അധിപനായി സിദാനുണ്ടാകുമ്പോള്‍ റയലെന്തിന് സൂപ്പര്‍ താരങ്ങളെ താലോലിക്കണം?


അനീഷ് പി നായര്‍

4 min read
Read later
Print
Share

കിരീടനേട്ടങ്ങളില്ലാതെ പ്രസിഡന്റ് സ്ഥാനത്തിന് ഭീഷണി നേരിട്ടപ്പോള്‍ പെരസ് ഇറക്കിയ തുറുപ്പുചീട്ടയിരുന്നു സിനദിന്‍ സിദാന്റെ പരിശീലക വേഷം

കിരീടവിജയങ്ങളില്‍ താരതമ്യപ്പെടുത്താനായിട്ടില്ലെങ്കിലും ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസനോട് ചില കാര്യങ്ങളില്‍ സിനദിന്‍ സാമ്യപ്പെടുന്നു. 2016ല്‍ റയല്‍ മഡ്രിഡിന്റെ പരിശീലക സ്ഥാനത്തെത്തിയശേഷം കളത്തിലും പുറത്തും സിദാന്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ക്കും നിലപാടുകള്‍ക്കും ഒരു ഫെര്‍ഗി ടച്ചുണ്ട്. ഒടുവില്‍ ബാഴ്‌സലോണക്കെതിരെ സൂപ്പര്‍ കപ്പില്‍ നേടിയ ആധികാരിക ജയത്തോടെ റയലിന്റെ ഹോട്ട് സീറ്റില്‍ അമര്‍ന്നിരിക്കാനും മുന്‍ ഫ്രഞ്ച് നായകനാകുന്നു.

26 വര്‍ഷമാണ് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഫെര്‍ഗൂസന്‍ പരിശീലിപ്പിച്ചത്. 1500 മത്സരം, 38 കിരീടങ്ങള്‍. ഇതിനിടെ കടപുഴകിയ നിരവധി റെക്കോഡുകള്‍. ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തേയും മികച്ച പരിശീലകരുടെ മുന്‍നിരയില്‍ സ്ഥാനം. ഫെര്‍ഗുസന്‍ നേടിയെടുത്തത് ബഹുമാനിക്കപ്പെടുന്ന നേട്ടങ്ങളാണ്. അതിനെല്ലാം ഫെർഗൂസനെ സഹായിച്ച ഒരു ഘടകമുണ്ട്. കര്‍ശനമായ അച്ചടക്കവും പരിശീലകന് ഉപരിയായി കളിക്കാരെ വളരാന്‍ അനുവദിക്കാത്ത തന്‍പോരിമയും. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്ത്രശാലിയായ പരിശീലകനല്ല ഫെര്‍ഗുസന്‍. എന്നാല്‍ എക്കാലത്തും പട്ടാളച്ചിട്ടയില്‍ നയിക്കപ്പെട്ട ടീമിന്റെ അമരക്കാരനായിരുന്നു. യുണൈറ്റഡിന്റെ കിരീടവിജയങ്ങള്‍ സംഘബോധത്തിന്റെ കൊടിയടയാളങ്ങളായിരുന്നു. ഏത് പ്രതിസന്ധിയിലും കയറിവരാന്‍ കെല്‍പുള്ള, മനസ്ഥൈര്യമുള്ള ടീമിനെ ഫെര്‍ഗി സൃഷ്ടിച്ചെടുത്തു.

തന്നോളം വളര്‍ന്നപ്പോള്‍ ഡേവിഡ് ബെക്കാമിനേയും നിസ്റ്റല്‍ റുയിയേയും ടീമിന് പുറത്താക്കി. വികൃതിച്ചെക്കനായ പോഗ്ബയെ യുവന്റിസിലേക്ക് പറഞ്ഞയച്ചു. ടീമെന്ന സങ്കല്‍പത്തില്‍ സൂപ്പര്‍ ഹീറോകള്‍ക്ക് ഫെര്‍ഗി സ്ഥാനം നല്‍കിയില്ല. പണമൊഴുക്കി ടീമിനെ സൃഷ്ടിക്കുന്ന ഗലാറ്റിക്കോസ് മാതൃകയില്‍ വിശ്വസിച്ചില്ല. പകരം യൂത്ത് സിസ്റ്റത്തില്‍ നിന്നും മറ്റ് ക്ലബ്ബുകളിലെ യുവതാരങ്ങളെ ടീമിലെത്തിച്ചും സന്തുലിതമായ ടീമുണ്ടാക്കി. യുണൈറ്റഡിന്റെ കിരീടവിജയങ്ങളല്ലാം ഇത്തരത്തില്‍ ഫെര്‍ഗി വെട്ടിപ്പിടിച്ചതാണ്.

