ലണ്ടന്‍: ആരോണ്‍ ഹ്യൂസിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ചതില്‍ ഹ്യൂസിന്റെ പങ്ക് നിര്‍ണായകമായിരുന്നു. നാലാം സീസണില്‍ കേരള ടീമിനൊപ്പം ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്സിന് ഒരു സമ്മാനം നല്‍കിയിട്ടുണ്ട് ഹ്യൂസേട്ടന്. ആ സമ്മാനമാണ് പുതിയ പരിശീലകന് റെനെ മ്യൂലന്സ്റ്റീന്. ഹ്യൂസ് പറഞ്ഞ വാക്കുകളാണ് മ്യൂലന്‍സ്റ്റീനെ കേരളത്തിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരുടെ യു ട്യൂബ് ചാനലായ ഫുള്‍ ടൈം ഡെവിള്‍സിന് നല്കിയ അഭിമുഖത്തിലാണ് റെനെ ഇക്കാര്യം പറഞ്ഞത്. ഫുള്‍ഹാമിനായി റെനെയും മ്യൂലന്‍സ്റ്റീനും ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നത്തെ സൗഹൃദത്തിന്റെ പുറത്ത് ഹ്യൂസ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടത്തെ കുറിച്ച് മ്യൂലന്സ്റ്റീനോട് സൂചിപ്പിച്ചു.
'മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 75000 ആരാധകരും ഓള്‍ഡ് ട്രാഫോഡുമെല്ലാം നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടാവും. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത് അതിനേക്കാള്‍ പ്രത്യേകതയുള്ള ആരാധകരാണ്' ഇതായിരുന്നു ഹ്യൂസ് റെനിച്ചായനോട് പറഞ്ഞത്. വൈകാതെ ഹ്യൂസിന്റെ ഈ വാക്കുകളും മഞ്ഞപ്പടയുടെ ആരാധകരും മ്യൂലന്‍സ്റ്റീന്റെ ഹൃദയം കീഴടക്കി.
49 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖത്തില്‍ ഐ.എസ്.എല്ലിന്റെ പ്രതീക്ഷകളും നിലവിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനെക്കുറിച്ചുമെല്ലാം മ്യൂലന്സ്റ്റീന് പറയുന്നുണ്ട്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബെര്‍ബറ്റോവിനെ കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഉപയോഗപ്പെടുത്താമെന്നും മ്യൂലന്സ്റ്റീന് പറയുന്നു. ഏഴ് വിദേശ താരങ്ങളെ ടീമിലെത്തിച്ചത് സന്തുലിത്വം ഉദ്ദേശിച്ചാണെന്ന് വ്യക്തമാക്കിയ മ്യൂലന്സ്റ്റീന് പരിചയസമ്പത്തും യുവത്വവും കലര്‍ന്ന ടീമിനെയാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും വ്യക്തമാക്കി.