ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ക്ലബുകള്‍ക്ക് സമ്മിശ്രഫലം. ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ എഫ്.സി. പോര്‍ട്ടോയ്ക്കെതിരേ ഉജ്വല ജയം സ്വന്തമാക്കിയപ്പോള്‍ എവെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ടോട്ടനത്തോട് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. സിറ്റി ടോട്ടനത്തോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിനും.
പൂര്‍ണമായും ആധിപത്യം പുലര്‍ത്തിയ ആന്‍ഫീല്‍ഡിലെ മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു ലിവര്‍പൂളിന്റ രണ്ട് ഗോളുകളും. അഞ്ചാം മിനിറ്റില്‍ തന്നെ മിഡ്ഫീല്‍ഡര്‍ ഗിനിയന്‍ നായകന്‍ കെയ്റ്റയിലൂടെയാണ് അവര്‍ ആദ്യം ലീഡ് നേടിയത്. ഇരുപത്തിയാറാം മിനിറ്റില്‍ റോബര്‍ട്ടോ ഫര്‍മിന്യോ പട്ടിക തികച്ചു.
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍റില്‍ തങ്ങളെ തകര്‍ത്ത ലിവര്‍പൂളിനോട് കണക്കുതീര്‍ക്കാനായി ഇറങ്ങിയ പോര്‍ട്ടോയ്ക്ക് പക്ഷേ, ചെമ്പടയുടെ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. പെനാല്‍റ്റി ബോക്സിന്റെ എഡ്ജില്‍ നിന്ന് കെയ്റ്റയെടുത്ത കിക്ക് ഒലിവര്‍ ടോറസിന്റെ ദേഹത്ത് തട്ടി ഡിഫല്‍ക്റ്റ് ചെയ്ത് വലയില്‍ കയറുകയായിരുന്നു. ജോര്‍ഡന്‍ ഹെന്‍ഡേഴ്സണ്‍ മിഡ്ഫീല്‍ഡില്‍ നിന്ന് കയറ്റി കൊണ്ടുവന്ന പന്ത് ട്രെന്‍ഡ് അലക്സാണ്ടര്‍ ബോക്സിലേയ്ക്ക് ക്രോസ് ചെയ്തുകൊടുക്കുകയും റോബര്‍ട്ടോ ഫര്‍മിന്യോ നന്നായി വലയിലേയ്ക്ക് ടാപ്പ് ചെയ്തിടുകയുമായിരുന്നു.
പോര്‍ട്ടോയ്ക്ക് ചില നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊക്കെ വലയിലാക്കുന്നതില്‍ സ്ട്രൈക്കര്‍ മൗസ്സ മരെഗ പരാജയപ്പെട്ടു. മുപ്പതാം മിനിറ്റില്‍ അത്തരമൊരു ഗോളവസരം ലിവര്‍പൂള്‍ ഗോള അലിസ്സണ്‍ രക്ഷപ്പെടുത്തിയപ്പോള്‍ എട്ട് വാര അകലെ നിന്നു വന്ന ഒരു വോളി കണക്ട് ചെയ്യുന്നതില്‍ മൗസ്സ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ അലിസ്സണിന്റെ ഒരു സേവ് അലക്സാണ്ടര്‍ ആര്‍ണോള്‍ഡിന്റെ കൈയില്‍ ഇടിച്ചെങ്കിലും വാറിലൂടെ പെനാല്‍റ്റിക്ക് പകരം കോര്‍ണര്‍ വിധിക്കുകയായിരുന്നു റഫറി. രണ്ടാം പകുതിയില്‍ സാഡിയോ മാനെയിലൂടെ ലിവര്‍പൂളിന് ലീഡുയര്‍ത്താനുള്ള അവസരം ലഭിച്ചെങ്കിലും ഫലം കണ്ടില്ല.
ഏപ്രില്‍ പതിനേഴിന് പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ ഡ്രാഗോയിലാണ് രണ്ടാംപാദ ക്വാര്‍ട്ടര്‍. വിജയികള്‍ക്ക് സെമിയില്‍ ബാഴ്സലോണയോ മാഞ്ചസ്റ്റര്‍ യുണൈറ്റഡോ ആയിരിക്കും എതിരാളി.
സോ ഹ്യുങ് മിന്‍ എഴുപതാം മിനിറ്റില്‍ നേടിയ ഗോളിനാണ് ടോട്ടനം പെനാല്‍റ്റി പാഴാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത്. ഗോള്‍കിക്കാവുമെന്ന് ഉറപ്പിച്ചിരിക്കെ ക്രിസ്റ്റിയന്‍ എറിക്സണ്‍ എടുത്ത് ക്രോസ് ചെയ്ത പന്താണ് ഇടങ്കാല്‍ ഷോട്ട് കൊണ്ട് ഗോളി എഡേഴസ്ണെ തോല്‍പിച്ച് സണ്‍ നെറ്റിലെത്തിച്ചത്. സിറ്റിക്ക് ലഭിച്ച ഏറ്റവും നല്ല അവസരായിരുന്നു അഗ്യുറോയുടെ പെനാല്‍റ്റി. എന്നാല്‍ അഗ്യുറോ എടുത്ത പെനാല്‍റ്റി ടോട്ടനം ഗോളി ഹ്യുഗോ ലോറിസ് തട്ടികയറ്റുകയായിരുന്നു. റഹീം സ്റ്റര്‍ലിങ് തൊടുത്ത കിക്ക് ഡാന്നി റോസ് കൊണ്ട തൊട്ടതായി വാറില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്.
തുടര്‍ച്ചായ മൂന്ന് ജയങ്ങള്‍ക്കുശേഷമാണ് സിറ്റി ടോട്ടനമിനോട് ഒരു മത്സരത്തില്‍ തോല്‍ക്കുന്നത്. ബെര്‍ണാഡോ സില്‍വയെയും കെവിന്‍ ഡി ബ്രൂയിനെയും കൂടാതെ ഇറങ്ങിയ അവര്‍ക്ക് തുടക്കം മുതല്‍ തന്നെ പിഴവുകളായിരുന്നു. സ്വതസിദ്ധമായ ഫോമില്‍ കളിക്കാന്‍ പലപ്പോഴും പാടുപെടുകയായിരുന്നു അവര്‍. ലീഡ് വഴങ്ങിയശേഷം തിരിച്ചടിക്കാന്‍ സിറ്റി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അഗ്യുറോയുടെയും
സ്റ്റെര്‍ലിങ്ങിന്റെയും നീക്കങ്ങള്‍ക്ക് ടോട്ടനം പ്രതിരോധത്തെയോ ഗോള്‍കീപ്പര്‍ ലോറിസിനെയോ മറികടക്കാന്‍ കഴിഞ്ഞില്ല.
Content Highlights: uefa champions league liverpool Tottenham FC Porto Manchester city