റയലിന്റെ പ്രസിഡന്റ് സ്ഥാനത്തെത്താനും തുടര്‍ന്ന് പദവി നിലനിര്‍ത്താനും ഫ്ലോറന്റീന പെരസ് എക്കാലത്തും കരുവാക്കിയത് ഗാലാറ്റിക്കോസ് എന്ന ഓമനപേരിലറിയപ്പെടുന്ന സൂപ്പര്‍താരക്കൂട്ടത്തെയായിരുന്നു. സിദാന്‍, ബെക്കാം, റൊണാള്‍ഡോ, ഫിഗോ, റോബര്‍ട്ടോ കാര്‍ലോസ് റൗള്‍ എന്നിവര്‍ ഒരുമിച്ചു കളിച്ച ആദ്യ ഗലാറ്റിക്കോസ് കാലഘട്ടത്തിലും ക്രിസ്റ്റ്യാനോ, ബെയ്ല്‍, ബെന്‍സേമ, ഒസില്‍, എയ്ഞ്ചല്‍ ഡി മരിയ എന്നിവരുടെ രണ്ടാം കാലഘട്ടത്തേയും പെരസ് സൃഷ്ടിച്ചത് അധികാരം നിലനിര്‍ത്താനായിരുന്നു.

കിരീടനേട്ടങ്ങളില്ലാതെ പ്രസിഡന്റ് സ്ഥാനത്തിന് ഭീഷണി നേരിട്ടപ്പോള്‍ പെരസ് ഇറക്കിയ തുറുപ്പുചീട്ടയിരുന്നു സിനദിന്‍ സിദാന്റെ പരിശീലക വേഷം. കളിക്കുന്ന കാലത്ത് തലകൊണ്ട് കളിച്ച സിദാന്‍ നല്ലൊരു പരിശീലകനാകുമെന്ന് അന്നേ പെരസിന്റെ കുശാഗ്രബുദ്ധിയില്‍ തെളിഞ്ഞിട്ടുണ്ടാകും. ഗലാറ്റിക്കോസിന്റെ ഗുണവും ദോഷവും അനുഭവിച്ച സിദാന്‍ കൃത്യമായി തയ്യാറെടുപ്പുമായിട്ടാണ് 2016 -ലെ ജനുവരിയില്‍ റയലിന്റെ പരിശീലകനാകുന്നത്. റയലില്‍ സഹപരിശീലകനായും രണ്ടാംനിര ടീമിന്റെ പരിശീലകനായിരിക്കുമ്പോഴും കളിക്കാരും പരിശീലകരും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പവും വിള്ളലുകളും മനസിലാക്കാന്‍ ഫ്രഞ്ച് ഫുട്‌ബോളര്‍ക്കായിരുന്നു.

സൂപ്പര്‍താരസംസ്‌ക്കാരത്തില്‍ അധിഷ്ടിതമായ റയലില്‍ പെട്ടന്നൊരു പൊളിച്ചെഴുത്ത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നറിയാമായിരുന്ന സിദാന്‍ പതുക്കെയാണ് കരുക്കള്‍ നീക്കിയത്. ബാഴ്‌സക്കെതിരായ രണ്ടാം പാദമത്സരത്തിലെ റയല്‍ ടീം ഒരു സൂചനയാണ്. സൂപ്പര്‍താരങ്ങളില്ലാത്ത ആ ടീമാണ് ടീമാണ് ബാഴ്‌സയെ തകര്‍ത്തുവിട്ടത്. സിദാന്റെ ഫെര്‍ഗിയിലേക്കുള്ള കൂടുമാറ്റം യാഥാര്‍ഥ്യമാകുന്നത് ഇവിടെയാണ്.

