ചാമ്പ്യൻസ് ലീഗ്: ബാഴ്‌സയ്ക്ക് രണ്ടാം ജയം, ബയറണ്‍ വീണു


3 min read
Read later
Print
Share

ബാഴ്‌സലോണ മോണ്‍ഷെന്‍ഗ്ലാഡ്ബാഹിനെയും ആത്‌ലറ്റിക്കോ ബയറണിനെയും ആഴ്‌സണല്‍ ബാസെലിനെയും തോല്‍പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയെ കെല്‍റ്റിക്ക് സമനിലയില്‍ തളച്ചു

മോണ്‍ഷെന്‍ഗ്ലാഡ്ബാഹ്: പരിക്കേറ്റ ലയണല്‍ മെസ്സി പുറത്തിരുന്നിട്ടും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. എതിരാളികളുടെ തട്ടകത്തില്‍ ആദ്യമൊന്ന് വിരണ്ടുപോയെങ്കിലും രണ്ടാം പകുതിയില്‍ ഉജ്വലമായി തിരിച്ചുവന്നാണ് ബാഴ്‌സ ജര്‍മന്‍ ക്ലബായ മോണ്‍ഷെന്‍ഗ്ലാഡ്ബാഹിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് തിരിച്ചടിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

എന്നാല്‍, കരുത്തരായ ബയറണ്‍ മ്യൂണിക്കിനും ലുഡോഗോരെറ്റ്‌സിനും രണ്ടാം മത്സരത്തില്‍ അടിതെറ്റുകയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില വഴങ്ങേണ്ടിവന്നു.

34-ാം മിനിറ്റില്‍ ഹസാഡിന്റെ ഗോളിലാണ് മോഹന്‍ഷെന്‍ഗ്ലാഡ്ബാഹ് ബാഴ്‌സയെ ഞെട്ടിച്ചത്. അറുപത്തിയഞ്ചാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു ബാഴ്‌സയ്ക്ക് തിരിച്ചടിക്കാന്‍. നെയ്മറുടെ പാസില്‍ നിന്ന് ആര്‍ഡ ട്യുറാനാണ് സമനില ഗോള്‍ നേടിയത്. 74-ാം മിനിറ്റില്‍ പിക്കെ വിജയഗോളും നേടി. ഗ്രൂപ്പ് സിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറു പോയിന്റുമായാണ് ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നത്. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ മോണ്‍ഷെന്‍ഗ്ലാഡ്ബാഹ് ഗ്രൂപ്പില്‍ ഏറ്റവും അവസാനക്കാരാണ്.

ഗ്ലാസ്‌ഗോയില്‍ നടന്ന മത്സരത്തില്‍ റഹീം സ്‌റ്റെര്‍ലിങ്ങിന്റെ കാലില്‍ നിന്നു വീണ സെല്‍ഫ് ഗോളിന് കെല്‍റ്റിക്കിനോട് സമനില വഴങ്ങേണ്ടിവന്നതാണ് ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടിയായത് (3-3). കെല്‍റ്റിക്കിനുവേണ്ടി ഡെംബെലെ രണ്ട് ഗോള്‍ നേടി. മൂന്നാം മിനിറ്റില്‍ ഡെംബെലെയുടെ ഗോളില്‍ കെല്‍റ്റിക്കാണ് ആദ്യം ലീഡ് നേടിയത്. പന്ത്രണ്ടാം മിനിറ്റില്‍ ഫെര്‍ണാന്‍ഡിന്യോ സിറ്റിയെ ഒപ്പമെത്തിച്ചു. എന്നാല്‍, 20-ാം മിനിറ്റില്‍ സ്‌റ്റെര്‍ലിങ്ങിന്റെ കാലില്‍ ഒരു സെല്‍ഫ് ഗോള്‍ വീണു. എട്ട് മിനിറ്റിനുള്ളില്‍ സ്‌റ്റെര്‍ലിങ് ഒരു ഗോള്‍ മടക്കി ടീമിനെ ഒപ്പമെത്തിച്ച് പിഴ തീര്‍ത്തെങ്കിലും 47-ാ ംമിനിറ്റില്‍ ഡെംബെലെ കെല്‍റ്റിക്കിനെ വീണ്ടും മുന്നിലെത്തിച്ചു. 55-ാം മിനിറ്റില്‍ നോലിറ്റോയാണ് സിറ്റിയുടെ തോല്‍വി ഒഴിവാക്കിയത്. രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുള്ള സിറ്റി ബാഴ്‌സയ്ക്ക് പിറകില്‍ രണ്ടാമതാണ്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് ബയറണിനെ അടിതെറ്റിച്ചത്. 35-ാം മിനിറ്റില്‍ കാരാസ്‌ക്കോയാണ് അത്‌ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്. ഈ സീസണില്‍ ബയറണ്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. കഴിഞ്ഞ സീസണ്‍ സെമിയിലും അത്‌ലറ്റിക്കോ ബയറണിനെ വീഴ്ത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറു പോയിന്റായ അത്‌ലറ്റിക്കോ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റുള്ള ബയറണ്‍ രണ്ടാമതാണ്. ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ പി.എസ്.വി. ഐന്തോവനെ റഷ്യന്‍ ക്ലബായ റൊസ്‌തോവ് സമനിലയില്‍ കുരുക്കി (2-2). റൊസ്‌തോവിനുവേണ്ടി പൊളോസ് രണ്ട് ഗോള്‍ നേടി. പ്രോപ്പറും ഡി യോങ്ങുമാണ് പി.എസ്.വി.യുടെ സ്‌കോറര്‍മാര്‍.

ആദ്യ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്ന ആഴ്‌സണല്‍ രണ്ടാം മത്സരത്തില്‍ ബാസെലിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇരട്ടഗോള്‍ നേടിയ വാല്‍ക്കോട്ടാണ് ആഴ്‌സണലിന് വിജയം സമ്മാനിച്ചത്. ഏഴ്, 26 മിനിറ്റുകളിലായിരുന്നു വാല്‍ക്കോട്ടിന്റെ ഗോളുകള്‍. രണ്ട് ഗോളിനും വഴിയൊരുക്കിയത് അലെക്‌സിസ് സാഞ്ചസ്. രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ബാസെല്‍ ഗ്രൂപ്പില്‍ മൂന്നാമതാണ്. ലുഡോഗോരെറ്റ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത പി.എസ്.ജിയാണ് ഗ്രൂപ്പില്‍ രണ്ടാമത്. രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുണ്ട് അവര്‍ക്ക്. പതിനാറാം മിനിറ്റില്‍ നാറ്റാനിയലിന്റെ ഗോളില്‍ ലീഡ് നേടിയ ലുഡോഗോരെറ്റ്‌സിനെതിരെ കവാനിയുടെ ഇരട്ടഗോളാണ് പി.എസ്.ജിയെ തുണച്ചത്. 41-ാം മിനിറ്റില്‍ മാത്യുഡിയുടെ ഗോളില്‍ ഒപ്പമെത്തിയ പി.എസ്.ജിക്കുവേണ്ടി 56, 60 മിനിറ്റുകളിലായിരുന്നു കവാനിയുടെ ഗോളുകള്‍. സ്‌കോര്‍ 1-2ല്‍ നില്‍ക്കുമ്പോള്‍ മോട്ടി ഒരു പെനാല്‍റ്റി പാഴാക്കിയതാണ ആതിഥേയരായ ലുഡോഗോരെറ്റ്‌സിന് വിനയായത്.

ഗ്രൂപ്പ് ബിയില്‍ നപ്പോളി ബെന്‍ഫിക്കയെ രണ്ടിനെതിരെ നാല് ഗോളിനാണ് തകര്‍ത്തത്. നപ്പോളിക്കുവേണ്ടി മാര്‍ട്ടെന്‍സ് രണ്ട് ഗോള്‍ നേടി. 20-ാം മിനിറ്റില്‍ ഹാംസിക്കാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. 54-ാം മിനിറ്റില്‍ മാലിക് പെനാല്‍റ്റിയില്‍ നിന്ന് പട്ടിക തികച്ചു. ഗോണ്‍സാലോ ഗ്യുഡെസും സാല്‍വിയോയുമാണ് ബെന്‍ഫിക്കയുടെ സ്‌കോറര്‍മാര്‍. ആറ് പോയിന്റോടെ നപ്പോളി ഗ്രൂപ്പില്‍ ഒന്നാമതാണ്.

ഇസ്താംബൂളില്‍ നടന്ന മത്സരത്തില്‍ സൈഗാന്‍കോവിന്റെ ഗോളിലാണ് ഡയനാമോ കീവ് ബെസിക്റ്റാസിനെതിരെ സമനില കൊണ്ട് രക്ഷപ്പെട്ടത് (1-1). 29-ാം മിനിറ്റില്‍ ക്വാരെസ്മയുടെ ഗോളിലാണ് ബെസിക്റ്റാസ് ലീഡ് നേടിയത്. 65-ാം മിനിറ്റിലാണ് സിഗാന്‍കോവ് സമനില ഗോള്‍ നേടിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram