ഛേത്രിക്ക് പരിക്ക്: ഇറാനെതിരെ കളിക്കില്ല


2 min read
Read later
Print
Share

ബെംഗളൂരു എഫ്.സി.യുടെ താരമായ ഛേത്രിക്ക് ഐ ലീഗ് മത്സരത്തിനിടെയാണ് പരിക്കേറ്റത്.

ന്യൂഡല്‍ഹി: പരിക്കേറ്റ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ഇറാനെതിരായ ലോകകപ്പ് യോഗ്യതാ ഫുട്ബാള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ബെംഗളൂരു എഫ്.സി.യുടെ താരമായ ഛേത്രിക്ക് ഐ ലീഗ് മത്സരത്തിനിടെയാണ് പരിക്കേറ്റത്. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടെഹ്‌റാനിലാണ് മത്സരം. വ്യാഴാഴ്ച നടക്കേണ്ട മത്സരത്തിനായി ടീം കഴിഞ്ഞ ദിവസം ടെഹറാനിലേയ്ക്ക് തിരിച്ചു.

ഇന്ത്യന്‍ ടീം:
ഗോള്‍കീപ്പര്‍മാര്‍: സുബ്രത പോള്‍, ഗുര്‍പ്രീത്‌സിങ് സന്ധു, കരന്‍ജിത്ത്‌സിങ്. പ്രതിരോധം: ഐബോര്‍ലാങ് ഖോങ്ജി, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അര്‍ണബ് മൊണ്ഡല്‍, പ്രിതം കോട്ടല്‍, സന്ദേശ് ജിംഗന്‍, നാരായണ്‍ദാസ്, ലാല്‍ച്വാന്‍മാവിയ. മിഡ്ഫീല്‍ഡ്: പ്രണോയ് ഹാല്‍ദാര്‍, ബികാഷ് ജൈറു, കാവിന്‍ ലോബൊ, റോവ്‌ലിന്‍ ബോര്‍ഗസ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ഹര്‍മന്‍ജോത്‌സിങ് ഖാബ്ര, ഉദാന്തസിങ്, വിനീത്‌റായി, സെയ്ത്യസെന്‍സിങ്. സ്‌ട്രൈക്കര്‍മാര്‍: ജെജെ ലാല്‍പെഖ്‌ല്വ, സുമീത് പാസ്സി, ഹലിചരണ്‍ നര്‍സാരി.

ധന്‍പാല്‍ സിങ്, റോബിന്‍സിങ് എന്നിവര്‍ നേരത്തെ തന്നെ പരിക്കിന്റെ പിടിയിലാണ്. ഛേത്രി കൂടി ഒഴിവായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഇവര്‍ക്ക് പുറമെ ടി.പി.രഹനേഷ്, റിനോ ആന്റോ, ആല്‍വിന്‍ ജോര്‍ജ്, മാല്‍സോംസ്വാല, മുഹമ്മദ് റഫീഖ് എന്നിവരെയും ഇറാനെതിരായ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്തില്‍ ദു:ഖമുണ്ടെന്ന് ഛേത്രി പറഞ്ഞു.

ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ ഏറ്റവും അവസാനക്കാരാണ് ഇന്ത്യ. ആറ് കളികളില്‍ അഞ്ചും തോറ്റ ഇന്ത്യയ്ക്ക് ഒരൊറ്റ ജയത്തില്‍ നിന്നുള്ള മൂന്ന് പോയിന്റ് മാത്രമാണ് സമ്പാദ്യം. ഹോം മാച്ചില്‍ ഗുവാമിനെതിരെയാണ് ഇന്ത്യ ആശ്വാസ ജയം നേടിയത്. ഇറാനെതിരായ എവെ മത്സരം കഴിഞ്ഞാല്‍ തുര്‍ക്‌മേനിസ്താനെതിരായ കൊച്ചിയിലെ ഹോം മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്. മാര്‍ച്ച് 29നാണ് മത്സരം.

ആറു കളികളില്‍ നിന്ന് 14 പോയിന്റുള്ള ഇറാനാണ് ഗ്രൂപ്പില്‍ ഒന്നാമത്. 11 പോയിന്റുള്ള ഒമാനാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയെയും ഗുവാമിനെയും തോല്‍പിച്ച ഇറാന് തുര്‍ക്ക്‌മേനിസ്താനോടും ഒമാനോടും സമനില വഴങ്ങേണ്ടിവന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram