ന്യൂഡല്‍ഹി: എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ കിര്‍ഗിസ്ഥാനെതിരെ സുനില്‍ ഛേത്രി നേടിയ ഗോള്‍ ആരും മറന്നിട്ടുണ്ടാവില്ല. അന്ന് ഒരു റെക്കോഡും ഛേത്രി പിന്നിട്ടിരുന്നു. രാജ്യത്തിന് വേണ്ടി നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ലോകത്തെ നാലാമത്തെ കളിക്കാരനെന്ന റെക്കോഡാണ് ഛേത്രിയെ തേടിയെത്തിയത്.
94 മത്സരങ്ങളില്‍ നിന്ന് 54 ഗോളുകള്‍ നേടിയ ഛേത്രി ഗോളുകളുടെ എണ്ണത്തിൽ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിയെ പിന്നിലാക്കി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ലയണല്‍ മെസ്സി, അമേരിക്കന്‍ താരം ക്ലിന്റ് ഡെംപ്‌സി എന്നിവരാണ് ഛേത്രിക്ക് മുന്നിലുള്ളത്. ഗോളുകളുടെ എണ്ണത്തിൽ പിറകിലാണെങ്കിലും സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ഛേത്രി ഇവരെയും പിന്നിലാക്കി. ക്രിസ്റ്റ്യാനൊയുടേത് 0.49ഉം മെസ്സിയുടേത് 0.42ഉം ഡംപ്‌സിയുടേത് 0.45ഉം ആണ്. എന്നാല്‍ ഛേത്രിയുടെ സ്‌ട്രെയ്ക്ക് റേറ്റ് 0.57 ആണ്.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഛേത്രി 2013ലാണ് ബൈച്ചുങ് ബൂട്ടിയയുടെ പേരിലുള്ള 43 ഗോളെന്ന റെക്കോഡ് മറികടന്നത്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ കളിച്ച താരമെന്ന റെക്കോഡ് മറികടക്കാന്‍ 16 മത്സരങ്ങള്‍ കൂടി മതി ഛേത്രിക്ക്. നിലവില്‍ 109 മത്സരങ്ങളുമായി മുൻനായകൻ ബൈച്ചുങ് ബൂട്ടിയയാണ് ഒന്നാമത്.