മാഡ്രിഡ്: സ്പാനിഷ് ലാ ലീഗ ഫുട്‌ബോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ സമനില കൊണ്ട് രക്ഷപ്പെട്ട് ഒന്നാം സ്ഥാനക്കാരായ എഫ്.സി. ബാഴ്‌സലോണ. ഒരു ഗോളിന് പിന്നിട്ടുനിന്ന ബാഴ്‌സയ്ക്ക് സമനിലയും വിലപ്പെട്ടൊരു പോയിന്റും സമ്മാനിച്ചത് പകരക്കാരന്‍ ഔസ്മാന്‍ ഡെംബെലെയാണ്.
എഴുപത്തിയേഴാം മിനിറ്റില്‍ ഡീഗോ കോസ്റ്റ നേടിയ ഗോളിന് പിന്നിട്ടുനില്‍ക്കുകയായിരുന്ന ബാഴ്‌സയ്ക്കുവേണ്ടി തൊണ്ണൂറാം മിനറ്റിലാണ് ഡെംബലെ സമനില ഗോള്‍ നേടിയത്.
പതിമൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 25 പോയിന്റോടെ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 24 പോയിന്റുള്ള അത്‌ലറ്റിക്കോ രണ്ടാം സ്ഥനത്താണ്. ബാഴ്‌സയെ തോല്‍പിക്കാനായിരുന്നെങ്കില്‍ അത്‌ലറ്റിക്കോയ്ക്ക് ബാഴ്‌സയില്‍ നിന്ന് ഒന്നാം സ്ഥാനവും പിടിച്ചെടുക്കാനാവുമായിരുന്നു. എങ്കിലും ഈ സമനിലയില്‍ നിന്നു ലഭിച്ച ഒരു പോയിന്റെ ബലത്തിലാണ് അവര്‍ സെവിയ്യയെ മറികടന്ന് രണ്ടാമതെത്തിയത്.
തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കും ഒരു തോല്‍വിക്കും ശേഷമുള്ള ബാഴ്‌സയുടെ സമനിലയാണിത്. ഈ സീസണില്‍ അവര്‍ വഴങ്ങുന്ന നാലാമത്തെ സമനില. കഴിഞ്ഞ മത്സരത്തില്‍ റയല്‍ ബെറ്റിസിനോടാണ് അവര്‍ ഞെട്ടുന്ന തോല്‍വി ഏറ്റുവാങ്ങിയത്.
ബെറ്റിസിനോടുള്ള അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടല്‍ മാറാത്തതുകൊണ്ട് കരുതലോടെയായിരുന്നു ബാഴ്‌സയുടെ കളി. എഴുപത് ശതമാനത്തിലേറെ പന്തില്‍ അവകാശം കിട്ടിയിട്ടും മിഡ്ഫീല്‍ഡിലെ അത്‌ലറ്റിക്കോയുടെ കരുക്കഴിച്ച് ഗോളവസരങ്ങള്‍ തുറക്കാന്‍ ബാഴ്‌സയ്ക്ക് അധികമൊന്നും കഴിഞ്ഞില്ല. മെസ്സിയെയും സുവാരസിനെയും നന്നായി തന്നെ ഡീഗോ ഗോഡിനും ജിമിനെസിനും കഴിഞ്ഞു.
പ്രതിരോധത്തില്‍ ശ്രദ്ധേ കേന്ദ്രീകരിച്ച് കിട്ടിയ അവസരങ്ങളില്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു ഇതിന് അത്‌ലറ്റിക്കോയുടെ മറുതന്ത്രം. ഇങ്ങനെ തപ്പിത്തടഞ്ഞ് നീങ്ങുന്ന മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു എഴുപത്തിയേഴാം മിനിറ്റില്‍ ഡീഗോ കോസ്റ്റയുടെ ഗോള്‍.
മത്സരത്തില്‍ ഗോളിലേയ്ക്കുള്ള ആദ്യ ഷോട്ടായിരുന്നു ഇത്. കോര്‍ണറിനുശേഷം ഗ്രീസ്മാന്‍ കൊടുത്ത ക്രോസ് ബാക്ക് പോസ്റ്റില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കോസ്റ്റ ഏറെയൊന്നും ആയാസപ്പെടാതെയാണ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചത്.
ഗോള്‍ വഴങ്ങിയതിനുശേഷമാണ് ആര്‍തറിന് പകരം ബാഴ്‌സ ഡെംബെലെയെ ഇറക്കിയത്. അത്‌ലറ്റിക്കോ കോസ്റ്റയെ വലിച്ച് കൊറിയയെയും പരീക്ഷിച്ചു.
ബാഴ്‌സ വീണ്ടും വീണ്ടും ആക്രമിച്ചുകൊണ്ടിരുന്നെങ്കിലും മെസ്സിയുടെ മൂന്ന് ഷോട്ടെങ്കിലും അത്‌ലറ്റിക്കോയുടെ പ്രതിരോധത്തില്‍ ഇടിച്ചുമടങ്ങി. ഗ്രീസ്മാന്റെ ഒരവസരവും പാഴായി.
പാഴായ അവസരങ്ങള്‍ കൊണ്ട് മത്സരം കൈവിടുമെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു രക്ഷകനായി ഡെംബെലെ അവതരിച്ചത്. അഞ്ച് മിനിറ്റ് അധികസമയം അനുവദിച്ച മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റില്‍ മെസ്സി തള്ളിക്കൊടുത്ത പന്ത് ഒരു ഇടങ്കാല്‍ വെടിയുണ്ട കൊണ്ട് വലയിലെത്തിക്കുകയായിരുന്നു ഡെംബെലെ.
Content Highlights: Spanish La Liga Football FC Barcelona Athletico Madrid Leonal Messi Diego Costa Ousmane Dembele Goal