താന്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി മുന്‍ ഐവറി കോസ്റ്റ് താരം യായ ടുറെ രംഗത്ത്. ടുറെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്നും ഇനി പരിശീലകന്റെ റോളിലാകും താരം പ്രത്യക്ഷപ്പെടുകയെന്നും വ്യക്തമാക്കി അദ്ദേഹത്തിന്റെ ഏജന്റ് ദിമിത്രി സെലുക്ക് ശനിയാഴ്ച രംഗത്തു വന്നിരുന്നു.
ഇപ്പോഴിതാ ഇക്കാര്യം നിഷേധിച്ച് ടുറെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അടുത്തകാലത്ത് ഫുട്‌ബോളിലെ തന്റെ ഭാവിയെ കുറിച്ച് ധാരാളം ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നു പറഞ്ഞ ടുറെ തനിക്ക് ഫുട്‌ബോള്‍ ഇഷ്ടമാണെന്നും ഇനിയും ഏതാനും വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഫുട്‌ബോളില്‍ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറെടുക്കുകയാണെന്നും സമയമാകുമ്പോള്‍ എന്റെ വിരമിക്കല്‍ തീരുമാനം ഞാന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ടുറെ ട്വിറ്ററില്‍ കുറിച്ചു.
2018-ല്‍ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസുമായുള്ള കരാര്‍ അവസാനിപ്പിച്ച ടുറെ പിന്നീട് മറ്റ് ക്ലബ്ബുകളുമായൊന്നു കരാറില്‍ ഏര്‍പ്പെട്ടിരുന്നില്ല.
നാലു തവണ ആഫ്രിക്കന്‍ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട ടുറെ 2009-ല്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും പങ്കാളിയായിരുന്നു. പിന്നീട് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിക്കായി എട്ടു വര്‍ഷം ബൂട്ടുകെട്ടി. സിറ്റിയോടൊപ്പം മൂന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങളില്‍ പങ്കാളിയായി.
ബെല്‍ജിയം ക്ലബ്ബ് ബെവെറെനിലൂടെയാണ് ആഫ്രിക്കന്‍ താരം തന്റെ യൂറോപ്യന്‍ കരിയര്‍ തുടങ്ങുന്നത്. പിന്നീട് ഡോണെസ്‌കിലും ഒളിമ്പ്യാക്കോസിലും മൊണാക്കോയിലും കളിച്ചു. 2007-ലാണ് ബാഴ്‌സയിലെത്തുന്നത്. 2015-ല്‍ ഐവറികോസ്റ്റിനൊപ്പം ആഫ്രിക്കന്‍ കപ്പും നേടി.
Content Highlights: Yaya Toure Ex-Manchester City and Barcelona midfielder denies retirement