മാഡ്രിഡ്: രണ്ടാംപാദത്തില്‍ സമനില വഴങ്ങിയെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോയെ പി.എസ്.വി.യും മാഞ്ചസ്റ്റര്‍ സിറ്റിയെ ഡയനാമോ കീവും ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഒന്നാം പദത്തില്‍ നേടിയ വിജയമാണ് ഡയനാമോ കീവിനെതിരെ സിറ്റിക്ക് തുണയായത്. 3-1 എന്ന ശരാശരിയിലാണ് സിറ്റി വിജയിച്ചത്.
ആദ്യപാദവും ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്ന അത്‌ലറ്റിക്കോ ടൈബ്രേക്കറിലാണ് പി.എസ്.വി.യെ മറികടന്നത് (8-7). പതിനെട്ടോളം അവസരങ്ങള്‍ തുലച്ചശേഷമാണ് അവര്‍ക്ക് ഷൂട്ടൗട്ടില്‍ വിധി കാക്കേണ്ടിവന്നത്. ഇരു ടീമുകളും എട്ട് വീതം കിക്കുകളെടുത്ത ഷൂട്ടില്‍ അവസാന കിക്കെടുത്ത ലൂസിയാനോയുടെ കിക്ക് ക്രോസ്ബാറിലിടിച്ചതാണ് പി.എസ്.വി.ക്ക് വിനയായത്. അത്‌ലറ്റിക്കോയ്ക്കുവേണ്ടി അന്റോണിയോ ഗ്രെസ്മാന്‍, ഗാബി, കൊക്കെ, സൗള്‍ നിഗ്വസ്, ഫെര്‍ണാണ്ടോ ടോറസ്, ഫിലിപ്പെ ലൂയിസ് ജുവാന്‍ ഫ്രാന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. പി.എസ്.വി.യുടെ മാര്‍ക്കോ വാന്‍ ഗിന്‍കെല്‍, ആന്ദ്രെ ഗ്വാര്‍ഡാഡോ, ഡേവി പ്രോപ്പര്‍, ജെഫ്രി ബ്രുമ, ഹെക്ടര്‍ മൊറേനൊ, മാക്‌സിമെ ലെസ്‌റ്റ്യെനെ, സാന്റിയാഗോ ഏരിയാസ് എന്നിവര്‍ ഗോള്‍ നേടി.