ബെര്‍ലിന്‍: സീനിയര്‍ താരങ്ങളായ തോമസ് മുള്ളര്‍, മാറ്റ് ഹമ്മല്‍സ്, ജെറോം ബോട്ടെങ് എന്നിവരെ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന കോച്ച് ജോക്കിം ലോയുടെ തീരുമാനത്തില്‍ രോഷം കൊണ്ട് തോമസ് മുള്ളര്‍.
കോച്ചിന്റെ പെട്ടെന്നുള്ള ഈ തീരുമാനം ഞെട്ടിച്ചുവെന്നും എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് മനസിലാകുന്നില്ലെന്നും മുള്ളര്‍ പറഞ്ഞു.
''ഞങ്ങളെ അപമാനിക്കാനാണിത്. ജര്‍മന്‍ കരിയര്‍ അവസാനിച്ചു എന്ന് ഇങ്ങനെയല്ല ഞങ്ങള്‍ അറിയേണ്ടത്. ഞാനും ഹമ്മല്‍സും ബോട്ടെങ്ങുമൊക്കെ ബയറണ്‍ മ്യൂണിക്കില്‍ കളിക്കുന്നുണ്ട്. മികച്ച രീതിയില്‍ തന്നെയാണ് അവിടെ കളിക്കുന്നത്. അതുകൊണ്ടു തന്നെ ജര്‍മനിക്കായും കളിക്കാനാകും'' - മുള്ളര്‍ പറഞ്ഞു.
ജര്‍മന്‍ ടീമിനായി ഏറെ ആത്മാര്‍ഥതയോടെ കളിച്ച എനിക്ക് കോച്ചിന്റെ ഈ തീരുമാനം മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇതെന്റെ ജര്‍മന്‍ കരിയറിന്റെ അവസാനമല്ല. ഇനിയും ജര്‍മനിക്കായി കളിക്കുമെന്നും മുള്ളര്‍ കൂട്ടിച്ചേര്‍ത്തു.
സെര്‍ബിയക്കെതിരായ സൗഹൃദ മത്സരത്തിനും നെതര്‍ലന്‍ഡ്‌സിനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിനുമുള്ള ജര്‍മന്‍ ടീമില്‍ നിന്നാണ് സീനിയര്‍ താരങ്ങളെ കോച്ച് ഒഴിവാക്കിയത്. ജര്‍മനിയുടെ ഭാവി മത്സരങ്ങള്‍ക്കുളള ടീമില്‍ ഇവരുണ്ടാകില്ലെന്ന് മൂന്നുപേരെയും അറിയച്ചതായും ലോ പറഞ്ഞിരുന്നു.
Content Highlights: Thomas Muller puzzled and angry at Germany decision