കീവ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഉജ്വല ജയം. എവെ മത്സരത്തില്‍ ഡയനാമോ കീവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. എന്നാല്‍, ഡച്ച് ക്ലബായ പി.എസ്.വി. ഐന്തോവന്റെ തിണ്ണമിടുക്കിനെ മറികടക്കാന്‍ 2014ലെ റണ്ണറപ്പായ അത്‌ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞില്ല. പത്തുപേരുമായി കളിച്ച ഐന്തോവന്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോയെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു.
എതിരാളിയുടെ തട്ടകമായിട്ടും കളിയില്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ പതിനഞ്ചാം മിനിറ്റില്‍ സര്‍ജിയോ അഗ്യുറോയാണ് സിറ്റിയെ ആദ്യം മുന്നിലെത്തിച്ചത്. 40-ാം മിനിറ്റില്‍ സ്പാനിഷ് താരം ഡേവിഡ് സില്‍വ ലീഡുയര്‍ത്തി. സെന്റര്‍ സര്‍ക്കിളില്‍ നിന്ന് നിക്കോളസ് ഓട്ടമെന്‍ഡി തുടങ്ങിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. റഹീം സ്റ്റര്‍ലിങ്ങിന്റെ പാസില്‍ നിന്നായിരുന്നു സില്‍വ ലക്ഷ്യം കണ്ടത്. 59-ാം മിനിറ്റില്‍ ബുയാല്‍സ്‌കി ഒരു ഗോള്‍ മടക്കിയെങ്കിലും തൊണ്ണൂറാം മിനറ്റില്‍ യായ തുറെ മൂന്നാം ഗോളും വലയിലാക്കി വിജയമുറപ്പിച്ചു. മാര്‍ച്ച് പതിനഞ്ചിന് മാഞ്ചസ്റ്ററിലാണ് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍.
ഐന്തോവനില്‍ നടന്ന മത്സരത്തിന്റെ 68-ാം മിനിറ്റില്‍ പെരെയ്‌രോ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്നാണ് ആതിഥേയരായ പി.എസ്.വി. പത്തു പേരായി ചുരുങ്ങിയത്. എന്നാല്‍, 22 മിനിറ്റ് നേരവും ഈ അവസരം മുതലാക്കാന്‍ അത്റ്റിക്കോ മാഡ്രിഡിന് കഴിഞ്ഞില്ല. ലൂസിയാനോ വിയറ്റോയുടെ ഒരു അവസരം ജെഫ്രി ബ്രുമ അടിച്ചകറ്റിയില്ലായിരുന്നെങ്കില്‍ ഒന്നാം പകുതിയില്‍ തന്നെ അത്‌ലറ്റിക്കോ മുന്നിലെത്തുമായിരുന്നു. അന്റോണിയോ ഗ്രെയ്‌സ്മാന്നിന്റെ ഒരു ശ്രമം പി.എസ്.വി. ഗോളി ജെറോണ്‍ സിയോട്ട് വിഫലമാക്കി. പി.എസ്.വിക്കുവേണ്ടി ഡേവി പ്രോപ്പര്‍ ഒരവസരം നഷ്ടമാക്കിയതിന് തൊട്ടു പിറകെയാണ് ഡീഗോ ഗോഡിനെ ഫൗള്‍ ചെയ്തതിന് പെരെയ്‌രോ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത്.