ലോകകപ്പ് യോഗ്യത: അര്‍ജന്റീനയും ബ്രസീലും കളത്തില്‍


2 min read
Read later
Print
Share

ബ്രസീല്‍ യുറുഗ്വായെ നേരിടുമ്പോള്‍ അര്‍ജന്റീനയ്ക്ക് ചിലിയാണ് എതിരാളികള്‍

ബ്യൂണസ് അയേഴ്സ്: തെക്കേ അമേരിക്കയിലെ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ കരുത്തര്‍ നേര്‍ക്കു നേരെ. ബ്രസീല്‍ യുറുഗ്വായെ നേരിടുമ്പോള്‍ അര്‍ജന്റീനയ്ക്ക് ചിലിയാണ് എതിരാളികള്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30-നാണ് മത്സരങ്ങള്‍. 12 റൗണ്ട് കഴിഞ്ഞപ്പോള്‍ 27 പോയന്റോടെ ബ്രസീലാണ് മുന്നില്‍ 23 പോയന്റുള്ള യുറുഗ്വായ് രണ്ടാമതാണ്. 20 പോയന്റുള്ള ചിലി നാലാമതും 19 പോയന്റുള്ള അര്‍ജന്റീന അഞ്ചാമതുമാണ്.

ബാഴ്സലോണയില്‍ ഒരുമിച്ചുകളിക്കുന്ന നെയ്മറും ലൂയി സുവാരസും എതിരാളികളായി വരുന്നതാണ് ബ്രസീല്‍ -യുറുഗ്വായ് മത്സരത്തിന്റെ ഹൈലൈറ്റ്. യോഗ്യതാറൗണ്ടില്‍ തുടക്കത്തില്‍ മുടന്തിയ ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്ബോളിനുശേഷം തോല്‍വിയറിഞ്ഞിട്ടില്ല.

ദുംഗയ്ക്കുശേഷം പരിശീലകനായ ടിറ്റെയുടെ കീഴില്‍ കളിച്ച ഏഴ് മത്സരത്തിലും ടീം ജയിച്ചു. യോഗ്യതാ റൗണ്ടില്‍ ആറ് തുടര്‍ജയങ്ങളുമായി ഒന്നാം സ്ഥാനത്തേക്കു കയറി. ഇതില്‍ അര്‍ജന്റീനയ്ക്കെതിരെ നേടിയ 3-0ത്തിന്റെ ജയവും ഉള്‍പ്പെടും.

പരിക്കേറ്റ യുവതാരം ഗബ്രിയേല്‍ ജീസസ് യുറുഗ്വായ്ക്കെതിരെ കളിക്കാനില്ല. മുന്നേറ്റത്തില്‍ നെയ്മര്‍ക്കൊപ്പം ഡഗ്ലസ് കോസ്റ്റ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരുണ്ട്. മധ്യനിരയില്‍ കാസെമിറോ, ഫെര്‍ണാണ്ടീന്യോ, റെനാറ്റോ അഗുസ്തോ, ഫിലിപ്പ് കുട്ടീന്യോ എന്നിവരാണ് പ്രമുഖര്‍. പ്രതിരോധത്തില്‍ തിയോഗോ സില്‍വ, ഡാനി ആല്‍വ്സ്, മാര്‍ക്വീന്യോസ്, ഫിലിപ്പ് ലൂയിസ് എന്നിവരുണ്ട്.

മറുവശത്ത് ലൂയി സുവാരസ്, എഡിന്‍സന്‍ കവാനി എന്നിവര്‍ അണിനിരക്കുന്ന മുന്നേറ്റവും ഡീഗോ ഗോഡിന്‍ നേതൃത്വംനല്‍കുന്ന പ്രതിരോധവും മികച്ചതാണ്. ആദ്യപാദത്തില്‍ ബ്രസീലില്‍ കളിച്ചപ്പോള്‍ ഇരുടീമുകളും 2-2 ന് സമനില പാലിച്ചു.

ആദ്യപാദത്തില്‍ ചിലിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസം മെസ്സിക്കും സംഘത്തിനുമുണ്ട്. എന്നാല്‍ കോപ്പ അമേരിക്ക ഫൈനലില്‍ ചിലി അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. അടുത്തകാലത്ത് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയുടെ പ്രകടനം അത്രമികച്ചതല്ല. അവസാന മത്സരത്തില്‍ കൊളംബിയയെ തോല്‍പ്പിച്ചത് തിരിച്ചുവരവായി കണക്കാക്കാം.

മെസ്സിക്കു പുറമെ, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, പൗളോ ഡൈബാല എന്നിവര്‍ കളിക്കുന്ന മുന്നേറ്റമാണ് അര്‍ജന്റീനയുടെ ശക്തി. മധ്യനിരയില്‍ എയ്ഞ്ചല്‍ ഡി മരിയ, ഹാവിയര്‍ മഷെറാനോ, എവര്‍ ബനേഗ, ലൂക്കാസ് ബിഗ്ലിയ എന്നിവരുണ്ടാകും.

പ്രതിരോധത്തില്‍ മാര്‍ക്കോസ് റോജോ, നിക്കോളസ് ഒട്ടാമെന്‍ഡി, റോമിയോ ഫ്യൂണസ് മോറി എന്നിവരുണ്ടാകും. അലക്സിസ് സാഞ്ചസ്, അര്‍ട്ടുരോ വിദാല്‍, ചാള്‍സ് അരന്‍ഗ്യൂണസ്, എഡ്വാര്‍ഡോ വര്‍ഗാസ്, യോര്‍ഗെ വാള്‍ഡിവിയ എന്നിവരിലാണ് ചിലിയുടെ പ്രതീക്ഷ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram