അബുദാബി: എ.എഫ്.സി ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയെ ചരിത്രവിജയത്തിലേക്ക് നയിച്ച നായകന്‍ സുനില്‍ ഛേത്രി ഒരു സ്വപ്‌ന നിമിഷം കൂടിയാണ് അബുദാബിയില്‍ പിന്നിട്ടത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ദേശീയ ജഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായി ഛേത്രി മാറി. അതും ലയണല്‍ മെസ്സിയെ പിന്നിലാക്കി. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ആഘോഷത്തിലമര്‍ന്നു.
എന്നാല്‍ ഛേത്രിയെ സംബന്ധിച്ച് ഇത് അത്ര വലിയ കാര്യമൊന്നുമല്ല. 'റെക്കോഡുകളിലും ആരു ഗോളടിക്കുന്നു എന്നതിലുമല്ല കാര്യം. ആരു ഗോളടിച്ചാലും ആഘോഷം ഒരുപോലെയാണ്. എനിക്ക് ഏറ്റവും പ്രധാനം ഇന്ത്യക്ക് മൂന്ന് പോയിന്റ് ലഭിച്ചു എന്നതാണ്' ഛേത്രി മത്സരശേഷം പ്രതികരിച്ചു. ജപ്പാനിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗായ ജെ-ലീഗില്‍ കളിക്കുന്ന മൂന്ന് താരങ്ങളങ്ങുന്ന തായ്‌ലന്‍ഡിനെ 4-1ന് തോല്‍പ്പിക്കാനായതിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സന്തോഷം.
കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഞാനടിച്ച ഗോളുകളെകുറിച്ച് ഞാന്‍ ആലോചിക്കുമായിരിക്കും. പക്ഷേ ഇപ്പോള്‍ കളിയില്‍ ശ്രദ്ധ മാത്രമാണ് വേണ്ടത്. ആരു ഗോളടിക്കുന്നു എന്നതല്ല നോക്കേണ്ടത്, ഇന്ത്യന്‍ ടീം ഗോളടിച്ചോ എന്നാണ്. ഛേത്രി കൂട്ടിച്ചേര്‍ത്തു.
34-കാരനായ ഛേത്രി രണ്ട് ഗോളുകളാണ് മത്സരത്തില്‍ നേടിയത്. അതിലൊരെണ്ണം പെനാല്‍റ്റിയായിരുന്നു. ഇതോടെ ഛേത്രിയുടെ അക്കൗണ്ടില്‍ 67 ഗോളുകളായി. മെസ്സി നേടിയത് 65 ഗോളുകളാണ്. 85 ഗോളടിച്ച ക്രിസ്റ്റിയാനൊ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിയുടെ മുന്നിലുള്ളത്.
Content Highlights: Sunil Chhetri Speaks After Going Past Messi's Record