റോം: യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ആദ്യ ദിനം ജയിച്ചുകയറി വമ്പന്മാര്‍. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ആഴ്സനല്‍, ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ്. റോമ, മുന്‍ചാമ്പ്യന്മാരായ സെവിയ്യ എന്നിവര്‍ ആദ്യമത്സരത്തില്‍ ജയം കണ്ടെത്തി.
ആഴ്സനല്‍ (3-0) ജര്‍മന്‍ ക്ലബ്ബ് എന്‍ട്രാക്ട് ഫ്രാങ്ക്ഫുര്‍ടിനെ തോല്‍പ്പിച്ചപ്പോള്‍ കസാഖ്സ്താന്‍ ക്ലബ്ബ് എഫ്.സി. അസ്താനയെയാണ് (1-0) മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. അസര്‍ബെയ്ജാന്‍ ക്ലബ്ബ് കാരബാഗിനെതിരേ സെവിയ (3-0) ജയം കണ്ടെത്തിയപ്പോള്‍ എ.എസ്. റോമ (4-0) ബസക്ഷെയറിനെ തകര്‍ത്തു.
ജോ വില്ലോക്ക് (38), ബുകായോ സാക (85), പിയറി ഔബമേയങ് (88) എന്നിവരുടെ ഗോളിലാണ് ആഴ്സനലിന്റെ ജയം. 73-ാം മിനിറ്റില്‍ മാസണ്‍ ഗ്രീന്‍വുഡിന്റെ വകയായിരുന്നു യുണൈറ്റഡിന്റെ വിജയഗോള്‍.
ഹാവിയര്‍ ഹെര്‍ണാണ്ടസ് (62), എല്‍ ഹദ്ദാദി (78), ഒളിവര്‍ ടോറസ് (85) എന്നിവര്‍ സെവിയയ്ക്കായി ലക്ഷ്യം കണ്ടു. എഡിന്‍ സെക്കോ (58), നികോലോ സാനിയോലോ (71), ജസ്റ്റിന്‍ ക്ലൈവര്‍ട്ട് (90) എന്നിവരുടെ ഗോളിന് പുറമെ ജൂനിയര്‍ കൈസാറയുടെ (42) സെല്‍ഫ് ഗോളും റോമയുടെ പട്ടികയിലുണ്ട്.
ലീഗിലെ മറ്റു മത്സരങ്ങളില്‍ വോള്‍ഫ്സ്ബര്‍ഗ് (3-1) ഒലെക്സാന്‍ഡ്രിയെയും പോര്‍ട്ടോ (2-1) യങ് ബോയ്സിനെയും തോല്‍പ്പിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് വോള്‍വ്സും ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഗ്ലാഡ്ബാക്കും ആദ്യദിനം പരാജയമറിഞ്ഞു.
യൂറോപ്പ ലീഗിലെ ആദ്യമത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെയും ആഴ്സനലിനെയും രക്ഷിച്ചത് കൗമാരതാരങ്ങള്‍. യുണൈറ്റഡിന്റെ ഗോള്‍നേടിയ മാസണ്‍ ഗ്രീന്‍വുഡിന് പ്രായം പതിനേഴ് മാത്രം. ആഴ്സനലിനായി ഒരു ഗോള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത ബുകായോ സാക പതിനെട്ടിന്റെ നിറവിലാണ്. രണ്ട് താരങ്ങളും വളര്‍ന്നത് ക്ലബ്ബിന്റെ യൂത്ത് അക്കാദമിയിലൂടെയാണ്.
ഈ നൂറ്റാണ്ടില്‍ ജനിച്ച് ഗോള്‍ നേടുന്ന ആദ്യ യുണൈറ്റഡ് താരവും യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ ക്ലബ്ബിനായി ഗോള്‍ നേടുന്ന പ്രായംകുറഞ്ഞ താരവുമാണ് ഗ്രീന്‍വുഡ്. കഴിഞ്ഞവര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയ ഗ്രീന്‍വുഡിന് പിന്നീട് കാര്യമായ അവസരം കിട്ടിയില്ല. ഇതോടെ ക്ലബ്ബിന്റെ യൂത്ത് ടീമിനായും റിസര്‍വ് ടീമിനായും കളിച്ചു. അണ്ടര്‍-21 ഇംഗ്ലീഷ് ടീമിലും ഇടം കണ്ടെത്തി. ഈ സീസണില്‍ സോള്‍ഷേര്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. കിട്ടിയ അവസരം മുതലെടുത്ത് താരം കോച്ചിന്റെ വിശ്വാസം കാത്തു. ഗ്രീന്‍വുഡിന്റെ കളി കണ്ടപ്പോള്‍ റയാന്‍ ഗിഗ്സ് മനസ്സില്‍ കടന്നുവന്നു, എന്നായിരുന്നു മത്സരശേഷം സോള്‍ഷെയറിന്റെ പ്രതികരണം.
ആഴ്സനല്‍ സീനിയര്‍ ടീമിനായി സാകയുടെ അഞ്ചാം മത്സരമായിരുന്നു ഫ്രാങ്ക്ഫുര്‍ടിനെതിരേ. ഇടത്തേ വിങ്ങിലൂടെ നിരന്തരം മുന്നേറ്റം കാഴ്ചവെക്കാന്‍ താരത്തിനായി. 2008-നുശേഷം ആഴ്സനലിനായി ഗോള്‍നേടുന്ന പ്രായം കുറഞ്ഞ താരമാണ് സാക. 2001-ലാണ് ജനനം. കഴിഞ്ഞവര്‍ഷത്തെ യൂറോപ്പ ലീഗിലായിരുന്നു സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം. പിന്നീട് കാര്യമായ അവസരം കിട്ടിയില്ല. റിസര്‍വ് ടീമില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ തിരികെ ടീമിലെത്തി. റിസര്‍വ് ടീമിനായി അഞ്ച് ഗോള്‍ കണ്ടെത്തി. എട്ട് അസിസ്റ്റും നടത്തി. ഇംഗ്ലണ്ട് അണ്ടര്‍-19 ടീമിനായും കളിച്ചു.
Content Highlights: UEFA europa league manchester united and arsenal starts well