തിരുവനന്തപുരം: സാഫ് കപ്പിനായുള്ള കലാശക്കളിയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. മാലെദ്വീപിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് ഇന്ത്യ തുടര്‍ച്ചയായ ആറാം തവണയും ഫൈനല്‍ ബര്‍ത്ത് നേടിയപ്പോള്‍ ശ്രീലങ്കയെ 5-0 ത്തിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാന്‍ ഫൈനലിലെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യയും അഫ്ഗാനിസ്ഥാനും ഞായറാഴ്ച ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ കഴിഞ്ഞ തവണത്തെ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ആതിഥേയര്‍ക്ക് സുവര്‍ണാവസരമാണ്.
മാലെദ്വീപിനെതിരായ സെമിയില്‍ 25 ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. 34ാം മിനിറ്റില്‍ ജെജെ ലീഡുയര്‍ത്തി. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ അഹമ്മദ് നാഷിദാണ് ആദ്യ ഗോള്‍ മടക്കിയത്. 66ാം മിനിറ്റില്‍ ജെജെ മൂന്നാം ഗോള്‍ നേടി ഇന്ത്യയുടെ വിജയമുറപ്പിച്ചു. 75ാം മിനിറ്റില്‍ അംദാലി ഒരു ഗോള്‍ മടക്കി ഇന്ത്യയെ വിറപ്പിച്ചെങ്കിലും ഒപ്പമെത്താനായില്ല. തുടര്‍ന്നും നിരവധി അവസരങ്ങള്‍ പാഴാക്കിയാണ് ഇന്ത്യ ഫൈനലിലേക്കുള്ള കടമ്പ കടന്നത്.
മൊഹമ്മദ് ഹഷാമി(46), കനിഷ്‌ക താഹെര്‍(50), ഖൈബര്‍ അമാനി(55), അഹമ്മദ് ഹാതിഫി(78), ഫൈസല്‍ ഷായെസെ(89) എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ ഗോളുകള്‍ നേടിയത്.