സിദാന്‍ പരിശീലക ചുമതലയേറ്റതിന് ശേഷം വമ്പന്‍താരങ്ങള്‍ ടീമിലേക്കെത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് സീസണിലും ട്രാന്‍സ്ഫര്‍ വിപണയില്‍ ക്ലബ്ബ് കാര്യമായ ഇടപെടല്‍ നടത്തിയില്ല. അതേസമയം അല്‍വാരോ മൊറാട്ടയേയും ഹാമിഷ് റോഡ്രിഗസിനേയും വന്‍തുകയ്ക്ക് കൈമാറാനും കഴിഞ്ഞു. അതേസമയം അസെന്‍സിയോയും ലൂക്കാസ് വാസ്‌ക്വസും കാസെമിറോയും വന്‍താരങ്ങളായി ഉയര്‍ന്നു. ഇത്തവണ വാങ്ങിയത് രണ്ട് യുവതാരങ്ങളെ. യുണൈറ്റഡിന്റെ ഫെര്‍ഗിയുമായി സിദാന്റെ ഇവിടെ സാമ്യപ്പെടുന്നു.

താരകേന്ദ്രീകൃതമായ റയലില്‍ നിന്ന് ടീമായി കളിക്കുന്ന റയലിലേക്കുള്ള മാറ്റമാണ് കഴിഞ്ഞ രണ്ട് സീസണുകളില്‍ കാണുന്നത്. അപ്രധാന മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയും ബെയ്‌ലും ബെന്‍സേമയും പുറത്തിരിക്കുന്നു. പകരം അസെന്‍സിയോ-വാസ്‌ക്വസ്-ഇസ്‌കോ എന്നിവര്‍ കളിക്കുന്നു. പ്രതിരോധത്തിലും മധ്യനിരയിലും യുവാക്കള്‍ക്ക് അവസരം ലഭിക്കുന്നു. ചുരുക്കത്തില്‍ ഒരു ടീമായി റയല്‍ കളിക്കുന്നു. റയല്‍ ടീമിന് എക്കാലത്തും പരിശീലകനെക്കാള്‍ ആവശ്യം കളിക്കാരെ ചേര്‍ത്തുകൊണ്ടുപോകാന്‍ കഴിയുന്ന മാനേജ്‌മെന്റ് വിദഗ്ധനെയായിരുന്നു.

ഹൊസെ മൗറീന്യോയും റാഫേല്‍ ബെനിറ്റസും പരാജയപ്പെടുന്നതും കാര്‍ലോസ് ആന്‍സലോട്ടി വിജയിക്കുന്നതും ഈ വ്യത്യാസത്തിലായിരുന്നു. എന്നാല്‍ സിദാന്‍ ഈ സമ്പ്രദായം പുതുക്കിപ്പണിതു. ക്ലബ്ബിന്റെ ഇതിഹാസതാരമെന്ന നിലയില്‍ ലഭിക്കുന്ന ബഹുമാനത്തിനൊപ്പം പരിശീലകന്റെ അപ്രമാദിത്വം തന്ത്രപൂര്‍വം സൃഷ്ടിച്ചെടുക്കാനായിട്ടുണ്ട്. നിലവിലെ ടീമില്‍ സിദാനോളം ആര്‍ക്കും വളര്‍ച്ചയില്ല. ക്രിസ്റ്റിയാനോയില്ലാത്ത ടീം ബാഴ്‌സക്കെതിരെ ജയിക്കുന്നതും വിജയത്തില്‍ യുവതാരങ്ങള്‍ നിര്‍ണ്ണായകമാകുന്നതും സിദാന്റെ വിജയമാണ്.

ഫെര്‍ഗി യുണൈറ്റഡിന്റെ അധിപനായിരുന്നെങ്കില്‍ റയലില്‍ സിദാന്‍ അത്തരമൊരു സ്ഥാനത്തിലേക്കാണ് നീങ്ങുന്നത്. ടീമിന് സൂപ്പര്‍ താരങ്ങള്‍ അനിവാര്യരല്ലാതാകുന്നു. ബാഴ്‌സക്കെതിരെ രണ്ടാം പാദത്തില്‍ വിലക്ക് മൂലം ക്രിസ്റ്റ്യാനോ കളിക്കാതിരിക്കുന്നതോടെ ബെയ്​ലും ഇസ്‌കോയും നിര്‍ബന്ധമായും കളിക്കേണ്ടവരാണ്.എന്നാല്‍ ഇരുവരേയും പുറത്തിരുത്തി. ഒപ്പം മധ്യനിരയെ നിയന്ത്രിക്കുന്ന കാസെമിറോയും. അസെന്‍സിയോയും വാസ്‌ക്വസും മുന്നേറ്റത്തിലും കൊവാസിച്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിക്കുന്നു. ബാഴ്‌സക്കെതിരെ ജയത്തിനൊപ്പം പന്ത് കൈവശം വെക്കുന്നതിലും ടീം ജയിക്കുന്നു.ഇവിടെയാണ് ടീമിന്റെ സൂപ്പര്‍താരസങ്കല്‍പ്പം പൊളിഞ്ഞില്ലാതാകുന്നത്. രണ്ട് സീസണ്‍ കൊണ്ട് നേടിയ ഏഴ് കിരീടങ്ങള്‍ പരിശീലകന്റെ പദ്ധതികള്‍ക്ക് കരുത്തുമാകുന്നു.

