ദുബായ്: ആരാധിക്കുന്ന ഫുട്‌ബോള്‍ താരങ്ങളെ ഒന്ന് നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. ഒത്തുകിട്ടിയാല്‍ ഒരു സെല്‍ഫിയുമെടുക്കണമെന്നും ആഗ്രഹിക്കുന്നവര്‍. എന്നാല്‍ ഇഷ്ടതാരവുമായി അഭിമുഖം നടത്താന്‍ അവസരം കിട്ടിയാലോ? അങ്ങനെയൊരു സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് ആറു വയസ്സുകാന്‍ ഇസിന്‍ ഹാഷ്. ഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡിനേയും മുന്‍താരവും ഇപ്പോള്‍ ലിവര്‍പൂള്‍ ടീം അംബാസിഡറായ ഗാരി മക്കലിസ്റ്റനെയുമാണ് ആറു വയസ്സുകാരന്‍ നേരില്‍ കണ്ടതും സംസാരിച്ചതും.
ലിവര്‍പൂളിന്റെ ഫാന്‍സ് ക്ലബ്ബായ എല്‍.എഫ്.സി വേള്‍ഡിന്റെ പ്രചാരണാര്‍ഥം ദുബായില്‍ എത്തിയതായിരുന്നു താരങ്ങള്‍. ഈ അവസരത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അമ്പതോളം കുട്ടികള്‍ അപേക്ഷ നല്‍കിയെങ്കിലും മലപ്പുറത്തു നിന്നുള്ള ഇസിന്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അഹമ്മദ് എന്ന കഥാപാത്രമായി ഇസിന്‍ വരുന്ന അഭിമുഖത്തിന്റെ ടീസര്‍ ലിവര്‍പൂള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പത്ത് മിനിറ്റോളം നീണ്ടു നില്‍ക്കുന്ന, കളിയും ചിരിയും നിറഞ്ഞ അഭിമുഖത്തിന്റെ വീഡിയോ ഉടന്‍ പുറത്തിറങ്ങും.
ദുബായില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ഹാഷ് ജവാദിന്റെയും നസീഹയുടെയും മകനാണ് കെ.ജി വിദ്യാര്‍ഥിയായ ഐസിന്‍. പരസ്യങ്ങളില്‍ മോഡലായും ഇതിനകം ഐസിന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഐകിയ, ഡു മൊബൈല്‍, പീഡിയഷുവര്‍, ബേബി ഷോപ്പ്, കാപ്രിസണ്‍ ജ്യൂസ് തുടങ്ങിയ ഒരു ഡസനിലേറെ ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ ഐസിന്‍ അഭിനയിച്ചുകഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഷട്ടര്‍ സ്റ്റോക്കിനുവേണ്ടി ഇറ്റാലിയന്‍ ഫോട്ടോഗ്രാഫേഴ്സായ ഫാബിയോ, ക്രിസ്റ്റിയാനോ എന്നിവര്‍ 2018- ലെ മിഡില്‍ ഈസ്റ്റ് കിഡ് മോഡലായി തിരഞ്ഞെടുത്തതും ഐസിനെയാണ്. 3 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഐ. ഫോണിനുവേണ്ടി കരഞ്ഞ ഒരു വൈറല്‍ വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ ഐസിന്‍ ഹാഷ് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമാണ്.
#LFCWorld has arrived in Dubai... pic.twitter.com/uWX4rbAEgX
— Liverpool FC (@LFC) 11 May 2018
Content Highlights: Six Year Old Izin Hash interview with football legends Steven Gerrard