ബാഴ്‌സലോണ: ലക്ഷക്കണക്കിന് വരുന്ന ആരാധകരെ ഞെട്ടിച്ച് യുവന്റസിനോട് പരാജയപ്പെട്ട് ബാഴ്‌സലോണ യുവേഫാ ചാമ്പ്യന്‍സ് ലീഗിന്റെ സെമി കാണാതെ പുറത്തായി.
ആദ്യ പാദത്തില്‍ മൂന്ന് ഗോളിന് പിന്നിലായ ബാഴ്‌സ രണ്ടാം പാദത്തില്‍ ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങിയാണ് പുറത്തായത്. എവേ മാച്ചില്‍ വഴങ്ങിയ മൂന്നു ഗോളിന് ഒന്നു പോലും യുവന്റസ് പോസ്റ്റിലേക്ക് തിരിച്ചടിക്കാന്‍ ബാഴ്‌സക്കായില്ല.
നെയ്മര്‍, മെസി, സുവാരസ് എന്നീ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും സ്വന്തം മൈതാനത്ത് യുവന്റസിനോട് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ബാഴ്‌സക്ക് സാധിച്ചില്ല.
സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദത്തിലെ മൂന്നു ഗോള്‍ ലീഡിന്റെ ആധിപത്യവുമായാണ് യുവന്റസ് നൗകാമ്പിലെത്തിയത്. ഈ മാനസികാധിപത്യം യുവന്റസ് നന്നായി മുതലെടുക്കയും ചെയ്തു. ഇടയ്ക്ക് മെസിക്ക് കണ്ണിന് താഴെ പരിക്കേറ്റതും ബാഴ്‌സലോണയ്ക്ക് തലവേദനയായി.
മറ്റൊരു മത്സരത്തില്‍ ബൊറൂഷ്യാ ഡോര്‍ട്ട് മുണ്ടിനെ പരാജയപ്പെടുത്തി മൊണോക്കോയും സെമിയില്‍ കടന്നു. എവേ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോള്‍ നേടിയ മൊണോക്കൊ ഹോം മാച്ചിലും മൂന്നു ഗോളടിച്ചു. ഡോര്‍ട്ട് മുണ്ടിനെ രണ്ടാം പാദത്തില്‍ ഒരു ഗോള്‍ മാത്രമെ നേടാനായുള്ളൂ. ഇരുപാദങ്ങളിലായി 6-3ന്റെ ലീഡുമായാണ് മൊണോക്കോയുടെ സെമി പ്രവേശം