ന്യൂഡല്‍ഹി: അണ്ടര്‍-17 ലോകകപ്പില്‍ അര്‍ജന്റീനയുടെ കളികാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശരാകാം. ഒക്ടോബറില്‍ ഇന്ത്യയിലെ ആറു നഗരങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ കളിക്കാന്‍ മെസ്സിയുടെ പിന്‍മുറക്കാര്‍ക്ക് യോഗ്യതനേടാനായില്ല. തെക്കേ അമേരിക്കന്‍ അണ്ടര്‍-17 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തോറ്റുപുറത്തായതാണ് തിരിച്ചടിയായത്. അതേസമയം ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍റൗണ്ടിലേക്ക് യോഗ്യതനേടിയ ബ്രസീല്‍ പ്രതീക്ഷ നിലനിര്‍ത്തി.
തെക്കേ അമേരിക്കയില്‍നിന്ന് നാലു ടീമുകള്‍ക്കാണ് ലോകകപ്പില്‍ കളിക്കാന്‍ അവസരമുള്ളത്. അണ്ടര്‍-17 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യനാലു സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യോഗ്യതലഭിക്കും. മോശം പ്രകടനം കാഴ്ചവെച്ച അര്‍ജന്റീന ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനക്കാരായതോടെയാണ് പ്രാഥമികറൗണ്ടില്‍ത്തന്നെ പുറത്തായത്. രണ്ട് ഗ്രൂപ്പില്‍നിന്നും ആദ്യ മൂന്ന് സ്ഥാനക്കാരാണ് ഫൈനല്‍റൗണ്ടിലെത്തിയത്. ആറു ടീമുകള്‍ കളിക്കുന്ന ഫൈനല്‍റൗണ്ടില്‍നിന്നാണ് നാലു ടീമുകള്‍ ലോകകപ്പിലേക്ക് യോഗ്യതനേടുന്നത്. 2005-നുശേഷം ആദ്യമായാണ് അര്‍ജന്റീന യോഗ്യത നേടാതെ പുറത്താകുന്നത്.
ഗ്രൂപ്പ് ബിയില്‍ ബ്രസീലിനൊപ്പമായിരുന്നു അര്‍ജന്റീന. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍വന്നപ്പോള്‍ ബ്രസീല്‍ 2-0ത്തിന് ജയിച്ചു. ഈ തോല്‍വിയാണ് ടീമിന്റെ പുറത്താകല്‍ എളുപ്പത്തിലാക്കിയത്. അഞ്ചു ടീമുകള്‍ കളിച്ച ഗ്രൂപ്പില്‍ ഒരു മത്സരം മാത്രമാണ് ടീം ജയിച്ചത്. അതേസമയം ബ്രസീല്‍ നാലു കളിയില്‍ മൂന്നില്‍ ജയിക്കുകയും ഒന്നില്‍ സമനിലപിടിക്കുകയും ചെയ്താണ് ഫൈനല്‍ റൗണ്ടിലെത്തിയത്.
ബ്രസീലിന് പുറമേ പാരഗ്വായ്, വെനസ്വേല ടീമുകള്‍ ബി ഗ്രൂപ്പില്‍നിന്ന് കടന്നപ്പോള്‍ എ ഗ്രൂപ്പില്‍നിന്ന് ചിലി, കൊളംബിയ, ഇക്വഡോര്‍ ടീമുകളും ഫൈനല്‍ റൗണ്ടിലെത്തി. യുറുഗ്വായാണ് പുറത്തായ കരുത്തര്‍. ഒക്ടോബര്‍ ആറുമുതല്‍ 28 വരെയാണ് ലോകകപ്പ് നടക്കുന്നത്. കൊച്ചിയടക്കം ആറു വേദികളാണുള്ളത്.