കഴിഞ്ഞ സീസണ്‍ മുതല്‍ സിദാന്‍ പ്ലാന്‍ ബി കൃത്യമായി ആവിഷ്‌ക്കരിക്കുന്നുണ്ട്. അല്‍വാരോ മൊറാട്ട- വാസ്‌ക്വസ്- അസെന്‍സിയോ ത്രയത്തിന് അവസരം നല്‍കാന്‍ സിദാന്‍ ശ്രദ്ധിച്ചിരുന്നു. ബെയ്‌ലോ, ക്രിസ്റ്റിയാനോയോ കളിക്കാതിരുന്നാലും ടീമിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കരുത്ത് ഇതോടെ റിസര്‍വ് ബഞ്ചിനുണ്ടായി. ബാഴ്‌സ ഇപ്പോള്‍ അനുഭവിക്കുന്നതിന് കാരണം ഇത്തരമൊരു പ്ലാന്‍ ബിയുടെ അഭാവമാണ്.

കളിക്കുന്ന കാലത്ത് ഗെയിം മനസിലാക്കുന്നതില്‍ സിദാനോളം കഴിവുള്ളവര്‍ ഏറെയുണ്ടായിരുന്നില്ല. പരിശീലകനായപ്പോളും ഇതേ കൗശലത കൂട്ടിനുണ്ട്. എതിരാളിയെ മനസിലാക്കി തന്ത്രമൊരുക്കാനാകുന്നുണ്ട്. ബാഴ്‌സക്കെതിരെയും യുണൈറ്റഡിനെതിരെയുമുള്ള കളികളുടെ ടാക്റ്റിക്കല്‍ ബോര്‍ഡില്‍ സിദാന്റെ കൈയ്യൊപ്പുണ്ട്. രണ്ട് ചാമ്പ്യന്‍സ് ലീഗും ലാലിഗയുമടക്കം ഏഴ് കിരീടങ്ങളാണ് രണ്ട് സീസണിനുള്ളില്‍ റയല്‍ മഡ്രിഡിന്റെ ഷോക്കേസിലെത്തിയത്. ഇതെല്ലാം ടീമായി കളിച്ച് നേടിയതാണ്. മധ്യനിരക്കാരനായത് കൊണ്ടാകണം റയല്‍ മിഡ്ഫീല്‍ഡിനെ ശക്തിപ്പെടുത്താന്‍ സിദാന്‍ ശ്രദ്ധ നല്‍കുന്നത്. പണമൂല്യത്തില്‍ റയല്‍ മിഡ്ഫീല്‍ഡില്‍ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമാണ്.

എന്നാല്‍ കളി മികവിലും ഒത്തിണക്കത്തിലും ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും നല്ല മധ്യനിരയും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാസെമിറോ, കോവാസിച്ച്, പന്ത് വിതരണത്തിന് ടോണി ക്രൂസ്, ലൂക്ക മോഡിച്ച്, മുന്നേറ്റത്തിലും മധ്യഭാഗത്തും ഉപയോഗിക്കാവുന്ന ഇസ്‌കോ. മൊറാട്ടയും ഹമീഷ് റോഡ്രിഗസും പോയിട്ടും ടീമിന്റെ ശക്തി കുറയാതിരുന്നിടത്താണ് സിദാന്റേയും ടീമിന്റെ സംഘബോധത്തിന്റേയും വിലയറിയുന്നത്. ഇനിയുള്ള കാലത്ത് സിദാന്റെ ശക്തി കൂടുകയും ടീമിലെ സൂപ്പര്‍താരപ്രഭാവം കുറയുകയും ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram