ബാഴ്‌സലോണ: ആദ്യ ഗോള്‍ നേടി കൃത്യം പതിനാല് കൊല്ലത്തിനുശേഷം വീണ്ടും ബാഴ്‌സലോണയ്ക്കുവേണ്ടി മെസ്സിയുടെ ഗോള്‍. ഒന്നല്ല, എണ്ണം പറഞ്ഞ രണ്ടെണ്ണം. സ്വപ്‌നതുല്ല്യമായ ഈ ഇരട്ടഗോളോടെ ബാഴ്‌സയ്ക്കുവേണ്ടി 600 ഗോള്‍ തികച്ചിരിക്കുകയാണ് മെസ്സി. ഈ ഇരട്ട പ്രഹരത്തിന്റെ ബലത്തിലാണ് യുവേഫ ചാമ്പ്യന്‍സ്‌ലീഗ് ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ ബാഴ്‌സ ലിവര്‍പൂളിനെ മുക്കിക്കളഞ്ഞത്. മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ആദ്യപാദത്തില്‍ ബാഴ്‌സയുടെ ജയം. ലൂയിസ് സുവാരസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
ഇരുപത്തിയാറാം മിനിറ്റില്‍ സുവാരസിലൂടെ ആദ്യം ലീഡ് നേടിയ ബാഴ്‌സയ്ക്കുവേണ്ടി 75, 82 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഡബിള്‍. സുവാരസിന്റേത്, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴയുടെ അഞ്ഞൂറാം ഗോളായിരുന്നു.
ആദ്യത്തേത് സുവാരസിന്റെ ഒരു റീബൗണ്ട് പിടിച്ചെടുത്താണ് വല കുലുക്കിയതെങ്കില്‍ രണ്ടാമത്തേത് ലിവര്‍പൂള്‍ ഗോള്‍ അലിസ്സനെ ഞെട്ടിച്ചുകൊണ്ട് ഇരുപത്തിയഞ്ച് വാര അകലെ നിന്നെടുത്ത അവിശ്വസനീയമായ ഫ്രീകിക്കില്‍ നിന്നും.
ലിവര്‍പൂളിന് ഒരു ഗോളെങ്കിലും മടക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും റോബര്‍ട്ടോ ഫെര്‍മിന്യോയുടെ ഒരു ഷഷോട്ട് ഗോള്‍ ലൈനില്‍ വച്ച് ഗോളി രക്ഷിച്ചു. സലയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.
2004 മുതല്‍ ബാഴ്‌സയ്ക്കുവേണ്ടി കളിക്കുന്ന മെസ്സി 683 മത്സരങ്ങളില്‍ നിന്നാണ് 600 ഗോള്‍ തികച്ചത്. ഈ സീസണില്‍ ഇതുവരെയായി 46 മത്സരങ്ങളില്‍ നിന്ന് 48 ഗോള്‍ നേടിക്കഴിഞ്ഞു.
ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാംപാദ സെമില്‍ മെയ് ഏഴിന് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടക്കും. ആദ്യ സെമിയില്‍ അയാക്‌സ് ആംസ്റ്റര്‍ഡാം ടോട്ടനം ഹോട്‌സ്പറിനെ തോല്‍പിച്ചിരുന്നു.
Content Highlights: Uefa Champions League Semifinal Barcelona Liverpool Messi Goal