കീവ്: സെനഗലിലെ തന്റെ ഗ്രമാത്തിലെ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുമ്പോള്‍ അണിയാനായി ലിവര്‍പൂള്‍ താരം സാദിയോ മാനെ 300 ജഴ്‌സികള്‍ അയച്ചുകൊടുത്തു.
തന്റെ ഗ്രാമമായ ബന്‍ബലിയിലേക്കാണ് മാനെ ചെമ്പടയുടെ ജേഴ്സി അയച്ചിരിക്കുന്നത്. 2005-ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളും എസിമിലാനും ഏറ്റുമുട്ടുമ്പോള്‍ 12 വയസുകാരനായ സാദിയോ മാനെ ബന്‍ബലിയിലെ ഗ്രാമവാസികള്‍ക്കൊപ്പമിരുന്ന് കളി കണ്ടതിന്റെ മാധുര്യമേറിയ സ്മരണയും ഈ ജഴ്‌സി കൊടുത്തയക്കിലിന്റെ പിന്നിലുണ്ട്.
ബന്‍ബലി ഗ്രാമത്തില്‍ തന്നെയാണ് ഇപ്പോഴും സാദിയോയുടെ കുടുംബം കഴിയുന്നത്. റയലിനെതിരായ ഫൈനലില്‍ ജയിച്ച് കിരീടം ചൂടുമെന്നും തന്റെ ജീവിതത്തിലെ അവിശ്വസനീയമായ ഒന്നായിരിക്കും അതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2005-ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളും എ സി മിലാനും വാശിയേറിയ പോരാട്ടം നടക്കുമ്പോള്‍ ഗ്രാമവാസികള്‍ക്കൊപ്പം ഞാനും കളി കണ്ടിരുന്നു. എന്നാല്‍ ആ സമയം ഞാന്‍ ലിവര്‍പൂളിനെ പിന്തുണച്ചിരുന്നില്ല. അന്ന് ഞാന്‍ ബാഴ്‌സിലോണയുടെ വലിയ ആരാധകനായിരുന്നുവെന്നും സാദിയോ പറഞ്ഞു.
ലിവര്‍പൂള്‍ ഫൈനലിലെത്തിയതില്‍ സാദിയോ മാനെയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഈ ചാമ്പ്യന്‍സ് ലീഗില്‍ ഒമ്പത് ഗോളാണ് മാനെ നേടിയത്.
Content Highlights: Sadio Mane sends 300 Liverpool jerseys to his village