്‍ പഠനമായിരുന്നു. എത്ര മനുഷ്യര്‍, എത്ര നാടുകള്‍, എത്രയെത്ര അനുഭവങ്ങള്‍. എന്റെയൊപ്പം പഠിച്ച പലരേക്കാളും ഭാഷകള്‍ ഞാനിന്നു സംസാരിക്കും. മനുഷ്യരേയും പ്രശ്നങ്ങളേയും കൈകാര്യം ചെയ്യും. എന്റെ എഴുത്തും വായനയുമൊക്കെ എന്റെ കളി തന്നെ...

25. ഏറ്റവും പേടി ആരെ?

ആരെയും പേടിക്കണമെന്നു തോന്നിയിട്ടില്ല.

26. ഏറ്റവും വെറുക്കുന്നത്?

നന്ദിയില്ലാത്തവരെ, വന്ന വഴി മറക്കുന്നവരെ.

27. ഇഷ്ടദൈവം?

എല്ലാ ദൈവങ്ങളെയും. ഞാന്‍ പള്ളിയിലും പോകാറുണ്ട്.

28. സ്വന്തം ശക്തി?

ആത്മവിശ്വാസം

29. ഏറ്റവും കൊതിച്ചിട്ട് കിട്ടാതെ പോയ ഗുണം?

യേശുദാസിന്റെ ശബ്ദം

30. കിട്ടിയതില്‍ ഏറ്റവും വലിയ ഭാഗ്യം?

കളിക്കാനുള്ള കഴിവ്?

31. ഏറ്റവും വില മതിക്കുന്ന സ്വന്തം യോഗ്യത?

സത്യസന്ധത

32. ഒരിക്കലും മറക്കാത്ത മനുഷ്യന്‍?

മരിച്ചുപോയ ജോസ് പറമ്പന്‍. എന്റെ ജീവിതം വഴിതിരിച്ചു വിട്ടത് പറമ്പന്‍ സാറാണ്.

33. ഒരിക്കലും മറക്കാത്ത സമ്മാനം?

സമ്മാനം എന്നു പറഞ്ഞു കൂടാ. വളരെ പണ്ടാണ്. ബൂട്ടിടാതെ കളിക്കുന്ന കാലത്ത് യു.പി.ജോണി സാറ് വാങ്ങിത്തന്ന ഒരു ജോടി ബൂട്സാണ് എന്നും ഓര്‍മയില്‍ നില്‍ക്കുന്ന സമ്മാനം.

34. സൗന്ദര്യ രഹസ്യം?

പറഞ്ഞു കൊടുക്കില്ല. എന്റെ ഗ്ലാമര്‍ കോപ്പിയടിക്കാനല്ലേ.

35. കളി, സിനിമ, ബിസിനസ്, രാഷ്ട്രീയം.. എല്ലാം പയറ്റി. ഏതാണ് ഏറ്റവും വിഷമം?

കളി. എന്റെ കളി ഞാന്‍ തന്നെ കളിക്കണ്ടേ.

36. എല്ലാം നശിക്കുന്നു. നഷ്ടപ്പെടുന്നു. ആരും സഹായിക്കുന്നുമില്ല. എന്തു ചെയ്യും

ഒരു പ്രശ്നവുമില്ല. വീണ്ടും സോഡ വിറ്റും കടല വിറ്റും ജീവിക്കും.

37. കറുത്തവരുടെ ലോകത്തെ ഏറ്റവും സുന്ദരനും സുന്ദരിയും?

നെല്‍സണ്‍ മണ്ഡേല, സി.കെ.ജാനു

38. എങ്ങിനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്?

ഒരു പന്തുകളിക്കാരനായി മാത്രം.

39. വീണ്ടും ബാല്യം തിരിച്ചു തരാം. മറ്റൊരു കളി തിരഞ്ഞെടുക്കാം. ഏതു വേണം.

ബാസ്‌കറ്റ് ബോള്‍

40. ഒരു കുസൃതി ചോദ്യം. ഏതെങ്കിലും ദുരന്തം തിരഞ്ഞെടുക്കാം. ഒന്നു നിര്‍ബന്ധം. സുനാമി, കൊടുങ്കാറ്റ്, ഭൂകമ്പം, എല്ലാവര്‍ക്കും കാന്‍സര്‍. ഏതെടുക്കും...?

കാന്‍സര്‍. അതിനു മരുന്നു കണ്ടുപിടിക്കാമല്ലോ.

(പുനഃപ്രസിദ്ധീകരണം)

Content Highlights: IM Vijayan Interview 50th birthday

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram