ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും സമനില. തെക്കേ അമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെനസ്വേലയാണ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്.
സൂപ്പര്‍താരം ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, യുവതാരം പൗളോ ഡിബാല, ഇന്റര്‍മിലാന്‍ താരം മൗറോ ഇക്കാര്‍ഡി എന്നിവരുമായി കളത്തിലിറങ്ങിയിട്ടും ബ്യൂണസ് ഐറിസില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അര്‍ജന്റീനക്ക് വിജയതീരത്തെത്താനായില്ല. ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ച വെനസ്വേലക്കെതിരെ സാംപോളിയുടെ സംഘം ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോള്‍ മാത്രം കണ്ടെത്തുന്നതില്‍ പരാജപ്പെട്ടു.
രണ്ടാം പകുതിയില്‍ ജോണ്‍ മ്യുറില്ലോയിലൂടെ വെനസ്വേല അര്‍ജന്റീനയെ ഞെട്ടിച്ചു. എന്നാല്‍ ഭാഗ്യം അര്‍ജന്റീനക്കൊപ്പമായിരുന്നു. ഒരു ഗോളിന്റെ മുന്‍തൂക്കം മൂന്ന് മിനിറ്റ് നിലനിര്‍ത്താനെ വെനസ്വേലക്ക് സാധിച്ചുള്ളൂ. സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ഭാഗ്യം അര്‍ജന്റീനക്കൊപ്പം നിന്നു. ഇക്കാര്‍ഡിയുടെ സമ്മര്‍ദം അതിജീവിക്കുന്നതിനിടയില്‍ റോള്‍ഫ് ഫ്‌ളെച്ചറാണ് സ്വന്തം വലയില്‍ പന്ത് കയറ്റിയത്.
25-ാം മിനിറ്റില്‍ ഡി മരിയക്ക് പരിക്കേറ്റതും അര്‍ജന്റീനക്ക് തിരിച്ചടിയായി. തുടര്‍ന്ന് മരിയക്ക് പകരം അക്യുന കളത്തിലെത്തി. 62-ാം മിനിറ്റില്‍ ദ്യബാലക്ക് പകരം ബെനഡെറ്റോയെയും 75-ാം മിനിറ്റില്‍ ഇക്കാര്‍ഡിക്ക് പകരം പാസ്റ്റോറയേയും സാംപോളി പരീക്ഷിച്ചെങ്കിലും മത്സരഫലത്തില്‍ മാറ്റമൊന്നുമുണ്ടായില്ല.
ഇതോടെ ഇനിയുള്ള രണ്ടു മത്സരങ്ങള്‍ അര്‍ജന്റീനക്ക് നിര്‍ണയാകമായി. ഒക്ടോബറില്‍ നടക്കുന്ന മത്സരത്തില്‍ പെറുവും ഇക്വഡോറുമാണ് എതിരാളികള്‍. 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമെ നേരിട്ട് യോഗ്യത ലഭിക്കൂ. അഞ്ചാം സ്ഥാനത്തുള്ളവര്‍ക്ക് പ്ലേയോഫ് കളിച്ചുവേണം യോഗ്യത നേടാന്‍.
#willian A Willian goal gives Brazil a half time lead
Still good value for money at £7.1m?#Willian#FPL#COLBRApic.twitter.com/KDINXgt2JJ
— Yariga.Net (@Yarigakurdish) 5 September 2017
അതേസമയം മറ്റൊരു നിര്‍ണായക മത്സരത്തില്‍ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് വില്ല്യനിലൂടെ ബ്രസീലാണ് ആദ്യം ലക്ഷ്യം കണ്ടത്. എന്നാല്‍ രണ്ടാം പകുതി തുടങ്ങി 11 മിനിറ്റുകള്‍ക്കുള്ളില്‍ കൊളംബിയ തിരിച്ചടിച്ചു. റെഡാമെല്‍ ഫാല്‍ക്കാവൊയാണ് ഗോള്‍സ്‌കോറര്‍.
സമനില വഴങ്ങിയിലെങ്കിലും യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ പട്ടികയില്‍ ബ്രസീല്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റ് അവരുടെ അക്കൗണ്ടിലുണ്ട്. അതേസമയം കൊളംബിയക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. 26 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് വീണ കൊളംബിയക്ക് വെല്ലുവിളിയുമായി പെറുവും അര്‍ജന്റീനയും തൊട്ടുപിന്നിലുണ്ട്.
അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ വിജയം കണ്ടു. പരാഗ്വയെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയ ഉറുഗ്വെ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ആറു മത്സരങ്ങളിലും വിജയിക്കാന്‍ കഴിയാതിരുന്ന ഉറുഗ്വെയ്ക്ക് ആശ്വാസം പകരുന്നതാണ് പരാഗ്വയ്ക്കെതിരായ മത്സരഫലം.
76-ാം മിനിറ്റില്‍ അരങ്ങേറ്റ താരം ഫെഡറികൊ വാല്‍വെര്‍ഡെയിലൂടെ ഉറുഗ്വെ മുന്നിലെത്തി. നാല് മിനിറ്റിന് ശേഷം ഗോമസ് ഉറുഗ്വെയ്ക്ക് സെല്‍ഫ് ഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് കളി തീരാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കെ റൊമേരൊ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ഉറുഗ്വെ വിജയമുറപ്പിച്ചിരുന്നു.