ന്യൂഡല്‍ഹി: ജോര്‍ദാനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍താരം സുനില്‍ ഛേത്രി ഉണ്ടാകില്ല. കണ്ണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഛേത്രിക്ക് വിശ്രമം അനുവദിച്ചേക്കും.
ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിനിടെയാണ് ഛേത്രിക്ക് പരിക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സന്ദേശ് ജിംഗന്റെ ടാക്കിളിലാണ് ഛേത്രിക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്ക് വകവയ്ക്കാതെ ഛേത്രി മുഴുവന്‍ സമയവും കളിച്ചിരുന്നു.
പരിക്ക് ഗുരുതരമല്ലെങ്കിലും ജനുവരയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ പൂര്‍ണശാരീരികക്ഷമതയോടെ കളിക്കുന്നതിനായാണ്, ഇപ്പോള്‍ ഛേത്രിക്ക് വിശ്രമം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 97-ാം സ്ഥാനത്തും ജോര്‍ദാന്‍ 112-ാം സ്ഥാനത്തുമാണ്.
നവംബര്‍ 17-ന് അമ്മാനിലാണ് ജോര്‍ദാനെതിരായ മത്സരം. പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയിന്‍ പ്രഖ്യാപിച്ച 30 അംഗ സാധ്യത ടീമില്‍ ഛേത്രി ഇടം നേടിയിരുന്നു. എന്നാല്‍ അതിനുശേഷമാണ് പരിക്കേറ്റത്.
ഇന്ത്യക്കായി 103 മത്സരങ്ങള്‍ കളിച്ച ഛേത്രി 65 ഗോളുകളുമായി ടീമിന്റെ ടോപ്‌സ്‌കോററാണ്. ഛേത്രി കളിച്ചില്ലെങ്കില്‍ സന്ദേശ് ജിംഗനായിരിക്കും ജോര്‍ദാനെതിരായ മത്സരത്തില്‍ ടീമിനെ നയിക്കുക. കഴിഞ്ഞ മാസം ചൈനയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഛേത്രി ഉണ്ടായിരുന്നിട്ടും ജിംഗന്‍ തന്നെയാണ് ടീമിനെ നയിച്ചത്.