ലിവര്‍പൂളിന്റെ ആക്രമണത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് സല, 27-ാം മിനിറ്റില്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍വീണത് കളിയിലെ വഴിത്തിരിവായി
കീവ്: റയലിനെ തടയാന്‍ ലിവര്‍പൂളിനുമായില്ല. 2017-18 സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിനെ റയല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കരീം ബെന്‍സേമ (51), ഗാരെത് ബെയ്ല്‍ (64, 85) എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്. സാദിയോ മാനെ(55)യിലൂടെ ലിവര്‍പൂള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. തുടര്‍ച്ചയായ മൂന്നാംതവണയാണ് റയല്‍ കിരീടം നേടുന്നത്. മറ്റൊരു ടീമും ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടിയിട്ടില്ല. ക്ലബ്ബിന്റെ പതിമ്മൂന്നാം കിരീടനേട്ടം കൂടിയാണിത്. യുക്രൈനിലെ കീവില്‍ നടന്ന ഫൈനലില്‍ ഭാഗ്യവും സ്പാനിഷ് ക്ലബ്ബിനൊപ്പം നിന്നു. ലിവര്‍പൂളിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ലിവര്‍പൂളിന്റെ ആക്രമണത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് സല, 27-ാം മിനിറ്റില്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍വീണത് കളിയിലെ വഴിത്തിരിവായി. റയലിന്റെ സെര്‍ജി റാമോസുമായി കൂട്ടിയിടിച്ച വീണ സല പരിക്ക് ശക്തമായതിനാല്‍ കരഞ്ഞുകൊണ്ട് കളംവിട്ടു.
റയലിന്റെ സെര്‍ജി റാമോസുമായി കൂട്ടിയിടിച്ച് മുഹമ്മദ് സലയ്ക്ക് പരിക്കേറ്റപ്പോള്‍. Photo: AP
51-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോളി കാരിയസിന്റെ അശ്രദ്ധയില്‍നിന്നാണ് റയലിന്റെ ആദ്യ ഗോള്‍ വന്നത്. പന്ത് ക്ലിയര്‍ ചെയ്ത് പ്രതിരോധതാരത്തിന് ഇട്ടുകൊടുക്കുന്നതിനിടേ ബെന്‍സേമ നിസ്സാരമായി പന്ത് വലയിലേക്ക് തട്ടിയിട്ടു. തുടര്‍ന്ന് ബെയ്ലിന്റെ എണ്ണം പറഞ്ഞ രണ്ടുഗോളുകള്‍ വന്നു. ആദ്യഗോള്‍ മാഴ്സലോയുടെ പാസില്‍ ഗോള്‍പോസ്റ്റിനുമുന്നില്‍ നിന്ന് ബൈസിക്കില്‍ കിക്കിലൂടെ വലയില്‍ക്കേറ്റിയ ബെയ്ല്‍, 83-ാം മിനിറ്റില്‍ മൈതാനമധ്യത്തുനിന്ന് ലോങ്റേഞ്ചറിലൂടെ വിജയം ഉറപ്പിച്ച ഗോള്‍ നേടി.