ബാഴ്‌സലോണ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് ഇടയ്ക്ക് മടങ്ങിയിട്ടും നെയ്മറില്ലാത്ത ബാഴ്‌സയ്‌ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം.
സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഒന്നാം പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റയലിന്റെ ജയം.
ജെറാഡ് പിക്കെയുടെ സെല്‍ഫ് ഗോളിലാണ് ബാഴ്‌സ ആദ്യം ലീഡ് വഴങ്ങിയത്. മാഴ്‌സെലോയുടെ ഒരു കോര്‍ണര്‍ ക്ലിയര്‍ ചെയ്യാനുള്ള പിക്കെയുടെ ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പതിനഞ്ച് വര്‍ഷത്തിനിടെ എല്‍ ക്ലാസിക്കോയില്‍ വഴങ്ങുന്ന ആദ്യ സെല്‍ഫ് ഗോളായിരുന്നു ഇത്.
ഏറെ വൈകാതെ ലയണല്‍ മെസ്സി വിവാദ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്‌സ ഒപ്പമെത്തി. കെയ്‌ലര്‍ നവാസ് ലൂയിസ് സുവാരസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് മെസ്സി ഗോളാക്കിയത്. 35 മത്സരങ്ങളില്‍ നിന്നുള്ള മെസ്സിയുടെ ഇരുപത്തിനാലാം ഗോള്‍. റയല്‍ ആരാധകരില്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു വീഴ്ചയ്ക്കുശേഷമുള്ള സുവാരസിന്റെ പ്രകടനവും റഫറിയുടെ വിധിയെഴുത്തും.
ഇതിനുശേഷം സബ്‌സ്റ്റിറ്റ്യൂട്ട് ബെഞ്ചില്‍ നിന്ന് ഗ്രൗണ്ടിലെത്തിയ റൊണാള്‍ഡോ ഇരുപത് വാര അകലെ നിന്നുള്ള ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. പിക്കെയെ കബളിപ്പിച്ച് നേടിയ മനോഹരമായ ഗോളിന്റെ ചാരുത അടുത്ത നിമിഷം തന്നെ കളഞ്ഞുകുളിച്ചു റൊണാള്‍ഡോ. ജെഴ്‌സി ഊരിക്കൊണ്ടുള്ള ആഹ്ലാദപ്രകടനം മഞ്ഞക്കാര്‍ഡ് സമ്മാനിക്കുകയും ചെയ്തു.
റയലിന്റെ ഈ സന്തോഷം ഏറെ നീണ്ടുനിന്നില്ല. സാമ്വല്‍ ഉമിറ്റിറ്റിയുടെ ഫൗളില്‍ നിലത്തുവീണ് പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്ത റൊണാള്‍ഡോയ്ക്ക് അത് നിഷേധിക്കപ്പെട്ടതോടെ നിയന്ത്രണം വിട്ടു. തന്റെ അമര്‍ഷം റഫറി റിക്കോര്‍ഡോ ഡി ബര്‍ഗോസിനോടാണ് ക്രിസ്റ്റ്യാനോ തീര്‍ത്തത്. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ റഫറിയെ പിടിച്ചുതള്ളിയാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്.
ക്രിസ്റ്റ്യാനോ പോയി റയല്‍ പത്തു പേരായി ചുരുങ്ങിയശേഷമായിരുന്നു മാര്‍ക്കോ അസെന്‍ഷിയോയുടെ വിജയഗോള്‍. ഇരുപത്തിയഞ്ച് വാര അകലെ നിന്ന് ഓടിവന്നെടുത്ത പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ റയലിന്റെ ഉജ്വല ജയം ഉറച്ചു. എതിരാളിയുടെ തട്ടകത്തില്‍ നേടിയ 3-1 എന്ന ജയം ബുധനാഴ്ച നടക്കുന്ന രണ്ടാം പാദത്തില്‍ റയലിന് വ്യക്തമായ മേല്‍ക്കൈ നല്‍കുന്നുണ്ട്. ഹോം മത്സരത്തില്‍ ഒരു സമനില മതി റയലിന് കപ്പ് സ്വന്തമാക്കാന്‍.