വാര്‍ രക്ഷകനായി; പോര്‍ട്ടോയും യുണൈറ്റഡും ക്വാര്‍ട്ടറില്‍


2 min read
Read later
Print
Share

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തൊണ്ണൂറ്റിനാലാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ യുണൈറ്റഡ് പി.എസ്.ജി.യെയാണ് പ്രീക്വാര്‍ട്ടറില്‍ മറികടന്നത്.

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വാറിന്റെ സഹായത്തോടെ ലഭിച്ച ഇഞ്ചുറി ടൈം പെനാല്‍റ്റികള്‍ തുണച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും പോര്‍ച്ചുഗീസ് ക്ലബ് എഫ്.സി. പോര്‍ട്ടോയും.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തൊണ്ണൂറ്റിനാലാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ യുണൈറ്റഡ് പി.എസ്.ജി.യെയാണ് പ്രീക്വാര്‍ട്ടറില്‍ മറികടന്നത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു എവെ മത്സരത്തില്‍ യുണൈറ്റഡിന്റെ ജയം. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് തോറ്റിരുന്നു.

പാരിസിലെ ജയത്തോടെ ഗോള്‍ ശരാശരി 3-3 ആയി. കൂടുതല്‍ എവെ ഗോള്‍ നേടിയതിന്റെ ബലത്തിലാണ് യുണൈറ്റഡ് ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. യുണൈറ്റഡ് മൂന്ന് എവെ ഗോളുകള്‍ നേടിയപ്പോള്‍ പി.എസ്.ജി രണ്ട് എവെ ഗോളുകളാണ് നേടാനായത്.

രണ്ടാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവാണ് യുണൈറ്റഡിനെ ആദ്യം മുന്നിലെത്തിച്ചത്. പന്ത്രണ്ടാം മിനിറ്റില്‍ ബെര്‍നറ്റ് പി.എസ്.ജിയെ ഒപ്പമെത്തിച്ചെങ്കിലും മുപ്പതാം മിനിറ്റില്‍ ലുക്കാക്കു വീണ്ടും ലക്ഷ്യം കണ്ട് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു റാഷ്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ഗോള്‍. ഡിയോഗോ ഡാലറ്റിന്റെ കിക്ക് കിംബെപ്പെയുടെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയാണ് റാഷ്‌ഫോര്‍ഡ് ലക്ഷ്യത്തിലെത്തിച്ചത്. വാറിന്റെ അടിസ്ഥാനത്തിലാണ് സ്ലൊവേനിയന്‍ റഫറി ഡാമിര്‍ സ്‌കോമിന പെനാല്‍റ്റി അനുവദിച്ചത്.

രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എ.എസ്. റോമയെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പിച്ചാണ് എഫ്.സി. പോര്‍ട്ടൊ ക്വാര്‍ട്ടറിലെത്തിയത്. 4-3 എന്ന മെച്ചപ്പെട്ട ഗോള്‍ശരാശരിയാണ് പോര്‍ട്ടോയ്ക്ക് തുണയായത്. ആദ്യപാദത്തില്‍ 2-1 എന്ന സ്‌കോറില്‍ റോമ വിജയിച്ചിരുന്നു.

ഇരുപത്തിയാറാം മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ സോറസാണ് പോര്‍ട്ടോയെ ആദ്യം മുന്നിലെത്തിച്ചത്. 37-ാം മിനിറ്റില്‍ ഡി റോസി റോമയെ ഒപ്പമെത്തിച്ചു. എന്നാല്‍, 52-ാം മിനിറ്റില്‍ മറെഗയുടെ ഗോളില്‍ പോര്‍ട്ടോ വീണ്ടും മുന്നിലെത്തി. 2-1 സ്‌കോറിലായിരുന്നു പോര്‍ട്ടോയുടെ ജയമെങ്കില്‍ കൂടുതല്‍ എവെ ഗോളുകള്‍ നേടിയതിന്റെ ബലത്തില്‍ റോമ ക്വാര്‍ട്ടറില്‍ കയറുമായിരുന്നു. എന്നാല്‍, 117-ാം മിനിറ്റില്‍ വാറിന്റെ പിന്‍ബലത്തോടെ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്‌സ് ടെല്ലെസ് പോര്‍ട്ടോയ്ക്ക് ആധികാരികമായ ജയവും ക്വാര്‍ട്ടര്‍ബര്‍ത്തും സമ്മാനിച്ചു. ബോക്‌സില്‍ ഫെര്‍ണാണ്ടോയെ അലെസ്സാന്‍ഡ്രോ ഫ്‌ളോറെന്‍സി പിറകില്‍ നിന്ന് വലിച്ചിട്ടതിനെ തുടര്‍ന്നാണ് വാറിന്റെ സഹായത്തോടെ പെനാല്‍റ്റി വിധിച്ചത്.

2014നുശേഷം ഇതാദ്യമായാണ് പോര്‍ട്ടോ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

Content Highlights: Uefa Champions League Football Manchester United FC Porto PSG ASRoma

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram