മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. ഹോം മത്സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ തോല്‍പിച്ചത്.
ഇരുപത്തിയെട്ടാം മിനിറ്റില്‍ സോള്‍ നിഗ്യുസാണ് ആദ്യ ഗോള്‍ നേടിയത്. അറുപത്തിനാലാം മിനിറ്റില്‍ മൊറാട്ട രണ്ടാം ഗോള്‍ വലയിലാക്കി പട്ടിക തികച്ചു. തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കുശേഷമുള്ള അത്‌ലറ്റിക്കോയുടെ ജയമാണിത്.
ഇതോടെ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് അവര്‍. പത്ത് കളികളില്‍ നിന്ന് 19 പോയിന്റുണ്ട് അവര്‍ക്ക്. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട റയലിന് ഒന്‍പത് കളികളില്‍ നിന്ന് 18 പോയിന്റാണുള്ളത്. ഒന്‍പത് കളികളില്‍ നിന്ന് 19 പോയിന്റുള്ള ബാഴ്‌സയാണ് ഒന്നാമത്.
ലാലീഗയിലെ മറ്റ് മത്സരങ്ങളില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനക്കാരായിരുന്ന ലെഗാനസ് മയോര്‍ക്കയെ ഏകപക്ഷീയമായ ഒരു ഗോളിനും റയല്‍ വല്ലഡോലിഡ് ഐബറിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കും തോല്‍പിച്ചു. വല്ലഡോലിഡ് എട്ടാം സ്ഥാനത്തേയ്ക്കും ലെഗാനസ് പത്തൊന്‍പതാം സ്ഥാനത്തേയ്ക്കും കയറി.
Content Highlights: Spanish LaLiga Atletico Madrid Athletic Bilbao Real Madrid