ആന്‍ഫീല്‍ഡ്: ബാഴ്‌സലോണയെ ഞെട്ടിച്ച് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിയില്‍ കളിക്കാനിറങ്ങിയ എ.എസ് റോമയക്ക് ലിവര്‍പൂളിന്റെ കടിഞ്ഞാണ്‍. ആന്‍ഫീല്‍ഡില്‍ നടന്ന സെമിഫൈനല്‍ ആദ്യ പാദത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളിനാണ് ലിവര്‍പൂള്‍ ഇറ്റാലിയന്‍ ടീമിനെ തകര്‍ത്തത്. രണ്ടു ഗോളിന് വഴിയൊരുക്കുകയും രണ്ടു ഗോളടിക്കുകയും ചെയ്ത് റെഡ്‌സിനെ മുന്നില്‍ നിന്ന് നയിച്ചത് മുഹമ്മദ് സലായും ഫെര്‍മിനോയുമാണ്. ഒപ്പം സാഡിയോ മാനെ കൂടി ചേര്‍ന്നതോടെ ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. ജോക്കോയും പെറോട്ടിയും റോമയ്ക്കായി ലക്ഷ്യം കണ്ടു.
ആന്‍ഫീല്‍ഡിലെ ആദ്യ പകുതി ഈജിപ്ഷ്യന്‍ മെസ്സി എന്നറിയപ്പെടുന്ന മുഹമ്മദ് സലായുടെ കാലുകളിലായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ലിവര്‍പൂള്‍ ഒട്ടേറെ അവസരങ്ങള്‍ പാഴാക്കി. തുടക്കത്തില്‍ തന്നെ ലീഡുയര്‍ത്താനുള്ള ലിവര്‍പൂളിന്റെ ശ്രമങ്ങളെ റോമന്‍ പ്രതിരോധം തടഞ്ഞു. എന്നാല്‍ സലായും ഫെര്‍മിനോയും മാനേയും അടങ്ങുന്ന ആക്രമണനിര ശക്തമായി ആക്രമിച്ചപ്പോള്‍ റോമന്‍ പ്രതിരോധത്തിന് കീഴടങ്ങേണ്ടി വന്നു. തുടക്കത്തില്‍ മാനെ അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ മുഹമ്മദ് സലാ ലിവര്‍പൂളിന്റെ രക്ഷക്കെത്തി. ആദ്യ പകുതിയുടെ അവസാന പത്ത് മിനിറ്റില്‍ ഇരട്ടഗോളുമായി സലാ ആന്‍ഫീല്‍ഡിനെ ആവേശത്തിലാഴ്ത്തി. ഇരുഗോളുകളും വന്നത് ഫെര്‍മിനോയും സലായും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു.
രണ്ടാം പകുതിയിലും ലിവര്‍പൂള്‍ ആധിപത്യം തുടര്‍ന്നു. 56-ാം മിനിറ്റില്‍ സലായുടെ അസിസ്റ്റില്‍ മാനെ ലക്ഷ്യം കണ്ടു. അഞ്ചു മിനിറ്റിന് ശേഷം സലായും ഫെര്‍മിനോയും തമ്മിലുള്ള നീക്കത്തിനൊടുവില്‍ ലിവര്‍പൂള്‍ നാല് ഗോളിന്റെ ലീഡിലെത്തി. സലായുടെ അസിസ്റ്റില്‍ ഫെര്‍മിനോയായിരുന്നു ഇത്തവണ ലക്ഷ്യം കണ്ടത്. 68-ാം മിനിറ്റില്‍ ഫെര്‍മിനോ ഇരട്ടഗോളിലെത്തി. കോര്‍ണര്‍ കിക്കില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയായിരുന്നു ഫെര്‍മിനോയുടെ ഗോള്‍. റോമന്‍ പ്രതിരോധത്തിന് ഒന്നും ആലോചിക്കാന്‍ പോലും സമയം നല്‍കാതെ ഫെര്‍മിനോ പന്ത് വലയിലെത്തിച്ചു.
എന്നാല്‍ മത്സരത്തിന്റെ അവസാന പത്ത് മിനിറ്റ് റോമയുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. അഞ്ചു ഗോളിന് പിന്നിട്ട് നിന്ന ശേഷം 81-ാം മിനിറ്റില്‍ എഡ്വിന്‍ സെക്കോയിലൂടെ റോമ ആദ്യ ഗോള്‍ നേടി. നാല് മിനിറ്റിനുള്ളില്‍ വീണ്ടും റോമ ലക്ഷ്യം കണ്ടു, ഇത്തവണ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പൊറോട്ടിയാണ് റോമയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. ബാഴ്സലോണയെ സെമി കാണിക്കാതെ തിരിച്ചയച്ച റോമയെയാണ് അവസാന പത്ത് മിനിറ്റില്‍ മത്സരത്തില്‍ കണ്ടത്. ഇനി മെയ് മൂന്നിന് റോമയുടെ ഗ്രൗണ്ടില്‍ രണ്ടാം പാദ സെമിഫൈനല്‍ നടക്കും.
Content Highlights: World class Mohamed Salah scores twice as Liverpool beat Roma