ഒരിക്കലും നിര്‍വചിക്കാനാകാത്ത മത്സരഫലങ്ങള്‍ തന്നെയാണ് ഫുട്‌ബോളിനെ മനോഹരമാക്കുന്നത്. പരാജയത്തിന്റെ പടുകുഴിയില്‍ വീണാലും, പ്രതീക്ഷയുടെ അവസാന നെരിപ്പോടും കെട്ടണഞ്ഞാലും ഫിനിക്‌സ് പക്ഷിയെപ്പോലെ ഒരു ടീം പറന്നുയരുന്നത് ഫുട്‌ബോളിന്റെ സൗന്ദര്യമാണ്. ബാഴ്‌സയും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ആന്‍ഫീല്‍ഡില്‍ കണ്ടതും ഈ സൗന്ദര്യമാണ്. ആദ്യ പാദത്തില്‍ 3-0ത്തിന് തോറ്റിട്ടും, സൂപ്പര്‍ സ്‌ട്രൈക്കര്‍മാരായ സലയും ഫിര്‍മിന്യോയും കളിക്കാതിരുന്നിട്ടും ലിവര്‍പൂള്‍ ബാഴ്‌സയെ കശക്കിയെറിഞ്ഞു, മെസ്സി വെറും കാഴ്ച്ചക്കാരന്‍ മാത്രമായി.
ലിവര്‍പൂളിനെ സംബന്ധിച്ച് ഈ തിരിച്ചുവരവ് ഒരു പുത്തരിയില്ല. പണ്ടും, അതായത് 2005-ല്‍, എ.സി മിലാനെതിരേ അവര്‍ ഇതുപോലൊരു തിരിച്ചുവരവ് നടത്തിയതാണ്. അന്ന് ഫൈനലില്‍ ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് പിന്നിട്ടു നിന്ന ശേഷം ലിവര്‍പൂള്‍ കിരീടത്തില്‍ മുത്തമിട്ടു.
മാല്‍ദീനിയും ക്രെസ്‌പോയും കളിക്കുന്ന മിലാനെ ജെറാര്‍ഡും വ്‌ളാദിമിര്‍ സ്‌മൈസറും അലോണ്‍സോയും അടങ്ങുന്ന ലിവര്‍പൂള്‍ പിടിച്ചുകെട്ടുകയായിരുന്നു.കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ മാല്‍ദീനി മിലാനെ മുന്നിലെത്തിച്ചു. പിന്നീട് ക്രെസ്‌പോയുടെ ഊഴമായിരുന്നു. 39-ാം മിനിറ്റിലും 44-ാം മിനിറ്റിലും ക്രെസ്‌പോ ലക്ഷ്യം കണ്ടു. ഇതോടെ മിലാന്‍ ആദ്യ പകുതിയില്‍ 3-0ത്തിന് ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതി ലിവര്‍പൂളിന്റേതായിരുന്നു. 54-ാം മിനിറ്റില്‍ ജെറാര്‍ഡ് ലക്ഷ്യം കണ്ടു. അടുത്ത മിനിറ്റില്‍ സ്‌മൈസര്‍ ഗോള്‍ നേടി. 60-ാം മിനിറ്റില്‍ അലോണ്‍സോ കൂടി വല ചലിപ്പിതോടെ 3-3ലെത്തി. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലെത്തി. പക്ഷേ ഇരുടീമിനും ഗോള്‍ കണ്ടെത്താനായില്ല. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നു. അഞ്ചെണ്ണത്തില്‍ രണ്ട് ഷോട്ട് മാത്രമാണ് മിലാന് വലയിലെത്തിക്കാനായത്. ലിവര്‍പൂളിന്റെ നാല് ഷോട്ടില്‍ മൂന്നും ലക്ഷ്യം കണ്ടു. ചാമ്പ്യന്‍സ് ലീഗ് കിരീടം ആന്‍ഫീല്‍ഡിലെത്തി.
പിന്നീട് ഈ ഫൈനല്‍ 'ബാറ്റ്ല്‍ ഓഫ് ഇസ്താംബൂള്‍, മിറാക്ക്ള്‍ ഓഫ് ഇസ്താംബൂള്‍' എന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടി. അന്ന് ജെറാര്‍ഡ് ഗോളടിച്ചാണ് ചരിത്രത്തില്‍ പങ്കാളിയായതെങ്കില്‍ ഇത്തവണ കാഴ്ച്ചക്കാരനായി ആന്‍ഫീല്‍ഡിലുണ്ടായിരുന്നു. അതും ചരിത്രത്തിന്റെ നിയോഗമാണ്.
Content Highlights: The best Champions League comebacks Liverpool vs Barcelona