ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ലീഗില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം അവതരിപ്പിച്ചതിനു പിന്നാലെ വിവാദവും. ചാമ്പ്യന്‍സ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ഡച്ച് ടീം അയാക്‌സ് ആംസ്റ്റര്‍ഡാമും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് വാര്‍ വില്ലനായത്.
ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് റയല്‍ ജയിച്ച മത്സരത്തില്‍ അയാക്സ് ആദ്യ പകുതിയില്‍ നേടിയ ഗോള്‍ വാര്‍ പരിശോധനക്കൊടുവില്‍ റഫറി നിരസിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. മാത്രമല്ല മാര്‍ക്കോ അസെന്‍സിയോ നേടിയ റയലിന്റെ രണ്ടാം ഗോളിനുള്ള മുന്നേറ്റത്തിനിടെ റയല്‍ താരം ലൂക്കാസ് വാസ്‌ക്കസ് അയാക്‌സ് താരത്തെ ഫൗള്‍ ചെയ്തതൊന്നും വാറിന്റെ പരിധിയില്‍ വന്നില്ല.
മത്സര ശേഷം വാറിനെ വീഡിയോ അസിസ്റ്റന്റ് റയല്‍ മാഡ്രിഡ് എന്നാണ് പലരും വിശേഷിപ്പിച്ചത്. മത്സരഫലത്തെ പോലും വാര്‍ സ്വാധീനിക്കുകയായിരുന്നു. ഫലമോ എതിരാളികളുടെ മൈതാനത്ത് രണ്ടു ഗോള്‍ നേടിയതിന്റെ മുന്‍തൂക്കം സ്പാനിഷ് ടീമിന് ലഭിച്ചു.
മത്സരത്തിന്റെ 37-ാം മിനിറ്റിലായിരുന്നു സംഭവം. അയാക്‌സിന് ലഭിച്ച കോര്‍ണര്‍ നികോളസ് ടാഗ്ലിയാഫികോ റയല്‍ വലയിലെത്തിച്ചു. കോര്‍ണര്‍ കിക്കിലെ റീബൗണ്ടില്‍ തലവെച്ചാണ് അര്‍ജന്റീനിയന്‍ താരം ഗോള്‍ നേടിയത്. എന്നാല്‍ റയല്‍ താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് വാറിന്റെ സഹായം തേടിയ റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു.
റയല്‍ ഗോള്‍കീപ്പര്‍ കുര്‍ട്ടോയിസിനെ ഓഫ് സൈഡായി നിന്നിരുന്ന അയാക്‌സ് താരം ടാഡിക് തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് റഫറി ഗോള്‍ നിഷേധിച്ചത്.
Content Highlights: uefa champions league real madrid ajax var controversy