പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്): ചാമ്പ്യന്‍സ് ലീഗില്‍ എവേ വിജയവുമായി ബാഴ്‌സലോണ. ചെക്ക് റിപ്പബ്ലിക്ക് ചാമ്പ്യന്‍മാരായ സ്ലാവിയ പ്രാഹിനെ അവരുടെ മൈതാനത്ത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഈ സീസണിലെ ബാഴ്‌സയുടെ ആദ്യ എവേ ജയമാണിത്.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ലയണല്‍ മെസ്സി ബാഴ്‌സയെ മുന്നിലെത്തിച്ചു. ആര്‍തുര്‍ മെലോയുമായി നടത്തിയ നീക്കത്തിനൊടുവില്‍ മെസ്സി പന്ത് പ്രാഹിന്റെ വലയിലെത്തിച്ചു.
ഇതോടെ തുടര്‍ച്ചയായ 15 ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. 2005/2016 മുതലാണ് മെസ്സിയുടെ നേട്ടം. 16 വ്യത്യസ്ത സീസണുകളില്‍ സ്‌കോര്‍ ചെയ്ത റയാന്‍ ഗിഗ്‌സാണ് ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടിയ താരം.
ഇതിനു ശേഷം ഉണര്‍ന്നു കളിച്ച ചെക്ക് ടീം പലതവണ ബാഴ്‌സ ഗോളി ടെര്‍സ്‌റ്റേഗനെ പരീക്ഷിച്ചു. ഈ സമയത്ത് ബാഴ്‌സയും ചില മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. ബാഴ്‌സയുടെ ലീഡില്‍ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റാകുമ്പോഴേക്കും ചെക്ക് ചാമ്പ്യന്‍മാര്‍ തിരിച്ചടിച്ചു. മാസോപുസറ്റിന്റെ പാസില്‍ നിന്ന് ജാന്‍ ബോറിലാണ് അവരെ ഒപ്പമെത്തിച്ചത്.
ജയത്തിനായി ബാഴ്‌സ നിരന്തരം ശ്രമിക്കുന്നതിനിടെ 57-ാം മിനിറ്റില്‍ മെസ്സിയെടുത്ത ഒരു ഫ്രീകിക്ക് ബാഴ്‌സയ്ക്ക് വിജയമൊരുക്കി. ഫ്രീകിക്കില്‍ നിന്നുള്ള സുവാരസിന്റെ ഷോട്ട് പീറ്റര്‍ ഒലയിന്‍കയുടെ സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. ഇതിനു ശേഷം 75-ാം മിനിറ്റില്‍ ലഭിച്ച ഒരു സുവര്‍ണാവസരം മെസ്സി നഷ്ടമാക്കുകയും ചെയ്തു. ജയത്തോടെ ഗ്രൂപ്പ് എഫില്‍ ഏഴു പോയന്റോടെ ബാഴ്‌സ ഒന്നാമതെത്തി.
Content Highlights: UEFA Champions League Barcelona beat Slavia Praha