ബ്യൂണസ് ഏറീസ്: അര്‍ജന്റീനയില്ലാത്ത ലോകകപ്പാണോ വരാനിരിക്കുന്നത്? അതിനുള്ള സാധ്യതകള്‍ ഏറി വരികയാണ്. ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ ഫുട്ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ടീമിന് വീണ്ടു ചുവടുപിഴച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ പെറുവിനോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്ന മുന്‍ ചാമ്പ്യന്മാരുടെ ഭാവി അക്ഷരാര്‍ഥത്തില്‍ തുലാസ്സിലാണ്. 1970നുശേഷം ഒരു ലോകകപ്പ് ഫൈനല്‍ റൗണ്ട് പോലും കളിക്കാതിരിന്നിട്ടില്ല നിലവിലെ റണ്ണറപ്പുകളായാ അര്‍ജന്റീന.
17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 25 പോയിന്റോടെ ആറാം സ്ഥാനത്താണ് അര്‍ജന്റീന. ഇതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിന് അവര്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കുന്നില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പ്ലേഓഫ് കളിച്ച് റഷ്യയിലെത്താനുള്ള സാധ്യത കൂടി ഇപ്പോള്‍ ഭീഷണിയിലാണ്. ഇനി ഒരു മത്സരം മാത്രമാണ് അവര്‍ക്ക് ശേഷിക്കുന്നത്. ഒക്ടോബര്‍ പത്തിന് ക്വിന്റോയില്‍ ഇക്വഡോറിനെതിരെ.
ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടുമ്പോള്‍ അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിനെ ആശ്രയിക്കണം. ജയിക്കാന്‍ മറന്നുപോയ അര്‍ജന്റീനയ്ക്ക് മുന്നില്‍ ഈ സാധ്യതയും പാതി അടഞ്ഞുകിടക്കുകയാണ്.
ബ്രസീല്‍, യുറുഗ്വായ്, ചിലി, കൊളംബിയ, പെറു എന്നിവയാണ് അര്‍ജന്റീനയ്ക്ക് മുകളിലുള്ള ടീമുകള്‍. ഇതില്‍ ബ്രസീല്‍ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. വെനസ്വേലയോട് ഗോള്‍രഹിത സമനില വഴങ്ങിയ യുറുഗ്വായ് ആണ് 28 പോയിന്റോടെ രണ്ടാമത്. ഇക്വഡോറിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്ന ചിലി മൂന്നാമതും പാരഗ്വായോട് തോല്‍വി വഴങ്ങിയ കൊളംബിയ (1-2) നാലാമതും പെറു അഞ്ചാമതുമാണ്.
കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയോട് സമനില വഴങ്ങിയ മത്സരത്തില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന നിര്‍ണായകമായ മത്സരത്തില്‍ പെറുവിനെ നേരിടാനിറങ്ങിയത്. മുന്‍നിര സ്ട്രൈക്കറായ പൗലോ ഡൈബാളയെ മുഴുവന്‍ സമയവും പുറത്തിരുത്തിയ മത്സരത്തില്‍ ഇന്റര്‍ നായകന്‍ മൗരോ ഇക്കാര്‍ഡിയായിരന്നു ആക്രമണത്തില്‍ മെസ്സിയുടെ കൂട്ട്. ഈ കൂട്ടുകെട്ട് പക്ഷേ ഫലം കണ്ടില്ല. പുതിയതായി ടീമിലെത്തിയ ഡാരിയോ ബെനെഡെറ്റോയും നവാഗതന്‍ എമിലിയാനോ റിഗോണിയും മാര്‍ക്കോസ് അക്യുനയുമൊന്നും ടീമിന് ഗുണം ചെയ്തില്ല.
എന്നാല്‍, കളിയില്‍ വ്യക്തമായ മേല്‍ക്കൈ നേടിയിട്ടും അവര്‍ക്ക് വേണ്ട ജയം മാത്രം സ്വന്തമാക്കാനായില്ല. മെസ്സിയുടെ ഒരു എണ്ണം പറഞ്ഞ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് അവരുടെ ഹൃദയവേദന ഇരട്ടിയാക്കി. കളിയിലുടനീളം അര്‍ജന്റീനയ്ക്കു തന്നെയായിരുന്നു ആധിപത്യം. തുടക്കം മുതല്‍ തന്നെ അവര്‍ സമ്മര്‍ദം ചെലുത്തിക്കളിച്ചപ്പോള്‍ പന്ത് തൊടാന്‍ തന്നെ പെറു താരങ്ങള്‍ വിയര്‍ത്തു. പതിനാലാം മിനിറ്റിലാണ് മെസ്സിയുടെ ആദ്യ ഗോള്‍ ശ്രമം പാഴായത്. ഹാഫ് ടൈം വിസിലിന് തൊട്ടുമുന്‍പാണ് മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയത്.