മുംബൈ: ഇന്ത്യന്‍ ജഴ്‌സിയില്‍ സുനില്‍ ഛേത്രി നൂറാം മത്സരത്തിനിറങ്ങിയപ്പോള്‍ ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കെനിയക്കെതിരെ ഇരട്ടഗോളുമായി സുനില്‍ ഛേത്രി നൂറാം മത്സരം ആഘോഷമാക്കുകയും ചെയ്തു. മത്സരത്തിന് ശേഷം ട്വിറ്ററിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം ഛേത്രി നന്ദി പറഞ്ഞു.
'ഇതു പോലെ നിങ്ങളുടെ ഭാഗത്ത് നിന്ന് എപ്പോഴും ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ കളിക്കളത്തില്‍ ജീവന്‍ സമര്‍പ്പിച്ച് കളിക്കും. ഈ രാത്രി വളരെ പ്രിയപ്പെട്ടതായിരുന്നു. കാരണം നമ്മളെല്ലാവരും ഒരുമിച്ചായിരുന്നു. സ്‌റ്റേഡിയത്തിലിരുന്ന് ആരവം മുഴക്കിയവര്‍ക്കും വീട്ടിലിരുന്ന് ആവേശം തന്നവര്‍ക്കും നന്ദി. ഛേത്രി ട്വീറ്റ് ചെയ്തു.
കളി കാണാനെത്തണമെന്ന് അപേക്ഷിച്ച് കഴിഞ്ഞദിവസം സുനില്‍ഛേത്രി സാമൂഹികമാധ്യമങ്ങളില്‍ പുറത്തിറക്കിയ വീഡിയോ വലിയ വാര്‍ത്തയായിരുന്നു. 'ഇന്ത്യയുടെ കളി കാണാന്‍ ഫുട്ബോള്‍ സ്നേഹികളായ എല്ലാവരും വരൂ. ലോകത്തെ ഏറ്റവും മകച്ച കളിയാണ് ഫുട്ബോള്‍, ഞങ്ങള്‍ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത് ' എന്നിങ്ങനെ വൈകാരികമായിരുന്നു ഛേത്രിയുടെ വീഡിയോ.
സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയുമടക്കം പ്രമുഖ കായിക താരങ്ങള്‍ വീഡിയോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ അതിവേഗം പ്രചരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാകുമ്പോഴേക്കും കളിയുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു.
Content Highlights: Sunil Chhetri thanks fans for big win over Kenya