റോം: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ അതിരുവിട്ട ആഘോഷത്തിനു മുതിര്‍ന്ന യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടിക്ക് സാധ്യത.
അത്ലറ്റിക്കോ മാഡ്രിഡിനെതിരേ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റ യുവന്റസ് രണ്ടാം പാദത്തില്‍ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിജയിച്ച് ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ഹാട്രിക്ക് തികച്ച ശേഷം സൈഡ്‌ലൈനിനടുത്ത് വെച്ച് റൊണാള്‍ഡോ കാണിച്ച ആംഗ്യമാണ് വിവാദമായത്.
നേരത്തെ ആദ്യ പാദത്തില്‍ യുവന്റസിനെ തോല്‍പിച്ചശേഷം അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണി കാണികളെ നോക്കി സമാനമായ ആംഗ്യം കാണിച്ചിരുന്നു. ഇതിന് മറുപടിയായാണ് റൊണാള്‍ഡോ പ്രതികരിച്ചതെന്നാണ് വിലയിരുത്തല്‍.
സിമിയോണിക്കെതിരേ ഇതിന്റെ പേരില്‍ യുവേഫ നടപടിയെടുത്തിരുന്നു. ഇതോടെയാണ് റൊണാള്‍ഡോയ്‌ക്കെതിരെയും നടപടി വരാനുള്ള സാധ്യത തെളിയുന്നത്. പിഴയോ ഒരു മത്സരത്തിലെ വിലക്കോ ആയിരിക്കും താരത്തിനെതിരേ സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയന്‍ പത്രം ഗസറ്റ് ഡെല്ലോ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്വാര്‍ട്ടറില്‍ അയാക്‌സാണ് യുവന്റസിന്റെ എതിരാളികള്‍. ഏപ്രില്‍ ഒമ്പതിനാണ് ആദ്യപാദ മത്സരം.
Content Highlights: will cristiano ronaldo be banned for juventus in champions league