സലായ്ക്ക് ചെയ്ത വോട്ടുകള്‍ മെസ്സിയുടെ പേരില്‍; ഫിഫ വോട്ടിങ് അട്ടിമറിച്ചെന്ന് ആരോപണം


2 min read
Read later
Print
Share

താന്‍ മെസ്സിക്ക് വോട്ടേ ചെയ്തിട്ടില്ലെന്നാണ് യുവാന്‍ ബരേര പറയുന്നത്. എന്നാല്‍ മെസ്സിക്ക് വോട്ടു ചെയ്ത ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ തന്റെ പേരുകണ്ട് ഞെട്ടിപ്പോയെന്നും ബരേര കൂട്ടിച്ചേര്‍ത്തു

മിലാന്‍: ഇത്തവണത്തെ ഫിഫയുടെ 'ദ ബെസ്റ്റ്' പുരസ്‌കാരം വിവാദത്തില്‍. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിക്ക് പുരസ്‌കാരം നല്‍കാന്‍ ഫിഫ വോട്ടെടുപ്പ് അട്ടിമറിച്ചെന്നാണ് ആരോപണം.

ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും സുഡാന്‍ കോച്ച് ദ്രാവ്‌കോ ലുഗാരിസിച്ചും നിക്കാരഗ്വ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയുമാണ് ഫിഫയുടെ ബാലറ്റ് വോട്ടെടുപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ ഡൈക്ക് യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ദേശീയ ടീം കോച്ച് ഷൗക്കി ഗരീബിന്റെയും ക്യാപ്റ്റന്‍ അഹമ്മദിന്റെയും വോട്ടുകള്‍ എന്തുകൊണ്ട് കണക്കിലെടുത്തില്ലെന്ന് ഫിഫ വ്യക്തമാക്കണമെന്നാണ് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും വോട്ടുകള്‍ ഫിഫയുടെ ഔദ്യോഗിക വോട്ടിങ് പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടില്ല. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കായിരുന്നു ഇരുവരുടെയും വോട്ടുകള്‍.

എന്നാല്‍ ഈജിപ്ഷ്യന്‍ ബാലറ്റുകളിലെ ഒപ്പുകള്‍ വലിയ അക്ഷരത്തിലായതും വോട്ടിങ് ഫോമുകളില്‍ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയുടെ ഒപ്പില്ലാത്തതുമാണ് ഈജിപ്തിന്റെ വോട്ടുകള്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് ഫിഫയുടെ വിശദീകരണം. ഇത്തരത്തിലുള്ള വോട്ടുകള്‍ അസാധുവായി കണക്കാക്കുമെന്നും ഫിഫ മറുപടിയില്‍ പറയുന്നു.

ഇതിനു പിന്നാലെ സുഡാന്‍ കോച്ച് ദ്രാവ്‌കോ ലുഗാരിസിച്ചും നിക്കാരഗ്വ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയും തങ്ങള്‍ വോട്ടുചെയ്തവരുടെ പേരല്ല ഫിഫ പുറത്തുവിട്ട ഔദ്യോഗിക വോട്ടിങ് പട്ടികയിലുള്ളതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. താന്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണ് ആദ്യ വോട്ട് നല്‍കിയത്. എന്നാല്‍ ഫിഫയുടെ വോട്ടിങ് രേഖയില്‍ തന്റെ ആദ്യ വോട്ട് മെസ്സിക്കാണെന്നാണ് കാണുന്നതെന്ന് ലുഗാരിസിച്ച് ചൂണ്ടിക്കാട്ടി.

താന്‍ മെസ്സിക്ക് വോട്ടേ ചെയ്തിട്ടില്ലെന്നാണ് യുവാന്‍ ബരേര പറയുന്നത്. എന്നാല്‍ മെസ്സിക്ക് വോട്ടു ചെയ്ത ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ തന്റെ പേരുകണ്ട് ഞെട്ടിപ്പോയെന്നും ബരേര കൂട്ടിച്ചേര്‍ത്തു.

ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, ഓരോ രാജ്യത്തു നിന്നും തിരഞ്ഞെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഫിഫയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക. പുരസ്‌കാര വിജയിയെ തിരഞ്ഞെടുക്കുന്നത് ഈ വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ്.

46 വോട്ടുകള്‍ നേടിയാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വിര്‍ജിന്‍ വാന്‍ ഡൈക്കിന് 38 വോട്ടുകളും റൊണാള്‍ഡോയ്ക്ക് 36 വോട്ടുകളുമാണ് ലഭിച്ചത്. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്ക് ലഭിച്ചത് 26 വോട്ടുകള്‍ മാത്രമാണ്. ലിവര്‍പൂള്‍ ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായതോടെ സലാ പുരസ്‌കാരം നേടുമെന്ന് സൂചനകളുണ്ടായിരുന്നു.

Content Highlights: Three countries claim they DID NOT vote for Lionel Messi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram