ബാഴ്‌സലോണ: കാറ്റലോണിയയിലെ ആഭ്യന്തര കലാപം ഭയന്ന് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള ലാലീഗ പോരാട്ടം മാറ്റിവച്ചത് ഗ്രാനഡയ്ക്ക് തുണയായി. ഈ വര്‍ഷം ഒന്നാം ഡിവിഷനിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച അവര്‍ ബാഴ്‌സയെ മറികടന്ന് ലാലീഗയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. പത്ത് കളികളില്‍ നിന്ന് ഇരുപത് പോയിന്റുണ്ട് അവര്‍ക്ക്. ഒന്‍പത് മത്സരം മാത്രം കളിച്ച ബാഴ്‌സയേക്കാള്‍ ഒരു പോയിന്റ് മുന്നില്‍. ഒക്ടോബര്‍ 26ന് നടക്കേണ്ടിയിരുന്ന എല്‍ക്ലാസിക്കോ ഡിസംബര്‍ 18ലേയ്ക്കാണ് മാറ്റിയത്.
റിയല്‍ ബെറ്റിസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ഗ്രാനഡ പോയിന്റ് സമ്പാദ്യം ഇരുപതാക്കിയത്. ഗോള്‍ ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം അറുപത്തിയൊന്നാം മിനിറ്റില്‍ അല്‍വാരോ വഡില്ലോയാണ് ഗ്രാനഡയുടെ വിജയഗോള്‍ നേടിയത്.
ബാഴ്‌സയ്ക്ക് ഒന്നാം സ്ഥാനം പിടിച്ചെടുക്കണമെങ്കില്‍ ചൊവ്വാഴ്ച റയല്‍ വല്ലഡോലിഡിനെ തോല്‍പിക്കണം.
സെല്‍റ്റ വിഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച റയല്‍ സോസിഡാഡാണ് പത്തൊന്‍പത് പോയിന്റുമായി മൂന്നാം സ്ഥാനത്ത്. അത്‌ലറ്റിക്കോ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
86 വര്‍ഷത്തെ ചരിത്രമുള്ള ഗ്രാനഡ ഇതുവരെ ഒരു ട്രോഫിയും സ്വന്തമാക്കിയിട്ടില്ല.
Content Highlights: Spanish Laliga Granada Barceloa Real Madrid