കോഴിക്കോട്: ഡ്യൂറന്റ് കപ്പില്‍ ഗോകുലം കേരള എഫ്.സിക്കായി 11 ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരത്തെ 'ഹേയ് ബ്രോ' എന്നുവിളിച്ചാണ് ഐ.എം വിജയന്‍ സ്വീകരിച്ചത്. ഗോകുലത്തിനായി ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ടൂര്‍ണമെന്റായ ഡ്യൂറന്റ് കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനെ അഭിനന്ദിക്കാനെത്തിയതായിരുന്നു ഐ.എം വിജയന്‍.
ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു മാര്‍ക്കസും വിജയനും തമ്മിലുള്ള കൂടിക്കാഴ്ച. ഗോളടിക്കുന്നത് മാത്രമല്ല ഒരു നല്ല സ്‌ട്രൈക്കറുടെ ലക്ഷണം. ടീമിനെ സപ്പോര്‍ട്ട് ചെയ്ത് നല്ല പാസുകള്‍ നല്‍കാന്‍ സാധിക്കണം ഗോളവസരങ്ങള്‍ സൃഷ്ടിക്കണം, മാര്‍ക്കസ് അത്തരത്തിലുള്ള ഒരു താരമാണെന്നും വിജയന്‍ ചൂണ്ടിക്കാട്ടി.
''ഗോകുലത്തിന്റെ മത്സരങ്ങളെല്ലാം കണ്ടിരുന്നു. ഗോളടിക്കാന്‍ മാത്രമായി കളിക്കുന്നയാളല്ല മാര്‍ക്കസ്. അസൂയയില്ലാതെ കളിക്കുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തിന് നന്നായി കളിക്കാനും ഗോള്‍ സ്‌കോര്‍ ചെയ്യാനും സാധിക്കുന്നത്. ഗോകുലത്തിന് കിട്ടിയിരിക്കുന്നത് മികച്ചൊരു സ്‌ട്രൈക്കറെയാണ്. നല്ലൊരു സ്‌ട്രൈക്കറുടെ അഭാവമാണ് കഴിഞ്ഞ സീസണുകളിലൊക്കെ ഗോകുലത്തിന് തിരിച്ചടിയായത്'', വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയില്‍പോയി ഇസ്റ്റ് ബംഗാളിനെയും മോഹന്‍ ബഗാനെയും തോല്‍പ്പിക്കുക എന്നു പറഞ്ഞാല്‍ ചെറിയ കാര്യമല്ലെന്നും വിജയന്‍പറഞ്ഞു. ഫെഡറേഷന്‍ കപ്പ്, നാഗ്ജി, ചാക്കോളാസ്, ശ്രീനാരായണ പോലുള്ള ടൂര്‍ണമെന്റുകളുടെ പതനം ഇന്ത്യന്‍ ഫുട്‌ബോളിനെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1997-ല്‍ എഫ്.സി. കൊച്ചിന്‍ ആദ്യമായി ഡ്യൂറന്റ് കപ്പ് നേടുന്ന കേരള ടീമായപ്പോള്‍ ഒമ്പതു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ഐ.എം വിജയനായിരുന്നു. 22 വര്‍ഷങ്ങള്‍ക്കു ശേഷം ഗോകുലം ആ നേട്ടം ആവര്‍ത്തിച്ചപ്പോള്‍ 11 ഗോളുകളുമായി ടോപ് സ്‌കോററായത് മാര്‍ക്കസും.
Content Highlights: Striker is not who only scores goals IM Vijayan on Marcus joseph