യുവന്റസ്: ചാമ്പ്യന്‍സ് ലീഗില്‍ മാറ്റുരയ്ക്കാന്‍ യാത്രയായ ബറൂസിയയെ ഞെട്ടിച്ചത് ടീം ബസ്സിലെ സ്‌ഫോടനമാണെങ്കില്‍ ആദ്യ ക്വാര്‍ട്ടറില്‍ ശരിക്കും ഞെട്ടിയത് മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയാണ്.
രണ്ടാം ക്വാര്‍ട്ടറിലാണ് ബറൂസിയ മത്സരിക്കുന്നത്. മൊണാക്കോയാണ് എതിരാളി. മത്സരവേദിയിലേയ്ക്കുളള യാത്രാമധ്യേയാണ് ടീം ബസില്‍ സ്‌ഫോടനമുണ്ടായത്.
ആദ്യ ക്വാര്‍ട്ടറിലെ എവെ മത്സരത്തില്‍ ഇറ്റാലിയന്‍ ടീം യുവന്റസിനോട് മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോറ്റത്.
അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പൗലോ ഡൈബാലയുടെ ഇരട്ടഗോളാണ് യുവന്റസിന്റെ ജയം അനായാസമാക്കിയത്. ചെല്ലിനിയാണ് പട്ടിക തികച്ചത്. ആദ്യ പകുതിയില്‍ യുവന്റസ് മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. 7, 22 മിനിറ്റുകളിലായിരുന്നു ഡൈബാലയുടെ ഗോളുകള്‍. 55-ാം മിനിറ്റിലായിരുന്നു ചെല്ലിനിയുടെ ഗോള്‍.
മെസ്സിയും നെയ്മറും സുവാരസും മഷരാനോയുമെല്ലാമുള്ള ബാഴസയ്ക്ക് യുവന്റസ് നിരയില്‍ കാര്യമായ സമ്മര്‍ദം ചെലുത്താനായില്ല. ഇനിയേസ്റ്റയും സുവാരസും മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു.
കടുത്ത ടാക്ലിങ്ങില്‍ ഒട്ടും പിറകിലായിരുന്നില്ല യുവന്റസ്. മൊത്തം നാല് കാര്‍ഡ് അവരും കണ്ടു.
ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ പി. എസ്.ജിയോട് മടക്കമില്ലാത്ത നാല് ഗോളിന് തകര്‍ന്ന ബാഴ്‌സ പിന്നീട് രണ്ടാംപാദത്തില്‍ അത്ഭുതകരമായാണ് തിരിച്ചുവന്നത്.