ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പുതിയ സീസണില്‍ ബാഴ്‌സയ്ക്കും ബയറണിനും തകര്‍പ്പന്‍ ജയത്തോടെ തുടക്കം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സ സെല്‍റ്റിക്കിനെ മടക്കമില്ലാത്ത ഏഴ് ഗോളിനും ബയറണ്‍ റോസ്‌റ്റോവിനെ മറുപടിയില്ലാത്ത അഞ്ചു ഗോളിനുമാണ് തകര്‍ത്തത്. മറ്റ് മത്സരങ്ങളില്‍ നപ്പോളി ഡയനാമോ കീവിനെയും അത്‌ലറ്റിക്കോ പി.എസ്.വിയെയും തോല്‍പിച്ചപ്പോള്‍ ആഴ്‌സണലിനെ പി.എസ്.ജി.യും ബാസലിനെ ലുഡോഗോറെറ്റ്‌സും ബെനിഫിക്കയെ ബെസിക്റ്റാസും സമനിലയില്‍ തളച്ചു.
ലയണല്‍ മെസ്സിയുടെ ആറാമത്തെ ചാമ്പ്യന്‍സ് ലീഗ് ഹാട്രിക്കിന്റെ കരുത്തിലാണ് ബാഴ്‌സ ഗ്രൂപ്പ് സിയില്‍ സെല്‍റ്റിക്കിനെ തകര്‍ത്തത്. 3, 27, 60 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗിലെ മെസ്സിയുടെ ഗോള്‍ സമ്പാദ്യം ഇതോടെ 86 ആയി. ബാഴ്‌സയ്ക്കുവേണ്ടിയുള്ള മൊത്തം ഗോള്‍ സമ്പാദ്യം 459 ഉം. ഒലൂയിസ് സുവാരസ് രണ്ട് ഗോള്‍ നേടി (75, 88). നെയ്മര്‍ (50), ഇനിയേസ്റ്റ (59) എന്നിവര്‍ പട്ടിക തികച്ചു. ഗ്രൂപ്പിലെ മറ്റു രണ്ട് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും മോണ്‍ഷെന്‍ഗ്ലാഡ്ബാഷും തമ്മിലുള്ള മത്സരം പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു.
മ്യൂണിക്കില്‍ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ കമ്മിച്ചിന്റെ ഇരട്ടഗോളിന്റെ ബലത്തിലാണ് ബയറണ്‍ റൊസ്‌റ്റോവിനെ തകര്‍ത്തത്. 53, 60 മിനിറ്റുകളിലായിരുന്നു കിമ്മിന്റെ ഗോളുകള്‍. 28-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌ക്കിയുടെ ഗോളിലാണ് ബയറണ്‍ ആദ്യം ലീഡ് നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ മുള്ളര്‍ ഒരു ഗോള്‍ നേടി. തൊണ്ണൂറാം മിനിറ്റില്‍ ബെര്‍നാറ്റ് ഒരു ഗോള്‍ നേടി.
എതിരാളിയുടെ തട്ടകമായ ഐന്തോവനില്‍ നടന്ന മത്സരത്തില്‍ പി.എസ്.വി.യെ തോല്‍പിച്ച അത്‌ലറ്റിക്കോ മാഡ്രിഡാണ് ഗ്രൂപ്പില്‍ മുന്നില്‍. 43-ാ ംമിനിറ്റില്‍ സൗള്‍ നിഗ്യുസ് നേടിയ ഗോളിനായിരുന്നു അത്‌ലറ്റിക്കോയുടെ ജയം. ഒന്നാ പകുതിയില്‍ പി.എസ്.വി.ക്ക് ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും ഗ്വാര്‍ഡാഡോ അത് പാഴാക്കി.
പാരിസില്‍ 44-ാം സെക്കന്‍ഡില്‍ എഡിന്‍സണ്‍ കവാനി നേടിയ ഗോളിന്റെ ലീഡ് കളഞ്ഞുകുളിച്ചാണ് പി. എസ്.ജി. ഗ്രൂപ്പ് എയില്‍ ആഴ്‌സണലിനോട് സമനില വഴങ്ങിയത്. 78-ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസാണ് ഗണ്ണേഴ്‌സിന്റെ സമനില ഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബാസെലും ലുഡോഗൊരെറ്റ്‌സും സമനിലയില്‍ പിരിഞ്ഞെങ്കിലും ആഴ്‌സണല്‍ തന്നെയാണ് മുന്നില്‍. ലുഡോഗോരെറ്റ്‌സ് ഓരോ ഗോളടിച്ചാണ് ബാസലുമായി സമനിലയില്‍ പിരിഞ്ഞത്. 45-ാം മിനിറ്റില്‍ ജൊനാഥന്‍ കാഫുവിന്റെ ഗോളില്‍ ലുഡോഗോരെറ്റ്‌സാണ് ആദ്യം ലീഡ് നേടിയത്. 79-ാം മിനിറ്റില്‍ സ്‌റ്റെഫാന്‍ ബാസെലിനുവേണ്ടി സമനില നേടിക്കൊടുത്തു.