15-ാം തീയതിയോടുകൂടി ലോകകപ്പ് അവേശം കൊടിയിറങ്ങുകയാണ്. ലോകകപ്പിന്റെ ആരവമൊഴിഞ്ഞ ശേഷം ക്ലബ് യുദ്ധങ്ങള്‍ക്ക് വീണ്ടും തുടക്കമാകുകയാണ്. ലോകകപ്പിലെ ശ്രദ്ധാകേന്ദ്രങ്ങളായ ചിലര്‍ മറ്റു ക്ലബുകളിലേക്ക് കുടിയേറുന്നത് സ്ഥിരമാണ്. ബ്രസീല്‍ ലോകകപ്പിന് ശേഷം ജെയിംസ് റോഡ്രിഗസ് റയലില്‍ എത്തിയത് തന്നെ ഉദാഹരണം. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ലോകത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വരാനിരിക്കുന്ന ക്ലബ് സീസണ്‍ തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് സൂചന.
പ്രമുഖ ക്ലബുകളെല്ലാം ലോകകപ്പിലെ മികച്ച പ്രകടനക്കാരെ നോട്ടമിട്ടു കഴിഞ്ഞു. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ ഈ ആഴ്ച ഞെട്ടിച്ച വാര്‍ത്ത അതൊന്നുമല്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റയലില്‍ നിന്നുള്ള പടിയിറക്കമാണ്. നീണ്ട ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് റൊണാള്‍ഡോ റയല്‍ വിടുന്നത്. ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസിലേക്കാണ് അദ്ദേഹത്തിന്റെ കൂടുമാറ്റം. 105 മില്യന്‍ യൂറോ (ഏകദേശം 845 കോടി രൂപ) യ്ക്കാണ് താരത്തെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2022 വരെയുള്ള കരാറില്‍ ഓരോ വര്‍ഷം 30 മില്ല്യണ്‍ യൂറോ വീതം 33-കാരന് ലഭിക്കും.
ഹസാര്‍ഡിനായി ബാഴ്‌സ
ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ഹസാര്‍ഡിനെയാണ് ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബാഴ്‌സലോണ ഉന്നംവെയ്ക്കുന്നത്. അത്‌ലറ്റിക്കോയുടെ അന്റോണിയോ ഗ്രീസ്മാനെ ന്യൂക്യാമ്പിലെത്തിക്കാന്‍ പടിച്ചപണി പതിനെട്ടും പയറ്റി പരാജയപ്പെട്ടിടത്തു നിന്നാണ് ബാഴ്‌സ ഇപ്പോള്‍ ഹസാര്‍ഡിലേക്കെത്തിയിരിക്കുന്നത്. ബ്രസീലിയന്‍ താരം ആര്‍തര്‍ മെലോയെ ബാഴ്‌സ നേരത്തെ തന്നെ തട്ടകത്തിലെത്തിച്ചിട്ടുണ്ട്. പൗളീന്യോ തിരികെ ചൈനയിലേക്കും ഇനിയെസ്റ്റ ജപ്പാനിലേക്കും പോയ ഒഴിവ് നികത്താനാണ് ബാഴ്‌സയുടെ ശ്രമം. ഏതാനും വര്‍ഷങ്ങളായി തുടരുന്ന യൂറോപ്യന്‍ ശനിദശ മായ്ക്കാനുള്ള ഒരുക്കിലാണ് ബാഴ്‌സ.
മഷരാനോ ക്ലബ് വിട്ട സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി സെന്റര്‍ബാക്ക് പൊസിഷനിലേക്ക് മറ്റൊരു താരത്തെ കൊണ്ടുവന്നിരിക്കുകയാണ് ബാഴ്‌സ. സ്പാനിഷ് ക്ലബ് സെവിയ്യയുടെ സെന്റര്‍ബാക്ക് ക്ലെമന്റ് ലെംഗ്ലെറ്റാണ് ന്യൂക്യാമ്പിലെത്തുന്ന പുതിയ താരം. 35 മില്ല്യന്‍ യൂറോയാണ് ഈ 23-കാരന്റെ കൈമാറ്റത്തുക.
ഹിഗ്വെയ്‌നെ വിടാനൊരുങ്ങി യുവെന്റസ്
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബിലെത്തുന്ന പശ്ചാത്തലത്തില്‍ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്‌നെ കൈമാറാനൊരുങ്ങുകയാണ് യുവെ. ചെല്‍സിയാണ് ഹിഗ്വെയ്‌നായി രംഗത്തുള്ളത്. 55 മില്ല്യന്‍ യൂറോയാണ് ക്ലബ് ഹിഗ്വെയ്‌നായി ആവശ്യപ്പെടുന്നത്.
ലിവര്‍പൂള്‍ യുവതാരത്തിനു പുറകെ പി.എസ്.ജിയും യുവെന്റസും
ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ 18-കാരന്‍ സ്‌ട്രൈക്കര്‍ റയാന്‍ ബ്രൂസ്റ്ററിനെ ഒരേസമയം ലക്ഷ്യമിട്ടിരിക്കുന്നത് രണ്ട് ക്ലബുകളാണ്. പാരിസ് സെന്റ് ജര്‍മ്മനും യുവെന്റസും. ലിവര്‍പൂളുമായി ഈ 18-കാരന്‍ ഇതുവരെ കരാര്‍ പുതുക്കിയിട്ടില്ല.
വമ്പന്‍ പേരുകളില്‍ കണ്ണുടക്കി റയല്‍
തങ്ങളുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റൊണാള്‍ഡോയുടെ വിടവ് നികത്താന്‍ ലക്ഷ്യമിട്ടാണ് റയല്‍ മാഡ്രിഡ് ഇത്തവണ ഇറങ്ങുന്നത്. നെയ്മര്‍, കിലിയന്‍ എംബാപ്പെ, ഏദന്‍ ഹസാര്‍ഡ് എന്നിവരാണ് റോണോയ്ക്ക് പകരമായി റയലിന്റെ പട്ടികയിലുള്ളത്.
യായ ടൂറെയ്ക്കായി വെസ്റ്റ് ഹാം
മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിഡ്ഫീല്‍ഡ് ജനറല്‍ യായ ടൂറെയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇത്തവണ വെസ്റ്റ് ഹാം യുണൈറ്റഡ്. ടൂറെയ്ക്ക് സിറ്റിയുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തിലാണ് വെസ്റ്റ് ഹാമിന്റെ നീക്കം.
Content Highlights:transfer news rumours, hazard top target for barca