ഡോര്‍ട്ട്മുണ്ട്: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെതിരേ സമനില.
ഡോര്‍ട്ട്മുണ്ട് ക്യാപ്റ്റന്‍ മാര്‍ക്കോ റിയുസിന്റെ പെനാല്‍റ്റി പാഴായത് ബാഴ്‌സയെ തുണയ്ക്കുകയായിരുന്നു. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമുകളും കളിച്ചത്. മെസ്സിയെ ബെഞ്ചിലിരുത്തി 16-കാരന്‍ അന്‍സു ഫാത്തിയെ കളത്തിലിറക്കിയാണ് ബാഴ്‌സ തുടങ്ങിയത്. സുവാരസും ഗ്രീസ്മാനും അണിനിരന്നെങ്കിലും ഡോര്‍ട്ട്മുണ്ട് മതില്‍ ഭേദിക്കാന്‍ അവര്‍ക്കായില്ല.
ബാഴ്‌സലോണയ്ക്കായി ചാമ്പ്യന്‍സ് ലീഗ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം അന്‍സു ഫാത്തി സ്വന്തമാക്കി. 59-ാം മിനിറ്റില്‍ ഫാത്തിക്ക് പകരം മെസ്സിയെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.
സാഞ്ചോയെ സെമഡോ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ഡോര്‍ട്ട്മുണ്ടിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ റിയുസിന്റെ കിക്ക് ബാഴ്‌സ ഗോളി ടെര്‍സ്റ്റേഗന്‍ രക്ഷപ്പെടുത്തി.
ഗ്രൂപ്പ് എഫിലെ ഇന്റര്‍ മിലാന്‍ - ചെക്ക് റിപ്പബ്ലിക് ക്ലബ്ബ് സ്ലാവിയ പ്രാഹ് മത്സരം സമനിലയിലായി. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഒരു ഗോളിന് പിന്നിലായിരുന്ന ഇന്റര്‍ അധികസമയത്ത് വീണ ഗോളിലാണ് സമനില പിടിച്ചത്.
63-ാം മിനിറ്റില്‍ പീറ്റര്‍ ഒളയിങ്കയിലൂടെ സ്ലാവിയ പ്രാഹ് ലീഡെടുത്തു. പിന്നീട് ഉണര്‍ന്നു കളിച്ച ഇന്റര്‍ തുടരെ ആക്രമണങ്ങള്‍ നടത്തി. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ നിക്കോളോ ബാരെല്ലയിലൂടെ അവര്‍ സമനില ഗോള്‍ കണ്ടെത്തി.
Content Highlights: UEFA Champions League barcelona vs dortmund draw